ജയ്പൂര്‍: പരിശീലകനായി രാഹുല്‍ ദ്രാവിഡും ട്വന്റി20യിലെ നായകനായി രോഹിത് ശര്‍മ്മയും ചുമതലയേറ്റ ശേഷമുള്ള ആദ്യ പരമ്പരയ്ക്ക് ഇന്ന് തുടക്കം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ജയ്പൂരില്‍ തുടങ്ങും. ലോകകപ്പിലെ തിരിച്ചടിക്ക് ശേഷം പുത്തന്‍ തുടക്കത്തിനായാണ് ഇന്ത്യ കാത്തിരിക്കുന്നത്.
പ്രതിസന്ധികളില്‍ എന്നും ഇന്ത്യയെ പിടിച്ചുനിര്‍ത്തിയ താരമാണ് രാഹുല്‍ ദ്രാവിഡ്. തോല്‍വികള്‍ സമനിലയാക്കിയും സമനിലകള്‍ വിജയമാക്കിയും ഇന്ത്യയുടെ വന്മതിലായി. പ്രതിസന്ധി നിറഞ്ഞ ഈ സമയത്തും പുത്തന്‍ റോളില്‍ തണലാവുകയാണ് ദ്രാവിഡിന്റെ ദൗത്യം. ട്വന്റി20യില്‍ വിരാട് കോഹ്ലി നായക സ്ഥാനം ഉപേക്ഷിച്ചതോടെ രോഹിത് നായകനായി ഇന്ന് കളി തുടങ്ങും. അടുത്ത ലോകകപ്പാണ് ദ്രാവിഡിന്റെ ലക്ഷ്യം. അതിനായി ന്യൂസിലന്‍ഡ് പര്യടനം മുതല്‍ പുത്തന്‍ ടീമിനെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുമെന്നുറപ്പ്. പ്രധാന താരങ്ങളില്‍ പലരും വിട്ടു നില്ക്കുന്നതിനാല് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും.
ഐപിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങളാണ് ടീമിലുള്ളത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ടീമിലെത്തിയ വെങ്കിടേഷ് അയ്യര്‍ ആദ്യ മത്സരത്തില്‍ തന്നെ കളിക്കാനാണ് സാധ്യത. മധ്യനിരയിലാകും താരത്തിന്റെ സ്ഥാനം. മികവ് തെളിയിച്ചാല്‍ അടുത്ത പരമ്പരകളിലും ലോകകപ്പിലും ഇന്ത്യന്‍ കുപ്പായം അണിയാം. ഋതുരാജ് ഗെയ്ക്വാദ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ഇന്ത്യന്‍ ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ്, ആവേശ് ഖാന് എന്നീ താരങ്ങളെ ടീമിലുള്‍പ്പെടുത്തിയേക്കും. ലോകകപ്പില്‍ ഫോമിലല്ലാതിരുന്ന ഭുവനേശ്വര്‍ കുമാര്‍ ഇത്തവണ ഫോം തെളിയിക്കേണ്ടതുണ്ട്.
ഓപ്പണര്‍മാരുടെ ധാരാളിത്തമാണ് ഇന്ത്യന്‍ ടീമില്‍. മധ്യനിരയെ ശക്തിപ്പെടുത്താന്‍ താരങ്ങളില്ല. നായകന് രോഹിത് ശര്‍മ്മക്കൊപ്പം കെ.എല്‍. രാഹുല്‍ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഇഷാന് കിഷന് മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാമതായും കളിക്കും. ഋഷഭ് പന്ത് വിക്കറ്റ് കീപ്പറാകും. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ അക്സര്‍ പട്ടേല്‍ കളിക്കും. സ്പിന്നറായി രവിചന്ദ്ര അശ്വിന് തുടരാനാണ് സാധ്യത.
മറുവശത്ത് നായകന് കെയ്ന്‍ വില്യംസണിന്റെ അഭാവത്തിലാണ് ന്യൂസിലന്‍ഡ് ട്വന്റി20 കളിക്കുന്നത്. ബൗളര്‍ ടിം സൗത്തി നായകനാകും. മാര്ട്ടിന് ഗുപ്റ്റില്‍ ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ ടീമിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: