തികഞ്ഞ സ്വാതന്ത്ര്യബോധത്തോടെയും പരാശ്രയമില്ലാതെയും ജീവിച്ചിരുന്ന വനവാസികള്‍ സാമ്പത്തികമായും സാംസ്കാരികമായും സമ്പന്നമായിരുന്നു. എന്നാല്‍ ഭാരതത്തിന്റെ അധികാരം കൈക്കലാക്കിയത് മുതല്‍ ബ്രിട്ടീഷുകാര്‍ വനവാസി വിഭാഗത്തെ ഉന്നംവച്ചിരുന്നു. വനഭൂമിയില്‍ വനവാസി സമൂഹത്തിനുണ്ടായിരുന്ന സ്വാഭാവിക അധികാരം അവസാനിപ്പിക്കാനായിരുന്നു ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. വനത്തെ സംരക്ഷിക്കുന്ന ജനതയെ അടിച്ചമര്‍ത്തി, വനംകൊള്ളക്കാരായ മരക്കച്ചവടക്കാര്‍, ഖനനക്കമ്പനികള്‍, കച്ചവടക്കാര്‍ ( നിലം ), കൃഷിക്കാര്‍, കൊള്ളപ്പലിശക്കാരായ മഹാജന്മാര് എന്നിവരെയായിരുന്നു സാമ്രാജ്യത്വം സംരക്ഷിച്ചത്. ഇതിന് പുറമേയായിരുന്നു ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും ആക്രമണങ്ങള്‍ . ഉദ്യോഗസ്ഥരുടെ അടിമകളും ഭോഗവസ്തുക്കളുമായി വനവാസി സമൂഹം മാറി. അവരുടെമേല്‍ പുതിയൊരാപത്തും വന്നുചേര്‍ന്നു. അത് പാതിരിമാരുടെ ആക്രമണമായിരുന്നു. പാതിരിമാര്‍ മതംമാറ്റത്തിന് പറ്റിയ മേഖലയായി വനവാസി മേഖലയെകണ്ടു. ചികിത്സ , വിദ്യാഭ്യാസ മേഖലകളില്‍ കുത്തക അവകാശം സ്ഥാപിച്ച പാതിരിമാര്‍ സേവനത്തിന്റെ മറവില്‍ വനവാസി കുടുംബങ്ങളെ മതം മാറ്റി. മാറ്റം മതവിശ്വാസത്തില്‍ മാത്രമായിരുന്നില്ല. അവരുടെ സംസ്കാരത്തെയും രാഷ്ട്ര ബോധത്തേയും അട്ടിമറിക്കുകയായിരുന്നു.
ഇത്തരമൊരു ദശാസന്ധിയിലാണ് 1875 ല്‍ ബിര്‍സയുടെ രൂപത്തില്‍ വനവാസി സമൂഹത്തിന് ഒരു രക്ഷകനുണ്ടാവുന്നത്. 1875 നവംബര്‍ 15 ന് ഛോട്ടാനാഗപ്പൂരില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള ഉലപാംതു ഗ്രാമത്തിലായിരുന്നു ബിര്‍സമുണ്ടയുടെ ജനനം. അച്ഛന് സുഗുണമുണ്ടയും അമ്മ കര്ബിയുമായിരുന്നു. ബിര്‍സയ്ക്ക് രണ്ട് സഹോദരങ്ങളായിരുന്നു. വളരെ ചെറുപ്പത്തിലേ സാഹസികതയും ധാര്‍മികപ്രവര്‍ത്തനങ്ങളും ബിര്‍സയുടെ സ്വഭാവമായിരുന്നു. പഠിക്കാന്‍ ജര്‍മ്മന്‍മിഷന്‍ നടത്തിയിരുന്ന സ്കൂളില്‍ ചേര്‍ന്ന ബിര്‍സയും മതംമാറ്റപ്പെട്ടു. 1887ല്‍ ഹൈസ്കൂള്‍ പഠനത്തിനുശേഷം ജന്മനാട്ടില് തിരിച്ചെത്തിയ ബിര്‍സ സര്‍ദാര്‍ എന്ന സമുദായത്തിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. അനന്ദപാണ്ഡെ എന്ന ഒരു വൈഷ്ണവ പ്രചാരകനുമായിട്ടുള്ള സമ്പര്‍ക്കം,
അദ്ദേഹത്തെ വൈഷ്ണവഭക്തനാക്കി. പിന്നീട് അദ്ദേഹം ധര്‍മ്മപ്രചാരണത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. തന്റെ പൂര്‍വ്വികരുടെ മതവിശ്വാസങ്ങളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു അത്. മതപരിവര്‍ത്തന ശ്രമങ്ങളെ പ്രതിരോധിക്കാനും മതംമാറിപ്പോയവരെ തിരിച്ചെത്തിക്കാനും ബിര്‍സ പദ്ധതികള്‍ നടപ്പാക്കി. മതകേന്ദ്രങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളെ അതേരീതിയില്‍ പ്രതിരോധിക്കുകയായിരുന്നു ഉണര്‍ന്നെഴുന്നേറ്റ വനവാസി നേതൃത്വം. വനവാസി വിഭാഗം മാത്രമല്ല തദ്ദേശീയ ജനത മുഴുവന്‍ ബിര്‍സയില്‍ രക്ഷകനെ കണ്ടെത്തി. അതോടെ അദ്ദേഹം ബിര്‍സ ഭഗവാന് എന്നറിയപ്പെട്ടു. ശരണപഥികര്‍ എന്നും ബിര്‍സായത്തുകാര്‍ എന്നുമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയപ്പെട്ടത്.
1892 മുതല്‍ ജനങ്ങളെ അണിനിരത്തി ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്ത് നൂറുകണക്കിന് സദസ്സുകള്‍ സംഘടിപ്പിച്ച ബിര്‍സ വൈദേശികഭരണത്തിനെതിരെ ജനങ്ങളെ ഒരുക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന നികുതിനിഷേധത്തിലും സമരങ്ങളിലും വിറളിപൂണ്ട ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 500 രൂപ ഇനാം പ്രഖ്യാപിച്ചു. 1895 ല്‍ ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ പിടികൂടി 2 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
തടവില്‍ നിന്ന് പുറത്തിറങ്ങിയ ബിര്‍സ അടങ്ങിനിന്നില്ല. റാഞ്ചിയിലും സമീപപ്രദേശങ്ങളിലും നിരവധി മിന്നലാക്രമണങ്ങള്‍ നടത്തി. നൂറുകണക്കിന് ഉദ്യോഗസ്ഥരും, പോലീസുകാരും മതപ്രചാരകരും ഇതിന് ഇരയായി. നൂറുകണക്കിന് കെട്ടിടങ്ങളും ചാമ്പലായി. വിഷബാണങ്ങളായിരുന്നു വനവാസി സൈന്യത്തിന്റെ ആയുധം. ഭയപ്പെട്ട ബ്രിട്ടീഷുകാര്‍ ഛോട്ടാനാഗ്പൂര്‍ മേഖല കര്‍ഫ്യൂ പ്രദേശമായി പ്രഖ്യാപിച്ചു.
1899 ല്‍ തന്റെ അനുയായികളെയും ജനങ്ങളെയും ഡോബാരിക്കുന്നില്‍ വിളിച്ച് ചേര്‍ത്ത് വിക്ടോറിയ ഭരണം (ബ്രീട്ടീഷ് റാണിയുടെ ഭരണം) അവസാനിച്ചതായും സ്വയംഭരണം നിലവില്‍ വന്നതായും ബിര്‍സ പ്രഖ്യാപിച്ചു. റാഞ്ചിയിലും ബുന്‍ടിയിലും നിരവധി മിന്നലാക്രമണം നടന്നു. 1899 ല്‍ ഡോബാരിക്കുന്ന് ബ്രിട്ടീഷ് സൈന്യം വളഞ്ഞു. അക്രമണത്തില്‍ നിരവധി സമരനായകന്മാരും പോലീസുകാരും മരണപ്പെട്ടു. വെടിയുണ്ടകള്‍ക്കും പീരങ്കികള്‍ക്കും മുമ്പല്‍ അമ്പിനും വില്ലിനും
പിടിച്ചുനില്‍ക്കാനായില്ല. ഡോബാരിക്കുന്ന് ഇന്ന് ‘മരണത്തിന്റെ മല’ എന്ന് അറിയപ്പെടുന്നു. 1900 ല്‍ ഫെബ്രുവരി മൂന്നിന് ബിര്‍സ ഭഗവാന് പിടിക്കപ്പെട്ടു. ജൂണ്‍ മാസം 9ന് ജയിലില്‍ വച്ച് അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നു. ശവശരീരം പോലും വിട്ടുകൊടുക്കാതിരിക്കാന്‍ കോളറ മൂലമാണ് മരണമെന്ന് പറഞ്ഞ് അജ്ഞാത സ്ഥലത്ത് അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിച്ചു. അദ്ദേഹത്തിന്റെ അനുയായികളായ 63 പേര് വിവിധ ശിക്ഷകള്‍ക്ക് ഇരയായി.
അവഗണിക്കപ്പെട്ട ഈ വീര ചരിത്രം അംഗീകരിക്കപ്പെട്ടത് 74 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദി സര്‍ക്കാരിലൂടെയാണ്. വനവാസി സ്വാതന്ത്ര്യസമരപോരാളികള്‍ ചരിത്രത്തില്‍ ഇടം പിടിച്ചു.
തമസ്കരിക്കപ്പെട്ട വനവാസി പോരാളികള്‍
ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ചിലര്‍ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ചരിത്ര രചനകളില്‍ ഇടം പിടിക്കാത്തവര്‍. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സന്ധിയില്ലാതെ പോരാടിയവരെ ചരിത്രത്തില്‍ നിന്ന് തമസ്കരിച്ചത് എന്തിനായിരുന്നുവെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. ബിര്സമുണ്ടയെപോലെയുള്ള നിരവധി വനവാസി സ്വാതന്ത്ര്യസമര സേനാനികള്‍ ബോധപൂര്‍വ്വം യഥാര്‍ത്ഥ ചരിത്രരേഖകളില്‍ നിന്ന് തിരസ്ക്കരിക്കപ്പെട്ടു. 1784 – 85 കളില്‍ മഹാരാഷ്ട്രയിലെ മഹാദേയ് കോളി ഗോത്രക്കാരും സന്താള്‍ ഗോത്രക്കാരുമാണ് ആദ്യമായി വൈദേശിക ശക്തികള്‍ക്കെതിരെ വനവാസികളുടെ ഇടയില്‍ നിന്നും പടവാള് ഉയര്‍ത്തിയത്.
1832 ഓടു കൂടി ഛോട്ടനാഗ്പൂരില്‍ കോളി ഗോത്ര വംശജര്‍ ആയുധമെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. 1850ല്‍ ഒറീസയിലും 1855 ല്‍ സന്താള്‍ ഭാഗത്തും വനവാസികള്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പൊരുതി. 1860ല്‍ മിസോറം വനവാസികള്‍ ബ്രിട്ടീഷ് സേനയെ ആക്രമിച്ചു. 1880 ല്‍ അംഗാമി നാഗഗോത്രവംശജരും 1890 ല്‍ താന്തിയഭിലും കലാപങ്ങള്‍ ഉയര്‍ന്നു. 1913 നവംബര്‍ 17ന് രണ്ടായിരത്തിലധികം വനവാസികളാണ് രാജസ്ഥാന് പര്‍വ്വതനിരകളില്‍ ബ്രിട്ടീഷ്കാരാല്‍ കൊല്ലപ്പെട്ടത്. 1922 ല്‍ അല്ലൂരി സീതാരാമ രാജുവിന്റെ നേതൃത്വത്തിലുള്ള ഖോയവംശജര്‍ വീണ്ടും ബ്രിട്ടീഷ് സേനക്ക് എതിരെ ആയുധം എടുത്ത് പോരാടി. 1931 കളിലും 41-42 കാലഘട്ടങ്ങളിലും തെലുങ്കാനയിലും ഒറീസയിലും വനവാസികള്‍ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ സ്വായുധസമരം നടത്തി.
ബിര്‍സ മുണ്ടയുടെ സമരം
1900 ജൂണ്‍ 9ന് ബിര്‍സമുണ്ട തന്റെ ഇരുപത്തിയഞ്ചാം വയസില്‍ റാഞ്ചി ജയിലില്‍വച്ച് മരിക്കുമ്പോള്‍ ഭാരതത്തിന് നഷ്ടപ്പെട്ടത് സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന് നല്‍കേണ്ടി വന്ന ഒരു വനവാസി യോദ്ധാവിനെ ആയിരുന്നു.
1894 ഒക്ടോബര്‍ 19 ന് നിലവില്‍ വന്ന ആദ്യത്തെ നാഷണല്‍ ഫോറസ്റ്റ് പോളിസി വനസമ്പത്ത് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അധീനതയിലാക്കുകയായിരുന്നു. വനവാസികളുടെ ജീവിതം ദുസ്സഹമാക്കിയ, ഈ നിയമത്തിനെതിരെ ബിര്‍സ മുണ്ട ആഞ്ഞടിച്ചു. വനവാസികളുടെ സമ്പന്ന പൈതൃകം സംരക്ഷിക്കാനും പ്രകൃതിയെയും ഗോക്കളെയും പൂജിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഉല്‍ഖുലാന്‍ എന്ന പേരില്‍ ബിര്‍സമുണ്ട ഒരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. വനവാസി ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ നിര്‍ബ്ബന്ധിച്ചു.
ഇരുപത്തി അഞ്ചു വര്‍ഷത്തെ ഹ്രസ്വ ജീവിതം കൊണ്ട് വനവാസി സമൂഹത്തില്‍ ബിര്‍സമുണ്ട കൊളുത്തിയത് വലിയ തിരിച്ചറിവിന്റെ അഗ്നിയാണ്. വൈദേശിക ശക്തികളാണ് എല്ലാ വിപത്തുകളുടേയും കാരണം എന്ന് വിശ്വസിച്ച ബിര്‍സ ഭാരതത്തിന്റെ അഖണ്ഡതയും അന്തസും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്ന് വനവാസി യുവാക്കളെ പഠിപ്പിച്ചു. മുണ്ടയുടെ ഓരോ വാക്കിലും ദേശസ്നേഹം നിറഞ്ഞുനിന്നിരുന്നു. ഈശ്വരസമര്‍പ്പണത്തിന് മനസും ശരീരവും ഒരുപോലെ പരിശുദ്ധമാകണമെന്നും ഭാരതത്തിന്റെ പൗരാണിക വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കൂം കോട്ടംതട്ടുന്നതൊന്നും ചെയ്യാന്‍ പാടില്ലെന്നും ബിര്‍സ വനവാസി യുവാക്കളെ ഉദ്ബോധിപ്പിച്ചു.
1988 ല്‍ ഇന്ത്യ ഗവണ്മെന്റ് അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ബിര്‍സ മുണ്ടയുടെ പേര് രാജ്യത്തെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയത്തിന് നല്കിയിരിക്കുന്നു. ബിര്‍സമുണ്ട എയര്‍പോര്‍ട്ട് റാഞ്ചി, ബിര്‍സ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, സിന്ദ്രി, സിദ്ധോ കാന്‍ഹോ ബിര്‍സ യൂണിവേഴ്സിറ്റി, ബിര്‍സ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ഇവയൊക്കെ ബിര്‍സമുണ്ടെയുടെ ഓര്‍മ്മ പുതുക്കുന്ന സ്ഥാപനങ്ങളാണ്.
ഭാരത പാര്‍ലമെന്റ് ഹാളില്‍ മുണ്ടയുടെ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇത്തരം ഒരു വലിയ ആദരവ് ലഭിക്കുന്ന ഒരേയൊരു വനവാസി നേതാവും ബിര്‍സമുണ്ടയാണ്. നവംബര്‍ 15 മുണ്ടയുടെ ജന്മദിനം വനവാസി സ്വാഭിമാന ദിനമായി കൊണ്ടാടുന്നു. 2000 നവംബര്‍ 15ന് ഝാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വന്നത് മുണ്ടയുടെ ജന്മദിനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: