ന്യൂനപക്ഷ സമുദായക്കാരെ ടാര്‍ഗറ്റ് ചെയ്ത് കലാപങ്ങള്‍ സൃഷ്ടിക്കുന്നവരും മാധ്യമങ്ങളാല്‍ ഇസ്ലാമിസ്റ്റുകള്‍ എന്നോ ഭൂരിപക്ഷ മൗലികവാദികള്‍ എന്നോ വ്യവഹരിക്കപ്പെടുന്നവരുമായ അക്രമി സംഘം യഥാര്‍ത്ഥത്തില്‍ ആരാണ്? ഇതിനുള്ള ഉത്തരം 2012 ല്‍ ബംഗ്ലാദേശിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഡോ. മൊഹിയുദ്ദീന്‍ ഖാന് ആലംഗീര്‍ നല്‍കിയിട്ടുണ്ട്. അക്കാലത്ത് പാട്ടിയ ഉള്‍പ്പെടെയുള്ള കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞത് ജമാഅത്തെ ഇസ്ലാമിക്കാരും അവരുടെ സ്വാധീനവലയത്തിലമര്‍ന്ന റോഹിംഗ്യകളുമാണ് ആക്രമണത്തിനു പിന്നിലെന്നാണ്. 2013 ഒക്ടോബറിലും നവംബറിലുമായി ലാല്‍ മോനിര്‍ഹാത്ത് ജില്ലയിലെ ഷാഫി നഗറിലും പത്ഗ്രാമിലും ഹിന്ദു ന്യൂനപക്ഷത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ശിബിറും ആണെന്നത്രേ ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് അന്നു പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ പ്രസ്ഥാനക്കാരും കലാപങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.
ഭൂരിപക്ഷ മൗലികവാദികളുടെ ഭീഷണിയും ഹിംസയും നിമിത്തം ന്യൂനപക്ഷക്കാര്‍ക്ക് മാതൃദേശം ഉപേക്ഷിച്ചു പോകേണ്ട ദയനീയ സാഹചര്യം നിലനില്‍ക്കുന്ന ബംഗ്ലാദേശിന്റെ ഭരണഘടനയനുസരിച്ച് അതൊരു മതേതര രാഷ്ട്രമാണ്. അതേസമയം ആ രാജ്യത്തിനു രാഷ്ട്രമതം ഉണ്ടുതാനും. അത് ഇസ്ലാം മതമാണ്. മതേതര രാഷ്ട്രം എന്ന സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത പരികല്‍പ്പനയാണ് രാഷ്ട്രമതം എന്നത്.
ഇസ്ലാം രാഷ്ട്രമതമായിരിക്കെ ഇസ്ലാമിതര ന്യൂനപക്ഷമതങ്ങള്‍ അവിടെ രണ്ടാംകിട മതങ്ങളായിത്തീരുന്നു. ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകള്‍ രാഷ്ട്രമതം എന്ന പരികല്‍പ്പനയുടെ തണലിലാണ് തങ്ങളുടെ മതേച്ഛകള്‍ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇസ്ലാമിന് നല്കപ്പെട്ട രാഷ്ട്രമതം എന്ന പദവി നീക്കം ചെയ്തു കിട്ടാന്‍ 2016 ല്‍ ബംഗ്ലാദേശി സെക്യുലറിസ്റ്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. ആ ശ്രമം വിജയിച്ചില്ല. അതിനാല്‍ തന്നെ ഇസ്ലാമിസ്റ്റുകള്‍ക്ക് തങ്ങളുടെ ഹുങ്കും ദുശ്ശാഠ്യങ്ങളും നടപ്പാക്കാന്‍ സാധിക്കുന്ന രാഷ്ട്രമായി ബംഗ്ലാദേശ് തുടരുന്നു.
സമകാലിക മലയാളം
2021 നവംബര്‍ 8
പ്രതികരിക്കാൻ ഇവിടെ എഴുതുക: