ന്യൂദല്‍ഹി: വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) എന്ന സംഘടയുടെ വിലക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്രം. 1967 ലെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവെന്‍ഷന്‍) നിയമം, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം 2016 നവംബര്‍ 17നാണ് ഐആര്‍എഫിന് കേന്ദ്രം വിലക്ക് പ്രഖ്യാപിച്ചത്. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളിയാവുന്ന തരത്തിലും രാഷ്ട്രത്തിന്റെ മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുന്ന രീതിയിലും ഈ സംഘടന പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര ആഭ്യന്തമന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പ്രവര്‍ത്തനത്തിലും സംഘടന ഏര്‍പ്പെടുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മതത്തിന്റെ പശ്ചാത്തലത്തില്‍ വിദ്വേഷം, സ്പര്‍ധ എന്നിവ വിതയ്ക്കാനുള്ള ശ്രമമാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും അതിലെ അനുയായികളും സക്കീര്‍ നായിക്കിന്റെ നേതൃത്വത്തില്‍ നടത്തി വന്നത്. വിവിധ മതവിഭാഗങ്ങളില്‍ ഉണ്ടാക്കപ്പെടുന്ന ഈ സ്പര്‍ധ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളെല്ലാം തന്നെ വിദ്വേഷവും വര്‍ഗ്ഗീയതയും നിറഞ്ഞതാണ്. ഇയാളുടെ പ്രസംഗങ്ങളും പ്രസ്താവനകളും ഇന്ത്യയിലും വിദേശത്തുമുള്ള ഒരു പ്രത്യേക മതത്തില്‍പ്പെട്ട യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷന്‍, അച്ചടി മാധ്യമങ്ങളിലൂടെയും നായിക്ക് നടത്തിയിട്ടുള്ള വിദ്വേഷപ്രചാരണം തീവ്രവാദ പ്രചാരണത്തിന് കാരണമായിട്ടുണ്ട്. നിയമവിരുദ്ധമായ ഈ സംഘടനയുടെ പ്രവര്‍ത്തനം ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍ ഇപ്പോള്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വീണ്ടും സജീവമാകാനുള്ള അവസരമായി മാറുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.
പീസ് ടിവി, പീസ് ടിവി ഉര്‍ദു എന്നിങ്ങനെ രണ്ട് ടെലിവിഷന്‍ ചാനലുകള്‍ നായിക് നടത്തിയിരുന്നു. ഈ ചാനലുകള്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, കാനഡ, യുകെ എന്നിവയുള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതാണ്. ഐആര്‍എഫിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് സക്കീര്‍ നായിക്ക് മലേഷ്യയിലേക്ക് കടന്നിരുന്നു.
രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്ഐഎസ്) ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഭൂരിഭാഗം പേരും മതപ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ ആകൃഷ്ടരായി തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് എത്തിയവരാണെന്ന് എന്‍ഐഎ ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍ നേരത്തെ വിശദമാക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്ന് 33 പേരും ഉത്തര്‍ പ്രദേശില്‍ നിന്ന് 19 പേരും കേരളത്തില്‍ നിന്ന് 17 പേരും തെലങ്കാനയില്‍ നിന്ന് 14 പേരും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎയുടെ പിടിയിലായിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: