പി.ആര്. ശിവശങ്കര്‍
പെട്രോളിയം വിലവര്‍ധനവ് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്ന കാലഘട്ടമാണിത്; പ്രത്യേകിച്ച് മലയാളികള്‍. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനിയന്ത്രിതവും അമിതവുമായ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. ഇന്ധനവില വര്‍ധനവിനെ എതിര്‍ക്കുമ്പോള്‍ തന്നെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ആഴത്തില്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്.
വരുമാനച്ചോര്‍ച്ച
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മാത്രമല്ല ഒട്ടുമിക്ക അവശ്യവസ്തുക്കളുടെയും വിലവര്‍ധനവിനെ ആരും അംഗീകരിക്കില്ല, പക്ഷെ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകനും തൊഴിലാളിക്കും വരുമാനവും ശമ്പളവും വര്‍ധിക്കണം എന്നതില്‍ താത്വികമായി നമുക്ക് എതിരഭിപ്രായവുമില്ല. എല്ലാ ജനങ്ങള്‍ക്കും ക്രയവിക്രയശേഷിയും വരുമാനവും വര്‍ധിക്കണമെന്നതാണ് ഇതിനുള്ള ഏക പോംവഴി. വ്യക്തികളുടെ വരുമാനം വര്‍ധിക്കണമെങ്കില്‍ രാജ്യത്തിന്റെ സമ്പത്ത് നമ്മുടെ നാട്ടില്‍ത്തന്നെ ചംക്രമണം ചെയ്യണം. ഇതാണ് രാജ്യത്തിന്റെ ആദ്യകടമ്പ. ഏതാണ്ട് 7 .2 ലക്ഷം കോടിരൂപയാണ് ഇന്ത്യയുടെ പെട്രോളിയം ഇറക്കുമതി തുക. കേരളത്തിന്റെ ആകെ ബഡ്ജറ്റ് വരുമാനം വെറും ഒരു ലക്ഷം കോടി ആണെന്നുകൂടി ഓര്‍ക്കുക. ഈ വരുമാനച്ചോര്‍ച്ച തടയുവാന്‍ മാര്‍ഗം കാണേണ്ടത് രാജ്യസ്നേഹിയായ ഭരണാധികാരിയുടെ ചുമതലയാണ്.
ലഭ്യതയുടെ ഭാവി പെട്രോളിയം ഉല്പന്നങ്ങള് അഥവാ ഫോസില്‍ ഫ്യൂവല്‍ എത്രനാള്‍കൂടി അറബ് രാജ്യങ്ങളില്‍ സുലഭമായിരിക്കും? അറബ് നാട്ടില്‍ കിട്ടില്ലെങ്കില്‍ ചരക്കുകൂലി കൂടും, അതുകൊണ്ട് വിദൂര രാജ്യങ്ങളെ ആശ്രയിക്കുന്നത് ശുഭകരമല്ല. ഇന്ന് ധാരാളമായി കിട്ടുന്ന രാജ്യങ്ങളില്‍ പോലും അടുത്ത 50 വര്‍ഷത്തേക്ക് ലോകത്തെ ചലിപ്പിക്കുവാനുള്ള ഫോസില്‍ ഫ്യൂവല്‍ ഇല്ലെന്ന് വിദഗ്ധരും സമ്മതിക്കുന്നു. എന്നാല്‍ അടുത്ത വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജാവശ്യം പരിഗണിച്ചാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫോസില്‍ ഫ്യൂവല്‍ പോലും നമുക്കില്ല എന്നതാണ് സത്യം. ജീവിച്ചിരിക്കുന്നവര്‍ക്കായി അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം ചെയ്യുക, എന്നിട്ട് ഭാവിതലമുറയെ, ഇപ്പോള്‍ 20 വയസ്സുതികയാത്ത യുവാക്കള്‍ക്ക് പോലും അവരുടെ യൗവനം കഴിയുമ്പോഴേക്കും വൈദ്യുതിയും പെട്രോളും നല്കാനില്ലാതെ ഇരുണ്ടയുഗത്തിലേക്ക് തിരിച്ചയക്കണമെന്നാണോ നമ്മുടെ അഭിപ്രായം? ദീര്‍ഘദര്‍ശികളായ രാഷ്ട്രതന്ത്രജ്ഞന്മാര് അടുത്ത പല തലമുറകള്‍ക്കുകൂടി ഗുണപരവും ഉപകാരപ്രദവുമായിട്ടായിരിക്കും പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. അതുകൊണ്ട് ഫോസില്ഫ്യൂവല് എന്ന ഒറ്റ ഊര്‍ജ്ജത്തെ ആശ്രയിക്കാതെ പുനര്‍നിര്‍മ്മിക്കാവുന്ന, യഥേഷ്ടം ലഭ്യമാകുന്ന ഊര്‍ജസ്രോതസ്സുകളെ ആവുന്നത്ര ആശ്രയിക്കുക എന്നതാണ് ശാസ്ത്രീയമായ രാജ്യതന്ത്രജ്ഞത.
ഫോസില്‍ ഫ്യൂവലിന്റെ പാരിസ്ഥിക പ്രശ്നങ്ങള്‍
മനുഷ്യവാസമുള്ള ഏക ഗ്രഹമായ ഭൂമി ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന കാലമാണിത്. കാലാവസ്ഥാവ്യതിയാനം ഭൂമിയെ വാസയോഗ്യമല്ലാതാക്കി മാറ്റുവാന്‍ ഇനി അധികകാലം വേണ്ട. അത്ര രൂക്ഷമാണ് ദുരന്തങ്ങള്‍. അതിവര്‍ഷവും അതിശൈത്യവും അത്യുഷ്ണവും കൊടുങ്കാറ്റും പേമാരിയും ഉരുള്‍പൊട്ടലും കടലാക്രമണവും അടക്കം അനേകം പ്രകൃതിക്ഷോഭങ്ങള്‍ നമുക്കു നേരിടേണ്ടിവരുന്നു. അന്തരീക്ഷതാപനില 2 ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍ കൊച്ചിയുടെ പലഭാഗങ്ങളും കുട്ടനാടും കുമരകവും തൃശൂരിന്റെ ചിലഭാഗങ്ങളും വെള്ളത്തിനടിയിലാകും. കൂടാതെ അതിവര്‍ഷവും മേഘവിസ്ഫോടനവുമെല്ലാം സഹ്യനെയും അപകടകാരിയാക്കുന്നു.
ഭൂമിയിലെ അപകടകാരിയായ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ബഹിര്‍ഗമനത്തിന്റെ സ്രോതസ്സ് 89 ശതമാനവും ഫോസില്‍ ഫ്യൂവലുകള് തന്നെയാണെന്ന് അന്താരാഷ്ട്ര പഠനങ്ങളെല്ലാം അടിവരയിട്ടുപറയുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പഠനം വ്യക്തമാക്കുന്നത് ഇന്ത്യയിലെ മരണങ്ങളില്‍ 30 ശതമാനവും വായുമലിനീകരണം മൂലമാണെന്നാണ്. പ്രധാന നഗരങ്ങളിലെ വായുമലിനീകരണത്തില്‍ 90 ശതമാനവും വാഹനങ്ങളില്‍ നിന്ന് പുറംതള്ളുന്ന കാര്‍ബണ്‍ മോണോക്സൈഡും നൈട്രജന്‍ ഓക്സൈഡും ഓക്സൈഡ് ഓഫ് സള്‍ഫര്‍ എന്നിവയാണ് വില്ലന്മാര്. മറ്റൊരു പ്രധാന വായുമലിനീകരണ വ്യവസായം താപനിലയങ്ങളാണ്. അവിടെ കത്തിക്കുന്ന കല്‍ക്കരി മൂലമുള്ള മലിനീകരണ ശതമാനവും പല മേഖലയിലും 50 ശതമാനത്തിലും മേലെയാണ്. അതുകൊണ്ടു യാത്ര, ഗതാഗത, ചരക്കു ഗതാഗത മേഖലയിലും ഊര്ജ്ജോല്പാദന മേഖലയിലും പുനര്‍നിര്‍മ്മിക്കാനാവുന്ന ‘സീറോ ഫുട്പ്രിന്റ് കാര്‍ബണ്‍ ഒമിഷന്‍’ ഊര്‍ജ്ജം മനുഷ്യരാശിയും സര്‍വ്വജീവജാലങ്ങളും എത്രനാള്‍കൂടി ഉണ്ടാകണമെന്നതിന്റെ അളവുകോല്‍ കൂടിയാണ്.
പാരീസ് ഉച്ചകോടി: നിര്‍ദേശങ്ങളും ലക്ഷ്യങ്ങളും
ലോകത്തിലെ 196 രാജ്യങ്ങള്‍ അംഗീകരിച്ച പാരീസ് കരാര്‍ 2016 നവംബര്‍ നാല് മുതല്‍ നടപ്പാക്കുവാന്‍ എല്ലാ രാജ്യങ്ങളെയും പോലെ ഭാരതവും ബാധ്യസ്ഥമാണ്. പാരീസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം ഇവയാണ്.
1. ആഗോള താപനിലയുടെ വര്‍ധന രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍, കഴിയുമെങ്കില്‍ 1.5 ഡിഗ്രി സെല്‍ഷ്യസില്‍, താഴെയാക്കി നിര്‍ത്തുക.
2. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറത്തുവിടുന്ന കല്‍ക്കരി, പെട്രോള്‍, ഡീസല്‍, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതു ക്രമേണ നിര്‍ത്തുക
3. 2050 നും 2100 നും ഇടയില്‍ ഭൂമിയെ കാര്‍ബണ്‍ ന്യൂട്രലാക്കുക
4. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങള്‍ നേരിടുന്നതിന് കൂടുതല്‍ പണം ചെലവാക്കാന്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുക.
ഗ്ലാസ്ഗോ ഉച്ചകോടിയില്‍ എല്ലാ ലോകനേതാക്കളും ആവശ്യപ്പെട്ടതും പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധ സ്വരത്തില്‍ ഉന്നയിച്ചതും ഭൂമിയിലെ അന്തകവാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കണം എന്നാണ്. കാലാവസ്ഥാവ്യതിയാനംമൂലം ഭൂമിതന്നെ വാസയോഗ്യമല്ലാതാകും എന്നാണ് ഉയര്‍ന്ന അഭിപ്രായം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് പറഞ്ഞത് അര്ദ്ധരാത്രിയാകുവാന് ഇനി മിനിറ്റുകള്‍ മാത്രമെന്നാണ്. അത്ര അടിയന്തരമായി നടപ്പിലാക്കേണ്ടവയാണ് ഈ ഫോസില്‍ ഫ്യൂവല്‍ നിയന്ത്രണങ്ങള്‍ എന്നതാണ് ഇതിന്റെ അര്‍ത്ഥം.
ഭാരതത്തിന്റെ നടപടികളും ലക്ഷ്യങ്ങളും
പാരീസ് ഉടമ്പടി എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ് എന്ന് ഗ്ലാസ്ഗോ ഉച്ചകോടിയില്‍ നരേന്ദ്രമോദി ആവര്‍ത്തിച്ചതും അതിന് ആഗോളതലത്തില്‍ വലിയ സ്വീകാര്യത കിട്ടിയതും നാമോര്‍ക്കണം. ഇതിന്റെയെല്ലാം ഭാഗമായിട്ടാണ് 2030ല്‍ ഹരിത വാതക ബഹിര്‍ഗമനം 40 ശതമാനം വെട്ടികുറയ്ക്കുവാനും, ഫോസില്‍ ഫ്യൂവലില്നിന്നുമല്ലാത്ത ഊര്‍ജോത്പാദനം 40 ശതമാനം വര്‍ധിപ്പിക്കുവാനുമുള്ള പദ്ധതികള്‍ നമ്മള് നടപ്പിലാക്കിവരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കാലാവസ്ഥാവ്യതിയാനത്തിന് പരിഹാരമായി ‘പഞ്ചാമൃതം’ എന്ന പേരില്‍ അവതരിപ്പിച്ച പദ്ധതികള്‍ ഇവയാണ്.
1. ഇന്ത്യ 2030 ഓടുകൂടി ഫോസില്‍ ഉല്പന്നങ്ങളില്ലാതെ ഊര്ജോല്പാദനം 500 ഗിഗാവാട്ടില്‍ എത്തിക്കും.
2. 2030നകം ഊര്‍ജോത്പാദനത്തിന്റെ അന്‍പത് ശതമാനവും പുനര്നി
ര്മിക്കാവുന്ന ഊര്‍ജത്തില്‍ നിന്നുമാക്കും.
3. കാര്‍ബണ്‍ ഉദ്ഗമനം കുറച്ചുകൊണ്ടുവന്ന് ഒരു മില്യണ്‍ ടണ്‍ എന്ന നിരക്കില്‍ 2030 ഒാടുകൂടി എത്തിക്കും.
4. 2030ഓടെ സമ്പദ്വ്യവസ്ഥയുടെ കാര്‍ബണ്‍ തീവ്രത 45 ശതമാനത്തില്‍ താഴെയായി കുറയ്ക്കും.
5. 2070-ഓടെ ഇന്ത്യ നെറ്റ് സീറോ കാര്‍ബണ്‍ ഉദ്ഗമനം എന്ന ലക്ഷ്യം കൈവരിക്കും.
ഇത് ഭാരതത്തിന്റെ മാത്രം നേട്ടത്തിനല്ല, മറിച്ച് ഭൂമിയുടെ നിലനില്‍പ്പിന് കൂടിയാണ്. ഈ പ്രഖ്യാപനത്തോടെ ഭാരതം ലോകത്തിന്റെ ആശാകേന്ദ്രമായി മാറുകയാണ്. ലോകത്തെ കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ ശതമാനത്തില്‍ ഇന്ന് യുഎസിനും ചൈനയ്ക്കും പിന്നില്‍ മൂന്നാമതാണെങ്കിലും ജീവന്റെ നിലനില്‍പ്പിനായുള്ള പോ
രാട്ടത്തിലും മാനവരാശിക്ക് പ്രതീക്ഷ നല്കുന്ന നേതൃത്വമാണ് ആധുനിക ഭാരതത്തിനുള്ളത്.
ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ ഭാരതത്തിന്റെ യശസ്സ് വര്‍ധിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന അന്താരാഷ്ട്രസ്ഥാപനങ്ങള്‍ അവരുടെ ഉല്പാദനകേന്ദ്രങ്ങള് ഭാരതത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനും പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്. ഇത് ദീര്‍ഘകാലത്തേക്ക് ഭാരതത്തിനു വലിയ പ്രയോജനം ചെയ്യും, ഭാരതത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് ഇത് വലിയരീതിയില്‍ സഹായകരമാകും. ഇപ്പോള്‍ തന്നെ ലോകത്തിലെ വാഹന നിര്‍മ്മാണ രംഗത്തെ അതികായന്മാരായ ബെന്‍സും വോള്‍വോയും ഫോര്‍ഡും ടാറ്റ മോട്ടോഴ്സിന്റെ ലാന്‍ഡ് റോവറും ജഗ്വാറും ജനറല്‍ മോട്ടോഴ്സും അടക്കം പല കമ്പനികളും 2040 -ഓടെ ഫോസില്‍ ഇന്ധനവാഹന ഉത്പാദനം പൂര്‍ണമായി നിര്ത്തുമെന്നറിയിച്ചുകഴിഞ്ഞു. ഇതെല്ലാം ലോക വാഹനവിപണിയില്‍ കുറച്ചു വര്‍ഷങ്ങള്‍കൊണ്ട് സംഭവിക്കുവാന്‍പോകുന്ന മാറ്റങ്ങളുടെ ആദ്യതരംഗങ്ങളാണ്. അത് മനസ്സിലാക്കി രാജ്യത്തിന്റെ ആഭ്യന്തര വിപണിയെ ആ ആഘാതം മറികടക്കാന്‍ തയ്യാറാക്കുക എന്നതായിരിക്കണം ഏതൊരു ഭരണകര്‍ത്താവിന്റെയും പ്രഥമ പരിഗണന. അതാണ് നരേന്ദ്രമോദി നടപ്പാക്കുന്നതും.
(ബിജെപി സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: