ന്യൂദല്‍ഹി: ത്രിപുരയില്‍ 1.47 ലക്ഷം പേര്‍ക്ക് വീടുവെയ്ക്കാനുള്ള കേന്ദ്രധനസഹായം ഞായറാഴ്ച കൈമാറിയതായി പ്രധാനമന്ത്രി അറിയിച്ചു. 2022ല്‍ എല്ലാവര്ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രധാനമന്ത്രി ആവാസ് ഗ്രാമീണ്‍ (പിഎംഎവൈ-ജി) പദ്ധതിപ്രകാരമാണ് ഈ ധനസഹായം.
ഇതിന്റെ ഭാഗമായി ആദ്യ തവണയായ 700 കോടി രൂപ പദ്ധതിയുടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രിതന്നെ നേരിട്ട് കൈമാറി. ഇതോടെ ത്രിപുരയിലെ ലക്ഷക്കണക്കായ കളിമണ്‍ വീടുകളില്‍ താമസിക്കുന്ന പാവങ്ങള്‍ക്ക് പുതിയ വീടുകള്‍ ലഭിക്കും. ഹിന്ദി പ്രയോഗം കടമെടുത്താല്‍ 1.47 ലക്ഷം പേര് കച്ച വീടുകളില്‍ നിന്നും പക്ക വീടുകളിലേക്ക് മാറും. ഞായറാഴ്ച നടന്ന ചടങ്ങില്‍ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചു. ഈ ചടങ്ങ് ത്രിപുരയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷയും വരാനിരിക്കുന്ന മികച്ചനാളുകളെക്കുറിച്ചുള്ള സൂചനകളും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിപ്ലവ് ദേബിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരും കേന്ദ്രത്തിലെ സര്‍ക്കാരും ചേര്‍ന്ന് ത്രിപുരയെ മെച്ചപ്പെട്ട സംസ്ഥാനമാക്കി മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
ധലായ് ത്രിപുരയിലെ അനിതാ കുക്കി ദേബ്ബര്‍മയുമായി ആശയവിനിമയം നടത്തിയ പ്രധാനമന്ത്രി, അവരുടെ ജീവിതത്തെക്കുറിച്ചും ഉപജീവന മാര്‍ഗത്തെക്കുറിച്ചും അവരോട് ചോദിക്കുകയും ഉറപ്പുള്ള ഒരു വീട് നിര്‍മ്മിക്കാന്‍ അവരോട് പറയുകയും ചെയ്തു, ഉടന്‍ തന്നെ അവര്‍ക്ക് ഉറപ്പുള്ള ഒരു വീട് ലഭിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ദരിദ്രരുടെയും ആദിവാസി വിഭാഗങ്ങളുടെയും ക്ഷേമത്തിനാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏകലവ്യ സ്കൂളുകള്‍, വന ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് അദ്ദേഹം ഗുണഭോക്താവിനെ ഉദ്ബോധിപ്പിച്ചു.
സെപാഹിജാലയില്‍ നിന്നുള്ള ശ്രീമതി സോമ മജുംദാറിനോട് ഈ പദ്ധതിയുടെ പ്രയോജനം നേടിയ അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി ചോദിച്ചു. ഒരു പുതിയ വീട് കിട്ടിയാല്‍ ജീവിതം എങ്ങനെ മെച്ചപ്പെടുമെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിയിലൂടെ ഉറപ്പുള്ള ഒരു വീട് എന്ന തന്റെ സ്വപ്നം പൂവണിയിച്ചെന്നും മഴക്കാലത്ത് ഇത് വലിയ സഹായമാകുമെന്നും അവര്‍ പറഞ്ഞു. ഗഡുക്കള്‍ വീടിന്റെ നിര്‍മ്മാണത്തിനായി മാത്രം ചെലവഴിക്കാന്‍ പ്രധാനമന്ത്രി അവരോട് അഭ്യര്‍ത്ഥിച്ചു. ഗുണഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകളോ ഇടനിലക്കാരോ ഇല്ലാതെ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയാണ് തന്റെ ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി വടക്കന്‍ ത്രിപുരയില്‍ നിന്നുള്ള ശ്രീ സമീരന് നാഥിനോട് തന്റെ വീടിന്റെ നിര്‍മ്മാണത്തിന് പിഎംഎവൈ-ജിയുടെ ഗഡുക്കള്‍ക്കൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിയാമോ എന്ന് ആരാഞ്ഞു. തന്റെ വീടിന്റെ നിര്‍മ്മാണത്തിനായി നടത്തിയ സര്‍വേ പോലുള്ള പദ്ധതിക്ക് മുമ്പുള്ള പ്രവര്‍ത്തനങ്ങളിലെ അനുഭവവും പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിച്ചു. പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടോ അതോ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയോ എന്നും പ്രധാനമന്ത്രി അദ്ദേഹത്തോട് ചോദിച്ചു. കൈക്കൂലി നല്‍കാതെ ഗുണഭോക്താക്കള്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കാത്ത മുന്‍ സമ്പ്രദായത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചു.
ദക്ഷിണ ത്രിപുരയില്‍ നിന്നുള്ള ശ്രീമതി കാദര്‍ ബിയയുമായി സംവദിക്കവേ, ഈ പദ്ധതി പ്രകാരം എത്ര തുക ഗഡുക്കളായി ലഭിക്കുമെന്ന് അവര്‍ക്ക് അറിയാമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ വീട് നിര്‍മ്മിക്കുന്നതിന് ഗവണ്മെന്റ് സാമ്പത്തികമായി സഹായിക്കുമെന്ന് അവര്‍എപ്പോഴെങ്കിലും സ്വപ്നം കണ്ടിരുന്നോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. ഉറപ്പുള്ള വീട് അവരുടെ ജീവിതത്തില്‍ സന്തോഷം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. യാതൊരു വിവേചനവും കൂടാതെ ഇടനിലക്കാരും ഇല്ലാതെ ഗവണ്മെന്റ് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നു എന്നതിന്റെ തെളിവാണ് ശ്രീമതി ബിയയെപ്പോലുള്ള ഗുണഭോക്താക്കളെന്ന് അദ്ദേഹം പറഞ്ഞു. പിഎംഎവൈയുടെ കീഴിലുള്ള വീടുകള്‍ സാധ്യമാകുന്നിടത്തോളം സ്ത്രീകളുടെ പേരിലായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ത്രിപുരയെ ദരിദ്രമാക്കുകയും ത്രിപുരയിലെ ജനങ്ങളെ സൗകര്യങ്ങളില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന ചിന്താഗതിക്ക് ഇന്ന് ത്രിപുരയില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ഇരട്ട എന്ജിന് സര്‍ക്കാര്‍ പൂര്‍ണ ശക്തിയോടെയും ആത്മാര്‍ത്ഥതയോടെയും സംസ്ഥാനത്തിന്റെ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
ഈ മേഖലയോട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അവഗണനയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, മുമ്പ് രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ നിന്നുള്ള നമ്മുടെ നദികള്‍ കിഴക്കോട്ട് വന്നിരുന്നുവെങ്കിലും വികസനത്തിന്റെ ഗംഗ ഇവിടെ എത്തുന്നതിന് മുമ്പ് നിലച്ചിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍ ഇന്ന് രാജ്യത്തിന്റെ വികസനം ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തോടെയാണ് കാണുന്നത്. വികസനം ഇപ്പോള്‍ രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പര്യായമായി കണക്കാക്കപ്പെടുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭഗവാന് ബിര്‍സ മുണ്ടയുടെ ജന്മദിനം എല്ലാ വര്‍ഷവും നവംബര്‍ 15 ന് ഗോത്ര ഗൗരവ് ദിവസായി രാജ്യം ആഘോഷിക്കും. മുണ്ട ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനിയാണ് ബിര്‍സ മുണ്ട. ഒക്ടോബര്‍ 2 – അഹിംസ ദിവസ്, ഒക്ടോബര്‍ 31 ഏകതാ ദിനം, ജനുവരി 26 റിപ്പബ്ലിക് ദിനം, രാമനവമി, കൃഷ്ണ അഷ്ടമി എന്നിങ്ങനെ ദേശീയ പ്രതിരൂപത്തില്‍ ഈ ദിനത്തിന് തുല്യ പ്രാധാന്യം ലഭിക്കും.”, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: