സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയില്‍ നാശ നഷ്ടങ്ങളുമുണ്ടായതിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.95 അടിയായി ഉയര്‍ന്നിട്ടുണ്ട്. തെന്മല അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാം ഷട്ടറുകള്‍ 20 സെമീ കൂടി ഉയര്‍ത്തി. ഡാമില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.74 അടിയായി ഉയര്‍ന്നു. 2399.03 അടി എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.
മഴ തുടര്‍ന്നാല്‍ അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ കെഎസ്ഇബി ഇന്ന് തീരുമാനം എടുത്തേക്കും. മഴക്കൊപ്പം മൂലമറ്റം പവര്‍ ഹൗസില്‍ ഉത്പ്പാദനം കുറച്ചതും ജലനിരപ്പ് ഉയരാന്‍ കാരണമായി. ഒരു ജനറേറ്റര്‍ സാങ്കേതിക തകരാര്‍ മൂലം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്.
കനത്ത മഴമൂലം ശനിയാഴ്ച മണ്ണ് വീണ് മൂടി പാറശാല റെയില്‍വേ പാളത്തിലെ മണ്ണ് പൂര്‍ണ്ണമായും നീക്കാന്‍ കഴിഞ്ഞില്ല. ശക്തമായ മഴയില്‍ മണ്ണ് വീണ്ടും വീഴുകയാണ്. നെയ്യാറ്റിന്‍കര ദേശീയപാതയിലെ മരുത്തൂര്‍പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്ക് ശേഷം ഇന്ന് ഗതാഗതം പുനസ്ഥാപിച്ചേക്കും.
നെയ്യാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. നെയ്യാറ്റിന്‍കര പാലക്കടവിലാണ് 65 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കിട്ടിയത്. ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലത്തും മഴ തുടരുകയാണ്. കുളത്തൂപ്പുഴ ആര്യങ്കാവ് അടക്കം കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയാണ്. പുനലൂരില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കല്ലടയാറ്റില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങള്‍ ഇല്ല.മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയായ ആര്യങ്കാവ്, അച്ചന്‍കോവില്‍, കുളത്തുപ്പുഴ മേഖലകളിലെ സ്കൂളുകള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചു. മണ്ണിടിച്ചിലും മരങ്ങള്‍ വീണുള്ള അപകട സാധ്യതയും കണക്കിലെടുത്താണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: