ന്യൂദല്‍ഹി: എന്‍സിപി നേതാവ് ശരത് പവാറിന്റെ വിശ്വസ്ത അനുയായിയായ മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനോട് ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയാന്‍ പ്രത്യേക പിഎംഎല്‍എ കോടതി. കോടതി അദ്ദേഹത്തെ രണ്ടാഴ്ച കൂടി കസ്റ്റഡിയില്‍ വിടാന്‍ തീരുമാനിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാലാവധി തിങ്കളാഴ്ച അവസാനിക്കുമ്പോഴാണ് വീണ്ടും രണ്ടാഴ്ച കൂടി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിച്ചത്.
ദേശ്മുഖിനെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാനും പ്രത്യേക കിടക്കയും നല്‍കാനും മരുന്നുകള്‍ നല്‍കാനും അദ്ദേഹത്തിന്റെ അഭിഭാഷകന് കോടതിയില്‍ അഭ്യര്‍ത്ഥിച്ചപ്പോഴാണ് ജയില്‍ ഭക്ഷണത്തിന്റെ രുചിയറിയട്ടെ എന്ന് കോടതി നിര്‍ദേശിച്ചത്. ഇനി ജയില്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്.
കേസില്‍ നേരിട്ട് ഹാജരാകാനുള്ള ഇഡിയുടെ നോട്ടീസില്‍ നിന്നും അഞ്ച് തവണ ഒഴിഞ്ഞുമാറിയ ദേശ്മുഖ് ഒടുവില്‍ നവമ്പര്‍ ഒന്നിനാണ് ഹാജരായത്. അന്ന് 12 മണിക്കൂര്‍ നേരം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. അദ്യം നവമ്പര്‍ ആറ് വരെ ഇഡി കസ്റ്റഡിയിലായിരുന്നു. പിന്നീട് ഇഡി കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് ബോംബെ ഹൈക്കോടതി ഇദ്ദേഹത്തെ നവമ്പര്‍ 12 വരെ ഇഡി കസ്റ്റഡിയില്‍ വിടാന്‍ നിര്‍ദേശിച്ചു. പിന്നീട് ഇഡി റിമാന്റ് പിഎംഎല്‍എ കോടതി തിങ്കളാഴ്ച വരെ നീട്ടി. തിങ്കളാഴ്ച വീണ്ടും വാദം കേട്ട കോടതി രണ്ടാഴ്ചത്തെ ജയില്‍വാസം വിധിച്ചത്. ഇദ്ദേഹത്തിന്റെ പ്രായവും മെഡിക്കല്‍ സ്ഥിതിയും പരിഗണിച്ച് ജയിലില്‍ പ്രത്യേകം കിടക്ക അനുവദിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖ് ബാര്‍ ഉടമകളില്‍ നിന്ന് നാല് കോടി രൂപ കൈപ്പറ്റിയെന്ന് ഇഡിയും സിബിഐയും കണ്ടെത്തിയിരുന്നു. വിവിധ ഡമ്മി കമ്പനികളുടെ പേരില്‍ സംഭാവനയായാണ് പണം കൈപ്പറ്റിയതെന്നും അത് വിവിധ കുടുംബ ട്രസ്റ്റുകളിലേക്ക് മാറ്റിയെന്നുമാണ് കണ്ടെത്തല്‍. നാഗ്പൂരിലെ ദേശ്മുഖിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീസായ് ശിക്ഷന്‍ സന്‍സ്തയെന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് 4.18 കോടി രൂപ കൈമാറിയതിന്റെ രേഖകളും ഇഡി കണ്ടെത്തിയിരുന്നു.
ദല്‍ഹി മേല്‍വിലാസത്തിലുള്ള കടലാസ് കമ്പനികളില്‍ നിന്നാണ് അനില്‍ ദേശ്മുഖ് പണം കൈപ്പറ്റിയിരിക്കുന്നത്. ദേശ്മുഖ് കുടുംബത്തിന്റെ പേരില്‍ ഇതുപോലെ നിരവധി കടലാസ് കമ്പനികളുള്ളതായും ഇഡി കണ്ടെത്തിയിരുന്നു.
അനില്‍ ദേശ്മുഖിനെതിരെ മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഉന്നയിച്ച പരാതിയോടെയാണ് മന്ത്രിയുടെ കഷ്ടകാലം ആരംഭിച്ചത്. മഹാരാഷ്ട്രയിലെ 1750ഓളം വരുന്ന ബാറുകള്‍, പബ്ബുകള്‍, ഡാന്‍സ് ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ബലംപ്രയോഗിച്ച് മാസം തോറും 100 കോടി രൂപ വീതം പിരിക്കാന്‍ ആരോഗ്യമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായി പരംബീര്‍സിംഗ് വെളിപ്പെടുത്തിയതോടെയാണ് അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നു. മാത്രമല്ല, അനില്‍ ദേശ്മുഖിനെതിരായ ഈ ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പരംബീര്‍ സിംഗിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത് ഉദ്ധവ് താക്കറെ സര്‍ക്കാരിന് മുഖത്തേറ്റ അടിയായിരുന്നു. ഒപ്പം അംബാനിയുടെ വീട്ടില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച സച്ചിന് വാസെ എന്ന ഇപ്പോള്‍ സസ്പെന്റ് ചെയ്യപ്പെട്ട ക്രൈംബ്രാഞ്ച് എഎസ് ഐ എന്‍ ഐഎ പിടികൂടിയതും ഉദ്ധവ് താക്കറെ- ശരത്പവാര്‍ കൂട്ടുകെട്ടിന് വെല്ലുവിളിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: