അഡ്വ.ലിഷ ജയനാരായണന്‍
വിരല്‍ വച്ചാല്‍
മുറിയുന്നിടം
ഗംഗയുടെ
കുത്തൊഴുക്ക്.
നോക്കെത്താ
ദൂരത്തെ
ജലപ്പരപ്പില്‍
കുഞ്ഞോളങ്ങള്‍
കസവു നെയ്ത
ശാന്തതയ്ക്കും
അപ്പുറത്തുള്ള
ചുഴികളില്‍
എന്നെയും
നെഞ്ചോടു
ചേര്‍ത്തു
ഭാഗീരഥി
പാടുന്നതൊക്കെയും
ജന്മജന്മാന്തരങ്ങളിലെ
ഉണര്‍ത്തുപാട്ട്.
ഇവിടെയാണ്
നീയെന്നെ
അന്ന് കളഞ്ഞത്.
ബന്ധുര മാനസമെന്നു
നിനയ്ക്കാതെ
ഇവിടെയാണ്
നീയെന്നെ
നിമജ്ജനം ചെയ്തത്.
ജഹ്നുജീരത്തില്
നിന്നു കുതിച്ചുയര്‍ന്ന
അതേ ആവേഗത്തില്‍
വൈദേഹിയെ
പുണര്‍ന്ന
ഭൂദേവിയുടെ
മാതൃഭാവത്തില്‍
അവള്…
ജാഹ്നവി.
അവള്
ആര്‍ത്തലച്ചു വന്നു
അമ്മനെഞ്ചില്
ചേര്‍ത്തുപിടിച്ചതില്‍
പിന്നീട്,
ഓളക്കൈകളില്‍
താളം പിടിച്ചുള്ള
ആന്ദോളനങ്ങളില്‍
പിന്നീട്
ഗര്ഭകവചങ്ങളുടെ
ശാന്തത പുല്കിയ
ആഴക്കയങ്ങളില്‍
അഭയമേകിയതില്
പിന്നീട്
ഇന്നോളം ഞാന്‍
നിരന്തരം
ഒഴുകുകയാണ്.
ജടാമകുടത്തില്
നിന്നുമൂര്‍ന്നു
പരന്നൊഴുകി
വിശ്വനാഥനണയുന്നതും
കാത്ത്
ഇടതു ചെവിയില്‍
കലിസന്തോപനിഷത്
നീയോതുന്നതും കാത്ത്
കാത്തിരിപ്പിന്റെ
ലയലഹരിയില്‍
മതിമറന്ന്
എല്ലാം മറന്നു
കാത്തു കാത്തിരിക്കുകയാണ്
ജന്മങ്ങളെല്ലാമൊടുങ്ങുന്ന
ഒരു ലയലഹരിക്കാലം,
ഒരു സൗന്ദര്യലഹരിക്കാലം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: