ഇവിടെയുള്ളതേ മറ്റിടത്തുള്ളൂ, ഇവിടെയില്ലാത്തത് മറ്റിടത്തില്ലതാനും (യദിഹാസ്തി തദന്യത്ര, യന്നേ ഹാസ്തി ന കുത്രചിത്) എന്നാണല്ലോ വ്യാസ മഹര്‍ഷി മഹാഭാരതത്തെക്കുറിച്ച് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ധര്‍മാര്‍ത്ഥ കാമമോക്ഷങ്ങളുടെ സന്തുലിതാവസ്ഥ ലോകസമക്ഷം അവതരിപ്പിക്കുന്ന ഇതിഹാസത്തിലെ കഥാപാത്രങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ക്കും പില്‍ക്കാലത്ത് സംഭവിച്ച ചില അപഭ്രംശങ്ങള്‍ വ്യാസവചസ്സിന്റെ പോലും ശോഭ കെടുത്തുന്നതായി. വ്യാസന്‍ പറയുകയോ സങ്കല്‍പ്പിക്കുകയോ ചെയ്യാത്ത പലതും മഹാഭാരതത്തിന്റെ പേരില്‍ പ്രചുരപ്രചാരം നേടി. നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ഈ വൈജ്ഞാനിക മാലിന്യങ്ങള്‍ നീക്കി ഇതിഹാസത്തിന്റെ വേരുകളും നേരുകളും കാട്ടിത്തരുന്ന ആര്‍. ഹരിയുടെ ഇതുസംബന്ധിച്ച ആറാമത് പുസ്തകമാണ് ‘വ്യാസഭാരതത്തിലെ നാരദര്‍.’
ഏഷണിക്കാരനും കലഹപ്രിയനുമെന്ന സ്ഥാനമാണ് നാരദന് പലരും കല്‍പിച്ചു നല്‍കിയിട്ടുള്ളത്. നാരദന്‍ എന്നത് ഇക്കാലത്ത് ആരെയെങ്കിലും ആക്ഷേപിക്കാനുള്ള വാക്കായി മാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഐന്ദ്രിയജ്ഞാനത്തിന്റെയും അതീന്ദ്രിയജ്ഞാനത്തിന്റെയും അവസാന വാക്കായിരുന്നു നാരദര്‍. അസുലഭ കാന്തിയുള്ള ഇത്തരമൊരു കഥാപാത്രത്തിന് അപഭ്രംശം സംഭവിച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാന്‍ മറ്റ് പണ്ഡിതന്മാര്‍ മുതിരാതിരുന്നത് അദ്ഭുതകരമായി തോന്നുന്നു. മഹാഭാരതത്തെ മുന്‍നിര്‍ത്തി ആ മഹാദൗത്യം ഏറ്റവും ആധികാരികമായി നിര്‍വഹിച്ചിരിക്കുകയാണ് ഗ്രന്ഥകാരന്‍. ‘വ്യാസഭാരതത്തിലെ നാരദര്‍’ വായിക്കുന്ന ഒരാള്‍ക്കും നാരദനെ പരിഹാസ്യ കഥാപാത്രമായി കാണാനാവില്ല. അങ്ങനെ ചെയ്യുന്നത് സംസ്‌കാര നിന്ദയായിരിക്കുമെന്ന് ഈ പുസ്തകം ബോധ്യപ്പെടുത്തുന്നു.
മഹാഭാരതത്തിലെ നാല് സൂത്രധാരന്മാരില്‍ ഒരാളാണ് നാരദര്‍. ശ്രീകൃഷ്ണന്‍, വ്യാസന്‍, മാര്‍ക്കണ്ഡേയ മഹര്‍ഷി എന്നിവരാണ് മറ്റുള്ളവര്‍. വ്യാസന്‍ വിഭാവനം ചെയ്യുന്ന ധര്‍മരാജ്യത്തിന്റെ അസ്തിവാരമുറപ്പിക്കുന്നതില്‍ ഒരാളും നാരദനാണ്. ആചാര്യ മൗലികവാദിയായ ഭീഷ്മ പിതാമഹന്റെയും ധര്‍മിഷ്ഠനെന്ന് പുകള്‍പെറ്റ വിദുരരുടെയും സ്ഥാനം ഇതിന് താഴെയാണെന്ന അഭിപ്രായമാണ് ഗ്രന്ഥകാരനുള്ളത്. പുസ്തകം മുഴുവന്‍ വായിച്ചുതീരുമ്പോള്‍ ഈ അഭിപ്രായം വായനക്കാരുടേതായും മാറും.
മഹാഭാരതത്തിനപ്പുറവും ഇപ്പുറവും വ്യാപിച്ചു കിടക്കുന്ന നാരദനെ പരിചയപ്പെടുത്തിയശേഷമാണ് മഹാഭാരതത്തിലെ നാരദനിലേക്ക് ഗ്രന്ഥകാരന്‍ വരുന്നത്. ഋഗ്വേദം എട്ടാം മണ്ഡലത്തിലെ പതിമൂന്നാം സൂക്തം നാരദന്റേതാണ്. അത്യുന്നതമായ ചിന്തകളുടെ കര്‍ത്താവായാണ് നാരദനെ ഇവിടെ കാണുന്നത്. ഇതേ നാരദനെയാണ് പില്‍ക്കാലത്ത് മഹാഭാരതത്തിലും കാണുന്നത്. അഥര്‍വവേദത്തിലും നാരദന്‍ പ്രത്യക്ഷപ്പെട്ട് ഭരണാധികാരികളുടെ അധികാര ധാര്‍ഷ്ട്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഛാന്ദോഗ്യോപനിഷത്തിലെ നാരദര്‍ സര്‍വവിജ്ഞാനത്തിന്റെയും ഉറവിടമാണ്. ആദികവിയായ വാല്മീകി, രാമായണത്തിലെ ഒന്നാം കാണ്ഡത്തിലെ ഒന്നാമധ്യായത്തിലെ ഒന്നാമത്തെ ശ്ലോകത്തിലെ ഒന്നാമത്തെ വാക്കായി രേഖപ്പെടുത്തിയത് നാരദനെക്കുറിച്ചാണെന്ന് അറിയുക. ആദികാവ്യം രചിക്കുന്നതിന് താന്‍ മനസ്സില്‍ കണ്ട പതിനഞ്ച് ഗുണങ്ങളുള്ള മനുഷ്യനു പകരം അതിന്റെ നാലിരട്ടി ഗുണങ്ങളുള്ള രാമനെക്കുറിച്ച് വാല്മീകിക്ക് വിവരം നല്‍കുന്നത് നാരദനാണ്.
മഹാഭാരതത്തില്‍ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നാരദര്‍ പ്രത്യക്ഷപ്പെടുന്നു. ശതശൃംഗത്തില്‍ പാണ്ഡവരില്‍ മൂന്നാമനായ അര്‍ജുനന് കുന്തി ജന്മം നല്‍കുമ്പോഴാണ് ആദ്യ സന്ദര്‍ശനം. പാഞ്ചാലിയുടെ സ്വയംവരം നടക്കുമ്പോഴും മാമുനിയെത്തി. പഞ്ചപാണ്ഡവരുടെ വിവാഹം കഴിഞ്ഞ് അവര്‍ കുലാല ഭവനത്തില്‍ കഴിയുമ്പോഴായിരുന്നു മൂന്നാമത്തെ സന്ദര്‍ശനം. വനവാസം കഴിഞ്ഞ് ഖാണ്ഡവപ്രസ്ഥം കേന്ദ്രമാക്കി പാണ്ഡവര്‍ രാജ്യം ഭരിക്കുമ്പോള്‍ പിന്നെയും നാരദനെത്തുന്നു. ഈ അവസരത്തില്‍ വ്യാസ മഹര്‍ഷി തന്നെ നാരദനെ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്. ഇതില്‍നിന്നുതന്നെ മാമുനിയുടെ മഹത്വം വ്യക്തമാണ്. പിന്നീടൊരിക്കല്‍ രാജസദസ്സിലെത്തി രാജ്യം, സമൂഹം, വ്യക്തി എന്നിവ സംബന്ധിച്ച് പാണ്ഡവര്‍ക്ക് നാരദന്‍ അറിവുകള്‍ നല്‍കുന്നുണ്ട്. ആ ഘട്ടത്തിലും ആരാണ് നാരദന്‍ എന്ന് വ്യാസന്‍ പരിചയപ്പെടുത്തുന്നുണ്ട്.
രാജാവായ യുധിഷ്ഠിരന് രാജ്യകാര്യങ്ങളെക്കുറിച്ച് നാരദന്‍ നല്‍കുന്ന ഉപദേശങ്ങളില്‍നിന്ന് മാമുനി ഒരു തികഞ്ഞ രാഷ്‌ട്രതന്ത്രജ്ഞനുമാണെന്ന് തെളിയുന്നു. രാജോപദേശം എന്ന അധ്യായത്തില്‍ വിശദമായി തന്നെ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. പാണ്ഡവര്‍ രാജസൂയത്തിനൊരുങ്ങുമ്പോഴും വ്യാസനും ശ്രീകൃഷ്ണനുമൊപ്പം നാരദന്‍ എത്തുന്നുണ്ട്. കൗരവര്‍ കള്ളച്ചൂതിലൂടെ രാജ്യം പിടിച്ച് പാണ്ഡവരെ വനവാസത്തിനയച്ചതറിഞ്ഞ് പ്രത്യക്ഷപ്പെട്ട് ”ഇന്നുതൊട്ടുള്ള പതിനാലാം കൊല്ലം കൗരവന്മാര്‍ നശിക്കും” എന്ന് പ്രവചിക്കുമ്പോള്‍ മറ്റൊരു നാരദനെയാണ് നാം കാണുന്നത്. കൗരവര്‍ ഒന്നടങ്കം വിറച്ചുപോയതില്‍നിന്നു തന്നെ മുനിയുടെ കരുത്ത് മനസ്സിലാക്കാനാവും. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.
തീര്‍ത്ഥയാത്രയുടെ ഗുണങ്ങള്‍ യുധിഷ്ഠിരന് പറഞ്ഞുകൊടുക്കുന്ന നാരദന്‍, വരബലത്താല്‍ ലഭിച്ച ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് അര്‍ജ്ജുനനെ തടയുകയും ചെയ്യുന്നു. ”ഇതിങ്ങനെ പ്രദര്‍ശിപ്പിക്കാനുള്ളവയല്ല, ശത്രുക്കളെ സംഹരിക്കാന്‍ യുദ്ധത്തില്‍ പ്രയോഗിക്കേണ്ടവയാണ്” എന്നാണ് മാമുനിയുടെ വാക്കുകള്‍. ഭാരതത്തില്‍ തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത് വ്യാസനും നാരദനും ചേര്‍ന്നാണെന്ന നിഗമനവും ഗ്രന്ഥകാരന്‍ മുന്നോട്ടു വയ്‌ക്കുന്നുണ്ട്. കന്യാകുമാരിയെന്ന പുണ്യതീര്‍ത്ഥത്തെക്കുറിച്ചും നാരദന്റെ നാവില്‍നിന്ന് കേള്‍ക്കുന്നു.
പാണ്ഡവര്‍ പാഞ്ചാലിയെച്ചൊല്ലി തമ്മില്‍ത്തല്ലാതിരിക്കാന്‍, വിശ്വകര്‍മാവ് സൃഷ്ടിച്ച തിലോത്തമയില്‍ അഭിനിവേശം പൂണ്ട് സുന്ദോപസുന്ദന്മാര്‍ പരസ്പരം വെട്ടിമരിച്ച കഥ പറഞ്ഞുകൊടുക്കുന്നതും, കര്‍ണന്റെ രഥചക്രം മണ്ണില്‍ താഴാനിടയായ ശാപകഥ പറഞ്ഞുകൊടുക്കുന്നതും നാരദമുനിയാണ്. യുദ്ധമെല്ലാമൊടുങ്ങി കൗരവരുടെ സമ്പൂര്‍ണ നാശത്തിനുശേഷം ധൃതരാഷ്‌ട്രരും ഗാന്ധാരിയും കുന്തിയും വനവാസത്തിനൊരുങ്ങുമ്പോള്‍ അവര്‍ക്ക് സദുപദേശം നല്‍കാനും നാരദര്‍ എത്തുന്നു. മൂവരും കാട്ടുതീയില്‍ മരിച്ച വിവരം അറിയിക്കുന്നതും നാരദനാണ്. ഒടുവില്‍ പാണ്ഡവരുടെ സ്വര്‍ഗാരോഹണത്തിലും നാരദര്‍ പ്രത്യക്ഷപ്പെടുന്നു.
മഹാഭാരത കഥയില്‍ നാരദന്‍ നിറഞ്ഞുനില്‍ക്കുന്നില്ല. പക്ഷേ കഥാഗതിയെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. മറ്റൊരാള്‍ ശ്രീകൃഷ്ണനാണ്. ചിലപ്പോഴൊക്കെ കൃഷ്ണനു തുല്യമോ അതിനു മുകളിലോ ആണ് നാരദന്റെ സ്ഥാനം. ഇത്തരമൊരു മഹാവ്യക്തിത്വം പില്‍ക്കാലത്ത് കലഹപ്രിയനായി ചിത്രീകരിക്കപ്പെടാനുള്ള കാരണമെന്തെന്നും ഗ്രന്ഥകാരന്‍ പരിശോധിക്കുന്നുണ്ട്. ഹരിവംശാദി പുരാണങ്ങളെയാണ് ഇതിന് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. രാമായണത്തിലും മഹാഭാരതത്തിലും ഉള്ളതാണെന്ന ധാരണയില്‍ പണ്ഡിതന്മാര്‍ പോലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചില കഥകള്‍ ഇതിഹാസങ്ങളിലേതല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
ആര്‍. ഹരിയുടെ മഹാഭാരത പഠനങ്ങള്‍ വായനക്കാര്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കുക മാത്രമല്ല, പണ്ഡിതന്മാരെപ്പോലും അവര്‍ സ്വായത്തമാക്കിയിട്ടുള്ള അറിവുകള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന കൂടുതല്‍ ഗൗരവമുള്ള മറ്റൊരു പ്രശ്‌നവുമുണ്ട്. ഇതിഹാസങ്ങളുടെ കാര്യത്തിലെന്നപോലെ സംസ്‌കാരവും ജനസമൂഹങ്ങളുമായും ബന്ധപ്പെട്ടും ഇത്തരം അപഭ്രംശങ്ങള്‍ കടന്നുകൂടിയിരിക്കുന്നു. ആദികവി കാട്ടാളനായിരുന്നു എന്നു തെറ്റിദ്ധരിപ്പിക്കുമ്പോള്‍ വാല്മീകി എന്നു പേരുള്ള ഒരു സമുദായവും അപഹസിക്കപ്പെടുകയാണ്. സീതയെ വീണ്ടെടുക്കാന്‍ രാമനെ സഹായിക്കുന്ന വാനരന്മാരെ വെറും കുരങ്ങന്മാരായി ചിത്രീകരിക്കുന്നതിലും അപാകമുണ്ട്. വാനരന്‍ എന്നത് വനത്തിലെ നരനാണ് എന്ന നിഗമനത്തിലെത്തുന്ന എ.വേണുഗോപാലിന്റെ പഠനം ഇവിടെ ഓര്‍ക്കാവുന്നതാണ്. യുഗദീര്‍ഘമായ സംസ്‌കാരത്തിന്റെ കാലപ്പഴക്കം ഇത്തരം അപഭ്രംശങ്ങള്‍ക്ക് കാരണമായി പറയാമെങ്കിലും അവ കാണാതിരുന്നതിന് ന്യായീകരണമാകുന്നില്ല. ഇവിടെയാണ് ആര്‍.ഹരിയുടെ മഹാഭാരത പഠനങ്ങളുടെ പ്രസക്തി മുന്‍കാല പ്രാബല്യത്തോടെ തിരിച്ചറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക