തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത മനോജ് ചരളേല്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ ജാതി അധിക്ഷേപം നടത്തി പാര്‍ട്ടി നടപടി നേരിട്ടയാള്‍. ഇക്കാരണത്താല്‍ സിപിഐ പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മനോജ് ചരളേലിനെ 2017ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഈ വ്യക്തിയെ തന്നെയാണ് സിപിഐക്ക് ലഭിച്ചിരിക്കുന്ന ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ സീറ്റില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
2017 ജനുവരിയില്‍ പ്രതിശ്രുത വധുവായ യുവതിയുമായി മനോജ് നടത്തിയ ഫോണ്‍ സംഭാഷണത്തിനെയാണ് അന്ന് എംഎല്‍എ ആയിരുന്ന ചിറ്റയം ഗോപകുമാറിനെതിരെ മനോജ് ചരളേല്‍ ജാതി പരമായി അതിക്ഷേപിച്ചത്. ‘ആ പന്നപ്പുലയനെ കണ്ടാല്‍ അന്ന് വെള്ളം കുടിക്കില്ല’ എന്നായിരുന്നു പരാമര്‍ശം. മനോജും യുവതിയുമായുള്ള സംഭാഷണം വാട്ട്സ് ആപ്പില്‍ പ്രചരിക്കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകനു ചേര്‍ന്ന പരാമര്‍ശമല്ല മനോജിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അന്ന് സിപിഐ പത്തനംതിട്ട ജില്ലാ കമ്മറ്റി വിലയിരുത്തി. സംഭവത്തില്‍ മനോജില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മനോജ് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ജില്ലാ കൗണ്‍സില്‍ കണ്ടെത്തി. തുടര്‍ന്നാണ് മനോജിനെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ ഇയാളതന്നെ പാര്‍ട്ടിക്ക് ലഭിച്ച പ്രധാനപ്പെട്ട പദവിയില്‍ നിയോഗിച്ചിരിക്കുകയാണ് സിപിഐ.
സംഭവത്തിന് ശേഷം മനോജ് പാര്‍ട്ടിയിലേയ്ക്ക് തിരിച്ചെത്തുകയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും കൊറ്റനാട് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവില്‍ സിപിഐ പത്തനംതിട്ട ജില്ലാ കൗണ്‍സിലംഗം കൂടിയാണ് മനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: