ന്യൂദല്‍ഹി: സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം നടത്തരുതെന്ന നിബന്ധന നീക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. അവയവദാനത്തിന് സാധ്യകള്‍ വര്‍ധിപ്പിക്കാനായാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള കീഴ്‌വഴക്കങ്ങള്‍ക്ക് മാറ്റംവരുത്തിയിരിക്കുന്നത്.
സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റുമോര്‍ട്ടം പാടില്ലെന്ന ബ്രിട്ടിഷ് കാലത്തെ നിയമത്തിനാണ് ഇതോടെ അവസാനമായതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യ വ്യക്തമാക്കി. വെളിച്ചത്തിന്റെ ലഭ്യതക്കുറവ് കാരണം തെളിവുകള്‍ നശിപ്പിക്കപ്പെടാം എന്നകാരണത്താലാണ് രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നത് അനുവദിക്കാത്തത്. എന്നാല്‍ അതിനൂതന സംവിധാനങ്ങുടെ കാലത്ത് ഇത്തരത്തിലുള്ള അട്ടിമറികള്‍ നടക്കാന്‍ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
മതിയായ സംവിധാനങ്ങളുള്ള ആശുപത്രികളില്‍ മാത്രമേ രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പാടുള്ളു. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും പുതുക്കിയ മാനദണ്ഡത്തില്‍ പറയുന്നു.
മാറിയകാലത്തിന് അനുസരിച്ച് പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയത്തിന് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് നടപടി. തീരുമാനം വിപ്ലവകരമായ മാറ്റമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: