കോഴിക്കോട് : താമരശ്ശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ സ്ത്രീക്ക് ഗുരുതര പരിക്ക്. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയയ്ക്കാണ് പരിക്കേറ്റത്. താമരശ്ശേരി വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന് റോഷന്റെ നായകളാണ് ഫൗസിയയെ ആക്രമിച്ചത്.
നടുറോഡിലിട്ട് നായകള്‍ സ്ത്രീയെ കടിച്ചു കീറുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മദ്രസയില്‍ പോയ കുട്ടിയെ തിരികെ വിളിക്കാനായി പോയതായിരുന്നു ഫൗസിയ. റോഡിലേക്കിറങ്ങിയതും നായ്ക്കള്‍ വളയുകയായിരുന്നു. രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ നിലത്തുവീണ ഫൗസിയയുടെ തലയ്ക്കും മുഖത്തും കൈയ്ക്കും കടിയേറ്റു. സമീപത്തുണ്ടായിരുന്നുവര്‍ എത്തി ഏറെ പണിപ്പെട്ടാണ് നായ്ക്കളെ ഓടിച്ച് യുവതിയെ രക്ഷിച്ചത്.
സാരമായി പരിക്കേറ്റ ഫൗസിയ ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. റോഷന്റെ നായ്ക്കള്‍ ഇതിന് മുമ്പും നിരവധിയാളുകളെ കടിച്ചിട്ടുള്ളതായി നാട്ടുകാര്‍ പരാതിപ്പെട്ടു. കഴിഞ്ഞ മാസം ഇതേ നായകളുടെ ആക്രമണത്തില്‍ പ്രദേശവാസിയും എസ്റ്റേറ്റ് ജീവനക്കാരനുമായ പ്രഭാകരന് എന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്റ്റേറ്റിന് സമീപത്തുവച്ചുണ്ടായ സംഭവത്തില്‍ തലയ്ക്കും കൈക്കും മുതുകിലുമെല്ലാം പരിക്കേറ്റ പ്രഭാകരനെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
വിദേശയിനം നായകളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇന്നത്തെ സംഭവത്തോടെ എസ്റ്റേറ്റിന് മുന്നില്‍ തടിച്ചു കൂടിയ നാട്ടുകാര്‍ പ്രതിഷേധിക്കുകയും, പോലീസിനെ വിളിച്ചു വരുത്തി റോഷനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: