മുംബൈ: സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ നാന്ദേദ് ജില്ലയില്‍ നടന്ന ലഹരിമരുന്ന് വേട്ടയില്‍ 1127 കിലോഗ്രാം മരിജുവാന പിടിച്ച് നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ.
കഴിഞ്ഞ ദിവസം ത്രിപുരയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം നിര്‍ത്തണമെന്നാവശ്യപ്പെട്ട് റാസ അക്കാദമിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും കലാശിച്ചിരുന്നു. ഈ പ്രദേശങ്ങളിലാണ് റെയ്ഡ് നടന്നത്. ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് കൊണ്ടുവന്ന മയക്കമരുന്നാണ് പിടിച്ചതെന്ന് സമീര്‍ വാങ്കഡെ പറഞ്ഞു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
മഹാരാഷ്ട്രയിലേക്ക് വലിയ അളവില്‍ മരിജുവാന കടത്തുന്നതായി എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് എന്‍സിബി കെണിയൊരുക്കി. ഒരു ട്രക്കില്‍ നിന്നാണ് മയക്കമരുന്ന് കണ്ടെടുത്തത്. 1127 കിലോഗ്രാം മരിജുവാനയാണ് പിടിച്ചത്. മരിജുവാന ചാക്കില്‍ നിറച്ച നിലയിലായിരുന്നു.
‘മഹാരാഷ്ട്രയിലെ ജല്‍ഗാവോണില്‍ എത്തിക്കാനുള്ളതായിരുന്നു ഈ ചരക്ക്. പിന്നീട് അവിടെ നിന്ന് മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യും. മുംബൈ എന്‍സിബി യൂണിറ്റ് അടുത്തകാലത്ത് നടത്തിയ വന്‍ വേട്ടയാണിത്. ഈ ചരക്ക് വരുത്തിയ ആളെ ഉടന്‍ പിടികൂടും,’ സമീര്‍ വാങ്കഡെ പറഞ്ഞു.
ഒക്ടോബര്‍ 20ന് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മുംബൈയിലെ അന്ധേരി പ്രദേശത്ത് നിന്നും രണ്ട് മയക്കമരുന്ന് കടത്തുകാരെ പിടികൂടിയിരുന്നു. 16 ലക്ഷം വിലവരുന്ന 160 ഗ്രാം മയക്കമരുന്നാണ് ഇവരില്‍ നിന്നും പിടിച്ചത്. അല്‍താഫ് അബ്ദുള്‍ റഹ്മാന് ഷേഖ്, അബ്ദുള്ള ഇക്ബാല്‍ ഷേഖ് എന്നിവരെ പിടികൂടി. ഒക്ടോബര്‍ ഒന്നിന് എന്‍സിബി ഒരു ആഡംബരക്കപ്പലിലെ പാര്‍ട്ടിക്കിടയില്‍ നടന്ന മയക്കമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: