പരവൂര്‍: നെടുങ്ങോലം വടക്കേമുക്കില്‍ മഴക്കാലത്ത് മലിനജലം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു. നെടുങ്ങോലം, വടക്കേമുക്ക് കല്ലാഴി കലുങ്കുവഴി കായലിലേക്ക് മലിനജലമൊഴുകുന്ന ഓടയുടെ അവസാനഭാഗം അടച്ചതാണ് മലിനജലം ഒഴുകാതിരിക്കാന്‍ കാരണം.
സ്വകാര്യ വ്യക്തി നിര്‍മാണ പ്രവൃത്തികള്‍ക്ക് ഓട കെട്ടിയടച്ചതാണ് ചിറക്കര പതിനാറാം വാര്‍ഡിലെ ജനങ്ങളാകെ ദുരിതത്തിലാക്കുന്നത്. കല്ലാഴി താഴ്ന്ന പ്രദേശമായതിനാല്‍ മഴപെയ്യുമ്പോള്‍ നെടുങ്ങോലം എംഎല്‍എ ജങ്ഷനില്‍ നിന്നുള്ള അഴുക്കു വെള്ളം കുത്തിയൊലിച്ച് റോഡ് സൈഡിലുള്ള കലുങ്കിന്റെ ഭാഗത്തുനിന്ന് ഗതിമാറി പറമ്പുകളിലേക്കും വീടുകളിലേക്കും കയറുകയാണ്.
ഇതു മൂലം കിണറുകളില്‍ മലിനജലം കലര്‍ന്ന് ഇതുപയോഗിക്കുന്ന കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരവധി അസുഖങ്ങള്‍ പിടിപെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലമായാല്‍ നാലുമുക്ക് ജങ്ഷനില്‍ ദിവസങ്ങളോളം വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. മുട്ടോളം പൊങ്ങുന്ന വെള്ളം കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുകയാണ്. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തവിധം പരിസരമാകെ മലിനജലവും ചെളിയും നിറഞ്ഞുനില്ക്കും. റോഡിനു സമീപത്തെ ശിവപാര്‍വ്വതിക്ഷേത്രവും, പരിസരവും വെള്ളത്തിലാകും. കൂടാതെ അപകടകരമായ രീതിയില്‍ ട്രാന്‍സ്ഫോര്‍മറും ഉണ്ട്.
നെടുങ്ങോലം വടക്കേമുക്കില്‍ നിന്നുള്ള റോഡരികിലെ അഴുക്കുചാല്‍ ഒരു വീടിനുമുന്നിലാണ് അവസാനിക്കുന്നത്. ഈ വീട്ടുകാര്‍ 12 വര്‍ഷം മുമ്പ് അഴുക്കുചാല്‍ പാറ ഉപയോഗിച്ച് കെട്ടിയടച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുമ്പ് ഇതു വഴിയായിരുന്നു മഴവെള്ളം അടുത്തുള്ള വയലിലേക്ക് ഒഴുകിയിരുന്നത്. വര്‍ഷങ്ങളായി മണ്ണും ചെളിയും മൂടിക്കിടന്ന ഈ ഓട ബിജെപിയുടെ ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണി രതീഷിന്റെ നേതൃത്വത്തില്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും കൂടി ഒന്നര കിലോമീറ്ററോളം ചെളിയും മണ്ണും നീക്കം ചെയ്തു. ചിറക്കര പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഓട ശുചീകരിച്ചത്.
മുപ്പതു മീറ്റര്‍ മാത്രം അവശേഷിക്കെ അനധികൃത നിര്‍മാണം നടത്തിയ സ്വകാര്യ വ്യക്തി തടസങ്ങളുമായെത്തി. തര്‍ക്കത്തില്‍ പഞ്ചായത്തും പോലീസും ഇടപെട്ടതോടെ അഴുക്കുചാല്‍ വൃത്തിയാക്കല്‍ താത്ക്കാലികമായി നിര്‍ത്തി. കളക്ടര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി, വെള്ളം ഒഴുകിപ്പോകാന്‍ വഴിയുണ്ടാക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാല്‍ പിന്നീട് നടപടിയുണ്ടായില്ല. അതോടെയാണ് പ്രദേശവാസികള്‍ കര്‍മസമിതി രൂപവത്കരിച്ച് അഴുക്കുചാല്‍ നന്നാക്കാന്‍ തുടങ്ങിയത്. ഓട വൃത്തിയാക്കാന്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: