കുന്നത്തൂര്‍: മൈനാഗപ്പള്ളി മണ്ണുര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനരുദ്ധാരണത്തിനായി മണ്ണു നീക്കം ചെയ്തപ്പോള്‍ അസ്ഥികള്‍ ലഭിച്ചതായി ഭരണ സമിതി വ്യാജ പ്രചരണം നടത്തിയതായി പരാതി.
വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ കേസ്സെടുക്കണമന്ന് ആവശ്യപ്പെട്ട് മൈനാഗപ്പള്ളി സ്വദേശികളായ രാധാകൃഷ്ണ പിള്ള, രാജേന്ദ്രന് പിള്ള എന്നിവര്‍ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവരെ എതിര്‍കക്ഷികളാക്കി ശാസ്താംകോട്ട പോലീസില്‍ പരാതി നല്കി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീകോവിലിലെ ദേവീചൈതന്യം ബാലാലയത്തിലേക്ക് മാറ്റിയിരുന്നു. പഴയ ശ്രീകോവില്‍ പൊളിച്ച് ഷഡാധാര പ്രതിഷ്ഠ നടത്താനായി 2019 ഒക്ടോബറില്‍ നിലവിലെ സ്ഥലത്ത് ഖനനം നടത്തി. അതിനിടെ മണ്ണു നീക്കം ചെയ്യുന്നതിനിടെ കുറച്ച് അസ്ഥികള്‍ ലഭിച്ചതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ പ്രചരിപ്പിച്ചു. സംഭവം വിവാദമായതോടെ ഭക്തരുടെ ആവശ്യത്തിനൊടുവില്‍ ഭരണ സമിതി, ക്ഷേത്രത്തില്‍ പൊതുയോഗം വിളിക്കുകയും ക്ഷേത്രത്തില്‍ നിന്നും ലഭിച്ചതായി പറയപ്പെടുന്ന അസ്ഥികള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
അസ്ഥികള്‍ ലഭിച്ച വിവരം പോലീസില്‍ അറിയിക്കണമെന്നും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബില്‍ അയക്കാന്‍ നടപടി സ്വീകരിക്കണമെന്നും പൊതുയോഗം ഐക്യകണ്ഠേനെ തീരുമാനമെടുത്തു. ഇതിനായി ക്ഷേത്ര ഭാരവാഹികളെ ചുമതലപ്പെടുത്തി. അസ്ഥി പോലീസിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് ഇതുവരെ ക്ഷേത്ര ഭാരവാഹികള്‍ ഭക്തരോടു പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പോലീസില്‍ അറിയിക്കുക പോലും ചെയ്തിട്ടില്ലെന്ന് ശാസ്താംകോട്ട പോലീസില്‍ നിന്ന് പരാതിക്കാര്‍ക്ക് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
ഷഡാധാര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി എത്തിച്ച മണല്‍, കഴുകി അരിച്ചെടുത്ത ശേഷമാണ് കുഴികളില്‍ നിറയ്ക്കുന്നതെന്നും അതിനാല്‍ ശ്രീകോവില്‍ നിന്ന സ്ഥലത്തോ പ്രതിഷ്ഠ സ്ഥാപിച്ചിടത്തോ അസ്ഥി കഷണങ്ങള്‍ ലഭിക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്നുമാണ് പരാതിക്കാര്‍ പറയുന്നത്. മുന്‍ ഭരണ സമിതിയെ അപകീര്‍ത്തിപ്പെടുത്താനും പൊതുജനമധ്യത്തില്‍ ഒറ്റപ്പെടുത്താനും നിലവിലെ ഭരണ സമിതി ഭാരവാഹികളും ശില്‍പ്പിയും നടത്തിയ ഗൂഡാലോചനയാണ് അസ്ഥി ലഭിച്ചതായ പ്രചരണത്തിന് പിന്നിലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
വ്യാജ പ്രചരണം നടത്തുക വഴി ക്ഷേത്രത്തിന്റെ യശ്ശസിനു കോട്ടം തട്ടിയതായും ഭക്ത മനസുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. അതിനാല്‍ നിലവിലെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നും കാട്ടിയാണ് ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
അസ്ഥി ലഭിച്ചതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തിയാല്‍ തങ്ങളുടെ കള്ളിവെളിച്ചത്താവുമെന്നും, ഗൂഡാലോചന പിടിക്കപ്പെടുമെന്നതിനാലുമാണ് പോലീസില്‍ വിവരം അറിയിക്കാതെ ക്ഷേത്ര ഭാരവാഹികള്‍ ഒളിച്ചോടിയതെന്നും സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വരാന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: