ഇടുക്കി: തെക്കന്‍ കേരളത്തിലെ കനത്ത മഴയ്ക്ക് കാരണമായത് അറബിക്കടല്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീണ്ടു കിടക്കുന്ന ന്യൂനമര്‍ദപാത്തി. തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളെത്തുന്ന വര്‍ഷം കൂടിയാണിത്.
കഴിഞ്ഞ മാസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ശേഷം തെക്കന്‍ തമിഴ്നാട്ടിലൂടെ കടന്ന് തെക്കു കിഴക്കന്‍ അറബിക്കടലിലേക്ക് ഒരു ന്യൂനമര്‍ദം എത്തിയിരുന്നു. ഇതിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും പ്രദേശത്ത് നിലകൊള്ളുന്നത് മൂലം തെക്കന്‍ തമിഴ്നാട് മുതല്‍ തെക്കന്‍ ഒഡീഷ വരെ നീളത്തില്‍ ന്യൂനമര്‍ദപാത്തി കഴിഞ്ഞ ദിവസം രൂപംകൊണ്ടിരുന്നു.
ഇതിന് പിന്നാലെ കിഴക്കന്‍ കാറ്റിനെ അപേക്ഷിച്ച് കാലവര്‍ഷത്തിന് സമാനമായി പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുകയും ഇത് ന്യൂനമര്‍ദ പാത്തിയിലേക്ക് വലിച്ചടുപ്പിക്കുകയും ചെയ്തു. ഇതോടെ അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പമുള്ള വായു കേരളത്തിന് മുകളിലൂടെ ശക്തമായി പ്രവഹിപ്പിച്ച് മഴയായി പെയ്തിറങ്ങി.
ഒഡീഷയുടെ തീരത്ത് ഇത്തരത്തിലുള്ള മാറ്റങ്ങളെത്തിയാല്‍ അത് പടിഞ്ഞാറന്‍ കാറ്റിനെ ശക്തമാക്കുമെന്നും കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്നും തിരുവനന്തപുരം മീറ്റിരിയോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് എല്‍എസിഡി ഹെഡും ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ഡോ. വി.കെ. മിനി ജന്മഭൂമിയോട് പറഞ്ഞു. ഇന്ന് മുതല്‍ ന്യൂനമര്‍ദ പാത്തിയുടെ ശക്തി കുറയുമെന്നും അവര്‍ വ്യക്തമാക്കി. 17, 18 തീയതികളില്‍ മേഖലയിലേക്ക് പുതിയ ന്യൂനമര്‍ദമെത്തുന്നതിനാല്‍ സമാനമായി വീണ്ടും മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. കൂടുതലായും മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ന്യൂനമര്‍ദ പാത്തിയുടെ ഭാഗമായി കനത്ത മഴയെത്തിയത്. ഇതിനൊപ്പം തന്നെ വടക്കന്‍ തമിഴ്നാട്ടില്‍ രൂപമെടുത്ത ചക്രവാതച്ചുഴിയുടെ സ്വാധീനവും മഴ കനക്കാന്‍ കാരണമായി.
തെക്കന്‍ ഇന്ത്യന്‍ സമുദ്രത്തില്‍ (അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍) അന്തരീക്ഷ സ്ഥിതിയിലെ അസ്ഥിരതകള്‍ തുടരുന്നതാണ് ഇത്തരത്തില്‍ അപ്രതീക്ഷിത മഴയ്ക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. അറബിക്കടലിലേക്ക് മാത്രം നിലവില്‍ മൂന്ന് സ്ഥലങ്ങളില്‍ നിന്നാണ് കാറ്റെത്തുന്നത്. സൈബീരിയ, ഇന്ത്യന്‍ മഹാസമുദ്രം, പസഫിക്ക് എന്നിവയാണവ. ഇത്തരത്തിലുള്ള പ്രതിഭാസം സാധാരണയായി ലഭിക്കേണ്ട മഴയുടെ സ്വഭാവം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: