ആഗോളതലത്തില്‍ പ്രശംസിക്കപ്പെട്ട ഭാരതത്തിന്റെ കൊവിഡ് പ്രതിരോധത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്കാരം നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത് സ്വാഭാവികമാണ്. കൊവിഡിനെ നേരിടാനുള്ള ആഗോള ഉച്ചകോടിയില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് കാവി ധരിച്ച പശു പങ്കെടുക്കുന്നതായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ രാജ്യത്തെ അപമാനിക്കാന്‍ കരുതിക്കൂട്ടി വരച്ചതാണ്. കാര്‍ട്ടൂണിസ്റ്റിന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം രചനകളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി പൗരബോധമുള്ള ആര്‍ക്കും കാണാനാവില്ല. രാഷ്ട്രീയ വിമര്‍ശനവും രാജ്യത്തെ അവഹേളിക്കുന്നതും രണ്ടാണ്. കലാകാരന്മാര്ക്കും അറിയാത്തതല്ല ഇത്. ഇതിനു മുന്‍പ് ചിലര്‍ വരച്ച ഇത്തരം കാര്ട്ടൂണുകള് അത് പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്ക് പിന്‍വലിക്കേണ്ടി വരികയും, കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് മാപ്പു പറയുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെയിരിക്കെ കൊവിഡ് പ്രതിരോധത്തില്‍ കൈവരിച്ച മഹത്തായ നേട്ടത്തെ പരിഹസിച്ച് പ്രത്യക്ഷത്തില്‍ തന്നെ രാജ്യത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്കാരം നല്കാന് തീരുമാനിച്ച ലളിതകലാ അക്കാദമിയുടെ നടപടി അത്യന്തം പ്രകോപനപരമാണ്. സാധ്യമായ നിലയിലെല്ലാം പ്രതിഷേധമുയരണം. വിവാദഗ്രസ്തമായ കാര്‍ട്ടൂണ്‍ പുരസ്കാരം നല്കാന് തെരഞ്ഞെടുത്ത ശേഷം അക്കാര്യം അക്കാദമി ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്നതുതന്നെ തങ്ങളുടെ തീരുമാനം തെറ്റാണെന്ന് ബോധ്യമുള്ളതുകൊണ്ടാവാം.
കാര്‍ട്ടൂണ്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട കാര്യം കാര്‍ട്ടൂണിസ്റ്റു തന്നെയാണ് പുറത്തുവിട്ടത്. ഇതില്‍ അസ്വാഭാവികതയുണ്ട്. സംഭവം വിവാദമായതോടെ ഉത്തരവാദിത്തം കയ്യൊഴിയുകയാണ് അക്കാദമിയെ നയിക്കുന്നവര്‍ ചെയ്തത്. പ്രമുഖ കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചതെന്നും, ഈ തീരുമാനത്തിലിടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അക്കാദമി ചെയര്മാന് നേമം പുഷ്പരാജും സെക്രട്ടറി പി.വി. ബാലനും പറഞ്ഞത്. ഈ വാദം വിലപ്പോവില്ല. വെറും ഒഴികഴിവാണ്. ജൂറിയില്‍ ഇവര്‍ രണ്ടുപേരും അംഗങ്ങളായിരുന്നുവെന്നതാണ് വിചിത്രം. ലളിതകലാ അക്കാദമി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. നികുതിപ്പണം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതും. അവാര്‍ഡ് തുകയും നികുതിപ്പണത്തില്‍ നിന്നാണ്. അതുകൊണ്ട് തോന്നുംപോലെ പ്രവര്‍ത്തിക്കാനാവില്ല. കഴിഞ്ഞവര്‍ഷം പുരസ്കാരത്തിന് തെരഞ്ഞെടുത്ത കാര്‍ട്ടൂണും വിവാദത്തില്‍പ്പെടുകയുണ്ടായി. സ്വന്തം സഭയില്‍പ്പെട്ട ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിയായ ജലന്തര്‍ ബിഷപ്പിനെ കഥാപാത്രമാക്കിയുള്ളതായിരുന്നു കാര്‍ട്ടൂണ്‍. ഇതിനെതിരെ ഒരു വിഭാഗമാളുകള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അന്നത്തെ സാംസ്കാരിക മന്ത്രിതന്നെ രംഗത്തുവരികയും, പുരസ്കാരം തടഞ്ഞുവയ്ക്കുകയുമുണ്ടായി. എന്നാല്‍ രാജ്യത്തെ പരസ്യമായി അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്കാരം നല്‍കിയതിനോട് പ്രതികരിക്കാന്‍ പോലും ഇപ്പോഴത്തെ സാംസ്കാരിക മന്ത്രിയോ സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമോ തയ്യാറാവാത്തത് നഗ്നമായ ഇരട്ടത്താപ്പാണ്.
ആഗോളതലത്തില്‍ പ്രശംസ പിടിച്ചുപറ്റിയതാണ് ഭാരതത്തിന്റെ കൊവിഡ് വാക്സിനേഷന്. രാജ്യത്ത് നൂറുകോടി പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ കഴിഞ്ഞത് ലോകം അദ്ഭുതത്തോടെയാണ് കണ്ടത്. ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും വിവിധ രാഷ്ട്രത്തലവന്മാരും ഈ നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയുണ്ടായി. മാര്‍പ്പാപ്പയും ഇതില്‍പ്പെടുന്നു. എന്നാല്‍ ഇത് ജനങ്ങള്‍ കൈവരിച്ച നേട്ടമെന്നാണ് മോദി പ്രതികരിച്ചത്. ലോകത്തുവച്ചുതന്നെ ഏറ്റവും വലിയ ഈ പ്രതിരോധ കുത്തിവയ്പ്പ് രാജ്യത്തിന് അഭിമാനകരമാണ്. ഇതിനെ അപഹസിക്കുന്നത് രാജ്യതാല്പര്യത്തിനെതിരാണ്. ഇത്തരം കാര്ട്ടൂണുകള് വരയ്ക്കുന്നത് പതിവാക്കിയിട്ടുള്ളയാളാണ് ഈ കാര്‍ട്ടൂണിസ്റ്റ്. അതിന് പുരസ്കാരം നല്കി ആദരിക്കാന്‍ ലളിതകലാ അക്കാദമി എടുത്ത താല്പര്യം ദുരുപദിഷ്ടമാണ്. സര്‍ക്കാരിന്റെയും സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിന്റെയും മനോഭാവം തന്നെയാണ് ഇതില്‍ പ്രതിഫലിക്കുന്നത്. നൂറുകോടി പേര് വാക്സിനെടുത്തത് രാജ്യം മുഴുവന്‍ ആഘോഷിച്ചപ്പോള്‍ അത് ജനങ്ങളില്‍ നിന്ന് മറച്ചുപി
ടിക്കാനാവുമോയെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനി ശ്രമിച്ചത്. രാഷ്ട്രീയത്തിനതീതമായി രാജ്യം കൈവരിച്ച ഒരു നേട്ടത്തെ അംഗീകരിക്കാന്‍ മടിക്കുന്നവരുടെ കൂറ് സംശയിക്കപ്പെടണം. ഭരണസംവിധാനത്തിന്റെ തണല്‍ ഇത്തരക്കാര്‍ക്ക് ലഭിക്കുന്നത് ഗുരുതരമായ ഒരു പ്രശ്നമാണ്. സര്‍ക്കാരിന് ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍ ഈ അവാര്‍ഡ് റദ്ദാക്കണം. കാര്‍ട്ടൂണ്‍ പിന്‍വലിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: