മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ പൊലീസ് വെടിവെച്ചുകൊന്നവരില്‍ പിടികിട്ടാപ്പുള്ളിയായ ഉന്നത മാവോയിസ്റ്റ് നേതവ് മിലിന്ദ് തെല്‍തുംബ്ഡെയും ഉള്‍പ്പെട്ടിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. 26 മാവോയിസ്റ്റുകളെയാണ് സി-60 സേനയില്‍പ്പെട്ട കമാന്‍ഡോകള്‍ ശനിയാഴ്ച മണിക്കൂറുകള്‍ നീണ്ട വെടിവെയ്പിനൊടുവില്‍ കൊലപ്പെടുത്തിയത്.
സിപി ഐ (മാവോയിസ്റ്റ്) സംഘത്തിലെ കേന്ദ്രകമ്മിറ്റി അംഗമായ മിലിന്ദ് തെല്‍തുംബ്ഡെ വധിക്കപ്പെട്ടവരില്‍ ഉള്ളതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും ഞായറാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചു. ജീവ, ദീപക് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്ന മിലിന്ദ് തെല്‍തുംബ്ഡെ പുതുതായി രൂപംകൊണ്ട എംഎംസി സോണ്‍ (മഹാരാഷ്ട്ര-മധ്യപ്രദേശ്-ഛത്തീസ്ഗഡ് കൊണ്ഫ്ളുവന്സ്) എന്ന ഗ്രൂപ്പിന്റെ തലവന്‍ കൂടിയായിരുന്നു. 50 ലക്ഷമാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്.
2018ല്‍ ഭീമ കോറിഗാവ്-എല്‍ഗര്‍ പരിഷത് അക്രമത്തില്‍ പ്രതിയാണ് തെല്‍തുംബ്ഡെ. മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗമായിരുന്നു കോറിഗാവ്-എല്‍ഗല്‍ പരിഷത് അക്രമമെന്ന് അന്ന് മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു. ആ കേസില്‍ പ്രതിയാണ് മിലിന്ദ് തെല്‍തുംബ്ഡെ. ഭീമാ കോറിഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കുന്നതിന് എല്‍ഗല്‍ പരിഷത്തില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ സവര്ണ്ണഹിന്ദുവിഭാഗത്തെ ആക്രമിക്കാന്‍ ആസൂത്രിത പദ്ധതിയുണ്ടായിരുന്നുവെന്നും അതുവഴി മോദി സര്‍ക്കാരിനെ തന്നെ അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിയിട്ടിരുന്നുവെന്നും മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് പൊലീസ് വാന്‍ ഉള്‍പ്പെടെ 30 വാഹനങ്ങള്‍ കത്തിച്ചിരുന്നു. 200 വര്‍ഷം മുന്‍പ് 1818ല്‍ പേഷ്വാ ബാജിറാവുവും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വാര്‍ഷികമാണ് എല്‍ഗര്‍ പരിഷത്തില്‍ വിളിച്ച സമ്മേളനം.
കൂടുതല്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കാടരിച്ച് പെറുക്കുകയാണ് പൊലീസിപ്പോള്‍. ഭീമ കോറിഗാവ് കേസ് അന്വേഷിച്ച എന്‍ ഐഎ മിലിന്ദ് തെല്‍തുംബ്ഡെ ജ്യേഷ്ഠന് ആനന്ദ് തെല്‍തുംബ്ഡെയുമായി ചേര്‍ന്ന് നക്സല്‍ പ്രസ്ഥാനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ആനന്ദിന്റെ പ്രചോദനം മൂലമാണ് മിലിന്ദ് മാവോയിസ്റ്റംഗമായതെന്ന് പറയുന്നു. എല്‍ഗല്‍ പരിഷത്ത്-ഭീമ കോറിഗാവ് അക്രമത്തിന് നക്സലൈറ്റുകളുമായി ബന്ധമുണ്ടെന്ന് എന്‍ ഐഎ കണ്ടെത്തിയപ്പോള്‍ ആരും വിശ്വസിച്ചില്ല. ഇവര്‍ ജെ്എന്‍യു, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുകയും മാവോയിസ്റ്റ് സംഘത്തില്‍ അംഗമാക്കുകയും ചെയ്തിരുന്നു.
ഇതേ കേസില്‍ അറസ്റ്റിലായ 84കാരനായ സ്റ്റാന്‍ സ്വാമിയെന്ന ജെസ്യൂട്ട് പാതിരി ഈയിടെ മുംബൈ ആശുപത്രിയില്‍ മരിച്ചു. കേസില്‍ പ്രതികളായ സുധ ഭരദ്വാജ്, അരുണ്‍ ഫെറേറ, വെന്നോന് ഗൊണ്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിംഗ്, സുധീര്‍ ധവാലെ, ഗൗതം നവ്ലാഖ, ആനന്ദ് തെല്‍തുംബ്ഡെ എന്നിവര്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതില്‍ പി. വരവര റാവുവിന് ജാമ്യം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: