പാലക്കാട്: അഗ്രഹാര വീഥികള്‍ ഉണര്‍ന്നു. ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ അഗ്രഹാരവീഥികളിലൂടെ രഥപ്രയാണം ആരംഭിച്ചു. ഇന്നലെയായിരുന്നു ഒന്നാംതേര്. രഥോത്സവം നടക്കുമോയെന്ന ശങ്കയായിരുന്നു അവസാന നിമിഷംവരെ. എന്നാല്‍ വിശ്വാസികളുടെ മനമുരുകിയുള്ള പ്രാര്‍ഥനക്ക് ഫലം കണ്ടു.
രഥപ്രയാണത്തിന് അനുമതി നല്‍കില്ലെന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം അവര്‍ക്കുതന്നെ മാറ്റേണ്ടിവന്നു. നിബന്ധനകളോടെയാണെങ്കിലും രഥപ്രയാണം നടത്തുവാനുള്ള അനുമതി ലഭിച്ചതോടെ ആയിരക്കണക്കിന് അഗ്രഹാര നിവാസികള്‍ക്ക് അവരുടെ പ്രാര്‍ഥനക്കുള്ള ഫലം ലഭിച്ചതിന്റെ അനുഭൂതിയിലാണ്.
ഉത്സവത്തിന് കൊടിയേറ്റം നടക്കുമ്പോഴും അനുമതി ലഭിച്ചിരുന്നില്ല. കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുവര്‍ഷവും രഥോത്സവം നടത്തിയിരുന്നില്ല. ഇത്തവണ കൊവിഡ് കുറഞ്ഞതോടെ ഉത്സവത്തിന് തടസങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു ക്ഷേത്രഭാരവാഹികള്‍ കരുതിയിരുന്നത്. സാധാരണ വിശ്വനാഥസ്വാമി, ഗണപതി, സുബ്രഹ്മണ്യന് എന്നിവരുടെ രഥങ്ങളാണ് ഒന്നാംദിവസം എഴുന്നള്ളുക. തേരുരുട്ടുന്നതിന് ആനകളുടെ സഹായം അനിവാര്യമാണ്. പക്ഷെ, നിബന്ധന പ്രകാരം ഇത്തവണ ആനകളുണ്ടായിരുന്നില്ല. പകരം സര്‍ക്കാരിന്റെ അനുമതി ലഭിച്ച ആളുകള്‍ മാത്രമാണ് രഥം വലിക്കുവാന്‍ ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ 10.30നും 10.45നുമിടയിലായിരുന്നു രഥാരോഹണം. തിരക്കൊഴിവാക്കുന്നതിന് അഗ്രഹാര നിവാസികള്‍ വീടുകളിലിരുന്ന് മാത്രമെ വീക്ഷിക്കാവൂ എന്നും നിര്‍ദേശമുണ്ട്. പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനവുമില്ല. രഥപ്രയാണ സമയത്ത് ഇക്കാര്യം പ്രത്യേകം ഉച്ചഭാഷിണിയിലൂടെ അറിയിക്കുന്നുമുണ്ട്. സാധാരണ രഥോത്സവം ആരംഭിച്ചാല്‍ ആയിരക്കണക്കിന് ആളുകളാണ് കാണുന്നതിനായി എത്തുക. ഇത്തവണ അതില്ല.
കല്പാത്തി അഗ്രഹാരങ്ങളിലേക്കുള്ള വീഥികളിലെല്ലാം പോലീസ് ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചിട്ടുണ്ട്. ചാത്തപുരം, മിനി ചാത്തപുരം, ശേഖരിപുരം ജങ്ഷന്, മന്തക്കര ഗണപതി കോവില്‍ ജങ്ഷന്, ഗോവിന്ദരാജപുരം ജങ്ഷന് തുടങ്ങിയ വഴികളാണ് നിയന്ത്രിച്ചിട്ടുള്ളത്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന ആളുകള്‍ക്ക് തദ്ദേശവാസികളാണെന്ന് ഉറപ്പുവരുത്താന്‍ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും സഹകരിക്കുന്നുണ്ട്. 200 പേര്‍ക്ക് മാത്രമെ രഥം വലിക്കുവാന്‍ അനുമതിയുള്ളൂ. ഇവര്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: