ഇന്ത്യയിലെ എംപരിവാഹന്‍, ഡിജി ലോക്കര്‍ സംവിധാനങ്ങള്‍ പോലെ അമേരിക്കയിലും തിരിച്ചറിയല്‍ രേഖകളും ഡ്രൈവിംഗ് ലൈസന്‍സും ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ വാലറ്റ് അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ആപ്പിളിന്റെ ഈ ഡിജിറ്റല്‍ ഐഡി പ്രോഗ്രാമിന് വേണ്ട ചെലവുകള്‍ ഭാഗികമായി സ്റ്റേറ്റ് ഭരണകൂടങ്ങളും നികുതിദായകരായ ജനങ്ങളും വഹിക്കേണ്ടിവരും. ഈ പദ്ധതിയ്ക്കായി ജോര്‍ജിയ, അരിസോണ, ഒക്ലഹോമ, കെന്റക്കി തുടങ്ങിയ സ്റ്റേറ്റുകള്‍ ആപ്പിളുമായി കരാറൊപ്പിട്ടിട്ടുണ്ട്.
സ്റ്റേറ്റുകള്‍ ചെലവ് വഹിക്കുന്നുണ്ടെങ്കില്‍ പോലും ഈ ഡിജിറ്റല്‍ വാലറ്റിന്റെ നിയന്ത്രണം ആപ്പിളിന്റെ കൈയ്യിലായിരിക്കും. ഫണ്ടിങ്, പ്രൊജക്ട് മാനേജ്മെന്റ്, സ്റ്റാഫ് എന്നിവയ്ക്കായി സ്റ്റേറ്റുകള്‍ മതിയായ വിഭവങ്ങള്‍ നീക്കി വെക്കണമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഡിജിറ്റല്‍ ഐഡികള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്റേയും ഫെഡറല്‍, സ്റ്റേറ്റ് ഭരണകൂട അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കേണ്ടതിന്റെയും ചുമതല സ്റ്റേറ്റുകള്‍ക്കാണ്.
ഇതിന്റെ ഐഡന്റിറ്റി വെരിഫിക്കേഷന് ഉത്തരവാദിത്വവും സ്റ്റേറ്റുകള്‍ക്കാണ്. വെരിഫിക്കേഷന് സംവിധാനത്തില്‍ എന്തെങ്കിലും പിഴവുണ്ടായാല്‍ ആപ്പിളിന് അതില്‍ ഉത്തരവാദിത്വമുണ്ടാവില്ല. ഐഫോണ്‍ ഉപഭോക്താക്കളല്ലാത്ത ജനങ്ങളും നല്കുന്ന നികുതിയില്‍ നിന്നാവും ഇതിനുള്ള ചെലവുകള്‍ വഹിക്കുന്നത്.
ആപ്പിളിന്റെ ഈ ഡിജിറ്റല്‍ ഐഡി സംവിധാനത്തെ കുറിച്ച് നിരവധി ആശങ്കകള്‍ ഉയരുന്നുണ്ട്. മുഖ്യമായും ജനങ്ങള്‍ അവരുടെ പ്രധാന തിരിച്ചറിയല്‍ രേഖകളെല്ലാം ഐഫോണിലേക്ക് മാറ്റേണ്ടിവരും. എല്ലാ തിരിച്ചറിയല്‍ രേഖകളും ഒരു ഉപകരണത്തിലേക്കെത്തുന്നത് വഴി ജനങ്ങള്‍ നിരീക്ഷിക്കപ്പെടുമെന്ന ഭയവുമുണ്ട്.
വിമാനത്താവളങ്ങള്‍, കായിക സ്റ്റേഡിയങ്ങള്‍ പോലുള്ള സ്ഥലങ്ങളിലേക്ക് അതിവേഗം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഉപഭോക്താക്കളുടെ തങ്ങളുടെ വിവരങ്ങള്‍ വില്‍ക്കുകയില്ലെന്ന് ക്ലിയര്‍ വ്യക്തമാക്കുന്നുണ്ട്. ആപ്പിള്‍ തങ്ങളുടെ ഡിജിറ്റല്‍ ഐഡി പ്രോഗ്രാമിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ‘ക്ലിയര്‍’ എന്ന മറ്റൊരു ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ഇതിനകം ചെയ്യുന്നുണ്ട്. ഈ ഡാറ്റ ആപ്പിള്‍ എങ്ങനെയാണ് പ്രയോജനപ്പെടുത്താന്‍ പോവുന്നത് എന്നതില്‍ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: