മക്കളേ,
ലോകത്ത് പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന എത്രയോ പേരുണ്ട്. ദാരിദ്ര്യം, മാരകമായ രോഗങ്ങള്‍ ജന്മനാ അംഗവൈകല്യമുള്ളവര്‍ തുടങ്ങി അവശതകളനുഭവിക്കുന്നവര്‍ അനേകമാണ്. അവരുടെ കഷ്ടപ്പാടുകള്‍ അല്പമെങ്കിലും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവരെ പുച്ഛിക്കുകയോ നിന്ദിക്കുകയോ അവഗണിക്കുകയോ ചെയ്യാന്‍ നമ്മള് തയ്യാറാവില്ല. വയറു നിറച്ചാഹാരം കഴിച്ചിട്ടിരിക്കുന്നവനു വിശക്കുന്നവന്റെ വിഷമമറിയില്ല. വിശപ്പിന്റെ വേദന അനുഭവിച്ച ഒരാള്‍ക്കു മാത്രമേ അതറിയാന്‍ കഴിയൂ. ഭാരം ചുമന്നിട്ടുള്ള ഒരാള്‍ക്കു മാത്രമേ ഭാരം ചുമക്കുന്നവരുടെ ക്ലേശം അറിയാന്‍ കഴിയൂ. നമ്മള് മറ്റുള്ളവരുടെ തലത്തിലേയ്ക്കിറങ്ങിച്ചെന്നു ചിന്തിക്കണം. അപ്പോഴെ അവരുടെ കഷ്ടപ്പാടറിയാന്‍ കഴിയൂ. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞാല്‍ അതു നമ്മുടെ ജീവിതയന്ത്രത്തിനു എണ്ണ ഇടുന്നതുപോലെയാണ്.
ഒരു ഗ്രാമത്തില്‍ അന്ധനായ ഒരു കുട്ടി ഉണ്ടായിരുന്നു. അവന്റെ വീടിനടുത്തുള്ള മൈതാനത്തില്‍ എന്നും അവന്റെ സമപ്രായക്കാരായ കുട്ടികള്‍ പന്തു കളിക്കാറുണ്ട്. അവര്‍ ആവേശത്തോടെ കളിക്കുമ്പോള്‍ ചില ദിവസങ്ങളില്‍ അവന് വടിയുടെ സഹായത്തോടെ കളിസ്ഥലത്തിനു സമീപം ഒരിടത്തു മാറിയിരിക്കും. അവര്‍ ആര്‍ത്തുല്ലസിക്കുമ്പോഴും ചിരിക്കുന്നതു കേള്‍ക്കുമ്പോഴും അവനും അവരോടൊപ്പം സന്തോഷിച്ചു. എന്നാല്‍ ആ കുട്ടികള്‍ക്ക് അവനെ പുച്ഛമായിരുന്നു. ‘ആ കണ്ണുപൊട്ടനെ ഇവിടെനിന്നു പറഞ്ഞയയ്ക്കൂ’ എന്നും ‘ദൂരെ പോ!’ എന്നും പറഞ്ഞ് അവര്‍ അവനെ ആട്ടിയോടിക്കും. അവരുടെ കണ്ണില്‍ അവന് ഒരു ദുശ്ശകുനമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയാല്‍ അവന് അച്ഛനോടു പറയും, ‘അച്ഛാ, എന്നെ കളിസ്ഥലത്ത് ഇരിക്കാന്‍പോലും അവര്‍ സമ്മതിക്കുന്നില്ല. എന്നെ കണ്ടാലുടനെ ഓടിക്കുന്നു. എനിക്കു കളിയില്‍ പങ്കെടുക്കാനോ, അതു കാണാനോ കഴിയില്ലെങ്കിലും, അവരുടെ സന്തോഷം നിറഞ്ഞ ആരവങ്ങള്‍ കേള്‍ക്കുമ്പോള്‍ ആ സന്തോഷത്തില്‍ ഞാനും പങ്കാളിയാകാറുണ്ട്. എന്നാല്‍ അവര്‍ എന്നെ അന്ധനെന്നു വിളിച്ചു പരിഹസിക്കുമ്പോള്‍ എനിക്കു വളരെ വിഷമമാകുന്നു.’ ആ ബാലന്റെ അച്ഛന് പ്രശ്നം ഗ്രാമത്തലവനോടു പറഞ്ഞു. അദ്ദേഹത്തിനൊരു ഉപായം തോന്നി. ഒരു ദിവസം ഗ്രാമത്തിലെ മുതിര്‍ന്നവരുടെ ഒരു യോഗം വിളിച്ചുകൂട്ടി, ഗ്രാമത്തലവന് അവരോടു പറഞ്ഞു, ‘കാഴ്ചയില്ലാത്തവരുടെ വിഷമം മനസ്സിലാക്കാന്‍ ഈ ഗ്രാമത്തിലെ എല്ലാ കുട്ടികളും വര്‍ഷത്തില്‍ ഒരു ദിവസം ആറു മണിക്കൂര്‍ കണ്ണുകള്‍ കെട്ടിവെയ്ക്കണം. അവര്‍ക്ക് അത് നല്ലൊരു അനുഭവമായിരിക്കും.’ ഗ്രാമസഭ ആ നിര്‍ദ്ദേശം അംഗീകരിച്ചു. അന്നു മുതല്‍ വര്‍ഷത്തില്‍ ഒരു ദിവസം ഗ്രാമത്തിലെ എല്ലാ കുട്ടികളും കണ്ണുകള്‍ തുണികൊണ്ടു കെട്ടിവെയ്ക്കും.ആദ്യം കുട്ടികള്‍ അതൊരു തമാശയായി കരുതി. എന്നാല്‍ കുറച്ചുനേരം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കണ്ണു കാണാനാകാത്തതിന്റെ ബുദ്ധിമുട്ടനുഭവപ്പെട്ടു തുടങ്ങി. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും അവര്‍ക്കതു മടുത്തു. അവര്‍ ചിന്തിച്ചു, ‘ഞങ്ങള്‍ ആ കണ്ണുകാണാത്ത കുട്ടിയെ എത്രയോ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നു. അതവനെ വളരെയധികം വേദനിപ്പിച്ചിരിക്കണം. കാഴ്ചയില്ലെങ്കിലും അവനു മറ്റു പല കഴിവുകളുമുണ്ട്. അവന് നന്നായി പാടും. മറ്റു പല രംഗങ്ങളിലും അവന് നമ്മളെക്കാള്‍ മുന്നിലാണ്. എന്നിട്ടും ഞങ്ങള്‍ അവനോടു മോശമായി പെരുമാറി. കാല്‍ദിവസം പോലും കണ്ണുകെട്ടിയിരിക്കാന്‍ ഞങ്ങള്‍ക്കു കഴിയുന്നില്ല. അപ്പോള്‍ കാഴ്ചശക്തിയില്ലാത്ത അവന് എത്രമാത്രം ദുഃഖിക്കുന്നുണ്ടാകും. അവനോട് അനുകമ്പ കാണിക്കുന്നതിനുപകരം വളരെ ക്രൂരമായാണ് ഞങ്ങള്‍ പെരുമാറിയത്. ഇനി ഒരിക്കലും ഞങ്ങള്‍ ഇതാവര്ത്തിക്കില്ല.’
മാത്രമല്ല അന്ധബാലനെപ്പോലെ അവശതയനുഭവിക്കുന്ന മറ്റു കുട്ടികളെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും അവര്‍ തീരുമാനിച്ചു. അന്ധരായി കഴിയുന്നതിന്റെ വേദന മനസ്സിലായതോടെ അവരുടെ കാഴ്ചപ്പാടില്‍ മാറ്റംവന്നു. ഭിന്നശേഷിയുള്ളവരുടെ കഴിവുകളെ ബഹുമാനിക്കാനും അവരോടു ദയയോടും സ്േനഹത്തോടും പെരുമാറാനും അവര്‍ പ്രതിജ്ഞ ചെയ്തു. അവര്‍ കുറച്ചു പണം ശേഖരിച്ച് അന്ധരും ബധിരരും മൂകരുമായവര്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങി.
ഒരന്ധനെ നോക്കി കളിയാക്കി ചിരിക്കുകയാണെങ്കില്‍ സത്യത്തില്‍ നമ്മള് തന്നെയാണ് അന്ധനാകുന്നത്. കാരണം അവരിലുള്ള മറ്റു പല കഴിവുകളും കാണാനുള്ള കണ്ണുകള്‍ നമുക്കില്ല. കാഴ്ചശക്തിയുണ്ടായിട്ടും ശരിയായ കാഴ്ചപ്പാടില്ലാത്തവനാണ് യഥാര്‍ത്ഥ അന്ധന്. അതുപോലെ സംസാരശേഷിയെ തെറ്റായി ഉപയോഗിക്കുന്നവനാണ് യഥാര്‍ത്ഥ മൂകന്. താന്‍ കേള്‍ക്കുന്ന കാര്യങ്ങളെ ശരിയായി ഉള്‍ക്കൊള്ളാത്തവനാണ് യഥാര്‍ത്ഥ ബധിരന്.
മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്നതിന് അവരനുഭവിക്കുന്ന അതേ ദുഃഖം നമ്മളും അനുഭവിക്കണമെന്നില്ല. അതില്ലാതെതന്നെ മറ്റുള്ളവരുടെ വേദന മനസ്സിലാക്കുവാനുള്ള കഴിവ് ഈശ്വരന് നമുക്കു തന്നിട്ടുണ്ട്. അതിനെയാണു സഹാനുഭൂതി എന്നു വിളിക്കുന്നത്. മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഃഖമായിക്കാണാനും, നമ്മുടെ സുഖം അവരുടെകൂടി സുഖമാക്കിത്തീര്‍ക്കാനും മക്കള്‍ പരിശ്രമിക്കണം. അതാണ് ഈശ്വരനോടുള്ള നമ്മുടെ കടപ്പാട്. നമുക്കുചുറ്റും നമ്മള് സ്വയം കെട്ടിയുയര്‍ത്തിയ സ്നേഹരാഹിത്യത്തിന്റെയും സ്വാര്‍ത്ഥതയുടെയും വേലിക്കെട്ടുകള്‍ മറികടന്ന് സകലരുടെയും ഉള്ളില്‍ കുടികൊള്ളുന്ന ഈശ്വരനെ ദര്‍ശിച്ച് ആരാധിക്കണം. സ്നേഹഗാനം ആലപിച്ച് അനന്തമായ ആകാശത്തില്‍ പറന്നുല്ലസിക്കുന്ന പറവകളെപ്പോലെയാകട്ടെ നമ്മള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: