പാലക്കാട്: കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയപാതക്ക് അരികിലാണ് വടിവാളുകൾ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. എലപ്പുളളിയിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം എസ്ഡിപിഐ തീവ്രവാദികൾ രക്ഷപെട്ട പാതയോരത്താണ് ആയുധങ്ങൾ കണ്ടെത്തിയത്.
ആയുധങ്ങൾ പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. നാല് വടിവാളുകളാണ് ചാക്കിൽക്കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവയിൽ രണ്ട് വടിവാളുകളിൽ തുരുമ്പ് പിടിച്ചതായി കാണുന്നുണ്ട്. സഞ്ജിത് കൊല്ലപ്പെട്ട് 24 മണിക്കൂറിന് ശേഷവും കൊലപാതകികളെ പിടിക്കാനോ തെളിവുകൾ കണ്ടെത്താനോ സാധിക്കാത്ത പോലീസിനെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. കൊലപാതകവുമായി ഈ ആയുധങ്ങൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ ഷിജു എബ്രഹാമിന്റെ നേതൃത്വത്തിൽ തന്നെയാണ് ആയുധങ്ങളെക്കുറിച്ചുള്ള അന്വേഷണവും നടത്തുന്നത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാർ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ കാർ കണ്ടെത്താൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികൾ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.
അതേസമയം സഞ്ജിത്തിനെ ആക്രമിച്ച പ്രതികളെ കണ്ടാൽ അറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിക മാധ്യമങ്ങളോട് പ്രതികരിച്ചു. മമ്പ്രത്തെ വീട്ടിൽ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ആക്രമിക്കപ്പെട്ടെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ അർഷിക പറഞ്ഞു. നേരത്തെ സഞ്ജിത്തിന് ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് ആക്രമിച്ചതെന്നും അവർ പറഞ്ഞു.
മമ്പറത്ത് തിങ്കളാഴ്ച രാവിലെയാണ് ആര്.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. ശരീരത്തില്‍ 15 വെട്ടുകളേറ്റ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: