തിരുവനന്തപുരം: പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ പരിശീലനം ലഭിച്ച തീവ്രവാദികളാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് കേസ് എന്‍ഐഎക്ക് കൈമാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങളില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടി അദ്ദേഹത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. 10 ദിവസത്തിനിടെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് എസ്ഡിപിഐ തീവ്രവാദികള്‍ കൊല ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിട്ടില്ല. കേരളത്തെ കലാപഭൂമിയാക്കാനുള്ള എസ്ഡിപിഐയുടെ ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ അവര്‍ പ്രതികളായ കേസുകള്‍ എന്‍ഐഎക്ക് കൈമാറണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കേരളത്തിലെ സാഹചര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ബോധിപ്പിക്കാന്‍ അദ്ദേഹത്തെ കാണുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
സഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതികള്‍ പരിശീലനം ലഭിച്ചവരാണെന്ന് വ്യക്തമായിട്ടുണ്ട്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നു. 2020 മുതല്‍ സഞ്ജിത്തിനെ വധിക്കാനുള്ള നീക്കം എസ്ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും പൊലീസ് ഒരു നടപടിയുമെടുത്തില്ല. ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐയുടെ പേര് പറയാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല. സംസ്ഥാനത്തെ പൊലീസ് പക്ഷപാതിത്വപരമായാണ് പെരുമാറുന്നത്. ബാംഗ്ലൂരിലും മറ്റും നടന്ന കൊലപാതകങ്ങള്‍ക്ക് സമാനമായ രീതിയിലാണ് പാലക്കാട്ടെയും കൊലപാതകം. എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ഉള്‍പ്പെടെ 10 കൊലപാതകങ്ങള്‍ സമീപകാലത്ത് എസ്ഡിപിഐ നടത്തിയിട്ടും ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. മുഖ്യമന്ത്രി രാഷ്‌ട്രീയമായി എസ്ഡിപിഐയെ സഹായിക്കുകയാണ്. കൊലപാതകം നടന്നതിന് തൊട്ടടുത്ത സ്ഥലമായ ഷൊര്‍ണ്ണൂര്‍ നഗരസഭയില്‍ എസ്ഡിപിഐ പിന്തുണയ്‌ക്കുന്നത് സിപിഎമ്മിനെയാണ്. സംഭവത്തില്‍ ഇടപെടാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡന്റ് സി.ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്‍,എസ്.സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: