ന്യൂദല്‍ഹി: മണിപ്പൂരില്‍ മ്യാന്മര് അതിര്‍ത്തിയില്‍ അഞ്ച് സൈനികരെയും കേണലിനെയും കുടുംബത്തെയും വധിച്ച തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ചൈനയ്ക്കും പങ്കുണ്ടോയെന്ന സംശയം ബലപ്പെടുന്നു. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ നടക്കുന്ന സായുധകലാപങ്ങള്‍ക്ക് പിന്നില്‍ ചൈനയാണെന്നാണ് സംശയിക്കപ്പെടുന്നത്.
അതിര്‍ത്തി സംഘര്‍ഷത്തിനൊപ്പം രാജ്യത്ത് അസമാധാനം വിതയ്ക്കാനും ചൈന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് ഇന്ത്യയ്ക്കകത്തെ സായുധകലാപത്തില്‍ ചൈനയുടെ പങ്ക് സംശയിക്കപ്പെടുന്നത്.
നേരത്തെ 2020ലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് തയ് വാനുമായി ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കുന്നതിനെതിരെ ഇന്ത്യയെ ചൈന താക്കീത് ചെയ്തിരുന്നു. അതുപോലെ സിക്കിമിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നതിനെയും ചൈന എതിര്‍ത്തിരുന്നു. ഈ രണ്ട് കാര്യങ്ങളുടെ പേരിലും ചൈനയുടെ പ്രചാരണവിഭാഗങ്ങള്‍ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു.
‘മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള വടക്ക് കിഴക്കന്‍ മേഖലകളില്‍ സായുധസംഘങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നതിന് പിന്നില്‍ ചൈനയുണ്ടെന്ന് സംശയിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയിലെ സായുധ സംഘടനകള്‍ക്ക് മ്യാന്മറിലെ അരാകന് സേനയുമായും യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുണ്ട്. ഈ സംഘടനകള്‍ വഴിയാണ് വടക്ക് കിഴക്കന്‍ മേഖലയിലേക്ക് ചൈനീസ് ആയുധങ്ങളെത്തുന്നത്,’- ഒരു സേനാ ഉദ്യോഗസ്ഥന് പറയുന്നു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധകലാപകാരികള്‍ക്ക് ചൈന അഭയം നല്‍കിവരുന്നുണ്ട്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) കമാന്‍ഡര്‍ പരേഷ് ബറുവ, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് ( ഐഎം) ഫുന്‍ടിംഗ് ഷിംറാങ് എന്നിവര്‍ക്ക് ചൈന അഭയം നല്കിയിട്ടുണ്ടെന്നത് പരസ്യമായ വസ്തുതയാണ്. ഇവര്‍ ചൈന-മ്യാന്മര് അതിര്‍ത്തിയിലെ യുന്നാന്‍ പ്രവിശ്യിലാണ് ജിവിക്കുന്നത്.
മണിപ്പൂരിലെ ചാരചന്ദ്പൂര്‍ ജില്ലയില്‍ വെച്ചാണ് ആയുധധാരികളായ കലാപകാരികള്‍ അസം റൈഫിള്‍സിന്റെ കാവല്‍വാഹനങ്ങളെ അവിചാരിതമായി ആക്രമിച്ചത്. കേണല്‍ വിപ്ലവ് ത്രിപാതിയും കുടുംബവുമാണ് കൊല്ലപ്പെട്ടത്. ക്വിക് റിയാക്ഷന് ടീമിനെതിരെയാണ് ആക്രമണം നടത്തിയത്. റെവലൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (ആര്‍പിഎഫ്) എന്ന ഗ്രുപ്പും അതിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മണിപ്പൂരും മണിപ്പൂര്‍ നാഗ പീപ്പിള്‍സ് ഫ്രണ്ടുമാണ് ആക്രമണഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.
‘മണിപ്പൂരിലെ പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ചൈന ബന്ധം സ്ഥാപിച്ചിരിക്കാമെന്നാണ് നിഗമനം. യഥാര്‍ഥ നിയന്ത്രണരേഖയിലെ തര്‍ക്കം കാരണം ചൈന ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ഈ മേഖലയിലെ സായുധഗ്രൂപ്പുകളുമായി കൈകോര്‍ക്കുന്നുണ്ടാകണം’- 2017-18 കാലത്ത് അസം റൈഫിള്‍സിനെ നയിച്ചിരുന്ന ലഫ്. ജനറല്‍ ഷോകിന്‍ ചൗഹാന് പറയുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ആക്രമണം കടുപ്പിച്ച് ഇന്ത്യന്‍ സുരക്ഷാസേനയെ അവിടെ ഒതുക്കാനായിരിക്കും തന്ത്രമെന്നും അദ്ദേഹം പറയുന്നു.
നിയന്ത്രിത സ്ഫോടന ഉപകരണമുപയോഗിച്ചാണ് കലാപകാരികള്‍ അസം റൈഫിള്‍സ് സംഘത്തെ ആക്രമിച്ചത്. പരമാവധി അപകടം ഉണ്ടാക്കാനായി വലിയ സ്ഫോടനമാണ് നടത്തിയത്. ഇന്ത്യന്‍ സേനയ്ക്ക് 18 പേരെ നഷ്ടമാക്കിയ 2015 ജൂണില്‍ നടന്ന ചണ്ടേല്‍ ഒളിയാക്രമണത്തെയാണ് ഇത് അനുസ്മരിപ്പിച്ചത്.
വടക്ക് കിഴക്കന്‍ മേഖലയില്‍ സുരക്ഷസ്ഥിതിവിശേഷം മെച്ചപ്പെട്ട സമയത്താണ് ഈ പതിയിരുന്നാക്രമണം. നേരത്തെ ഇക്കാര്യങ്ങളില്‍ നേരിട്ടിടപെടാതിരുന്ന ചൈന അതിര്‍ത്തി സംഘര്‍ഷത്തോടെയാണ് പുതിയ തന്ത്രങ്ങള്‍ മെനയുന്നത് എന്ന് വേണം കരുതാന്‍. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സംഘങ്ങള്‍ക്ക് ചൈനയുമായി ബന്ധങ്ങളുണ്ടാകാമെന്ന് മുന്‍ വടക്കന്‍ സേന കമാന്റര്‍ ലഫ്. ജനറല്‍ ഡിഎസ് ഹൂഡ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: