ഇന്ന് നവംബര്‍ പതിനാല്. സ്വതന്ത്രഭാരതത്തിലെ കരാളമായ അടിയന്തരാവസ്ഥയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ ജനായത്തത്തെയും, സപ്ത സ്വാതന്ത്ര്യങ്ങളെയും വീണ്ടെടുക്കാന്‍ രാജ്യവ്യാപകമായി സത്യഗ്രഹ സമരം ആംഭിച്ച ദിവസം. നാല്പത്തിയാറുവര്ഷങ്ങള്ക്കു മുന്‍പ് ആ ധര്‍മയുദ്ധത്തില്‍ പങ്കെടുത്ത ഭടന്മാര്, അതിന്റെ സ്മരണകളുമായി ജീവിതം നയിക്കുന്ന നൂറുകണക്കിനാളുകള്‍ ഇന്നുമുണ്ട്. പലരും യാതനാ നിര്‍ഭരമായ ജീവിതം അവസാനിപ്പിച്ചു കഴിഞ്ഞു. മറ്റുപലരും അതിന്റെ ഓര്‍മകള്‍ അയവിറക്കിയും വേദനതിന്നും കഴിഞ്ഞുകൂടുന്നു.
നവംബര്‍ പതിനാല് ജന്മഭൂമിയെ സംബന്ധിച്ചു അവിസ്മരണീയമാണ്. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായ ജന്മഭൂമി സായാഹ്ന ദിനപത്രം, പ്രഭാത പതിപ്പായി എറണാകുളത്തുനിന്നും പുനഃപ്രസിദ്ധീകരണം ആരംഭിച്ചത് 1977 നവംബര്‍ പതിനാലിനാണ്. രണ്ടുവര്‍ഷം മുന്പാരംഭിച്ച സത്യഗ്രഹസമരമടക്കമുള്ള ബഹുജന ചെറുത്തുനില്‍പ്പിന് നേതൃത്വം നല്കിയ സര്‍വോദയ നേതാവ് പ്രൊഫസര്‍ എം.പി. മന്മഥന് തന്നെ യതോ ധര്മസ്തതോ ജയ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിന്റെ മുഖ്യപത്രാധിപത്യം ഏറ്റെടുത്തു. 1977 നവംബര്‍ 14 ന് ജന്മഭൂമിയുടെ സമുദ്ഘാടനം എറണാകുളം ടൗണ്‍ഹാളില്‍ ചേര്‍ന്ന ഗംഭീര സദസ്സിനെ സാക്ഷിയാക്കി, സാമ്പത്തിക ശാസ്ത്ര വിദഗ്ധനായ ഡോ. കെ.എന്‍. രാജ് ഒന്നാം പ്രതി ഏറ്റുവാങ്ങിക്കൊണ്ടു നിര്‍വഹിച്ചു.
ഇടതു ചിന്താഗതിക്കാരനും, ദല്‍ഹിയിലെ ജെഎന്‍യു വൈസ് ചാന്‍സലറുമായിരുന്ന അദ്ദേഹത്തിന് ജന്മഭൂമിയുടെ ആശയപരമായ ഭൂമികയെക്കുറിച്ചുണ്ടായിരുന്ന ആശങ്കകള്‍ വ്യക്തമാക്കാതെ ഉദ്ഘാടന പ്രസംഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പക്ഷേ മന്മഥന് സാറിനോടുള്ള ആദരവുമൂലമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് വ്യക്തമായിരുന്നു. പിന്നീട് പാര്‍ട്ടി നേതൃത്വത്തിലുള്ളവരുടെ ചെവികടി മൂലമാവാം ഒരു പ്രസ്താവന പത്രങ്ങളില്‍ കൊടുത്തു. അതിനു മറുപടി അന്തസ്സുറ്റ ഭാഷയില്‍ മന്മഥന് സാറും അയച്ചു കൊടുത്തു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം പിന്നീടും തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കുശേഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആഹ്വാനം ചെയ്ത ഒരു കേരള ബന്ദില്പ്പെട്ട് നാലഞ്ചു കിലോമീറ്ററോളം ഭാണ്ഡവുമായി നടക്കേണ്ടിവന്നപ്പോള്‍ പുറപ്പെടുവിച്ച പ്രസ്താവനാ വിലാപത്തില്‍ ആ പ്രത്യയശാസ്ത്രത്തോടുള്ള പൂര്‍ണമായ നിരാസം പ്രകടമായിരുന്നു.
ജന്മഭൂമിയ്ക്കു അന്നു നേരിടേണ്ടി വന്ന ഒരു പ്രായോഗിക വൈഷമ്യം ഇപ്പോള്‍ ഓര്‍ക്കുന്നത് താല്പര്യജനകമാവും. ആധുനിക സങ്കേതങ്ങള്‍ മലയാള അച്ചടി രംഗത്തു നടപ്പാക്കിത്തുടങ്ങിയതേയുള്ളൂ. മലയാള ലിപി പരിഷ്കരണത്തിനുവേണ്ടി ഭാഷാപണ്ഡിതന്‍ എന്‍.വി. കൃഷ്ണവാര്യര്‍ ശക്തമായ പ്രചാരണം നടത്തി വന്ന കാലമായിരുന്നു. പരിഷ്കരിച്ച ലിപിയിലുള്ള ടൈപ്പുകളുമായാണ് ജന്മഭൂമിയുടെ തുടക്കം. കമ്പോസ് ചെയ്യുന്നവര്‍ക്ക് അതിന്റെ വിന്യാസത്തില്‍ വേണ്ടത്ര തഴക്കം വന്നിരുന്നില്ല. സബ് എഡിറ്റര്‍മാരില്‍ മിക്കവര്‍ക്കും അതപരിചതിമായിരുന്നു. പുതിയ ലിപി വായനക്കാര്‍ക്കും ഏതാണ്ട് അങ്ങനെതന്നെ.
ലിപിയുടെ കാര്യത്തില്‍ മാത്രമായിരുന്നു ജന്മഭൂമിയുടെ ആധുനികത. അച്ചടിയന്ത്രത്തിന് ഒരു നൂറ്റാണ്ടുപഴക്കം. അത് ഉറപ്പിച്ച നിലത്തിന് ക്രമേണ ഉറപ്പു കുറഞ്ഞുവന്നു. അതിനാല്‍ അടിച്ചുപുറത്തുവരുന്ന ഷീറ്റില്‍ വേണ്ടവിധം മഷി പതിയാതെയായി. കേസരി മാനേജരായിരുന്ന എം. രാഘവന് ചെന്നൈയില്‍ നിന്നുള്ള തന്റെ സുഹൃത്ത് പട്ടാഭി എന്ന മെക്കാനിക്കിനെ വരുത്തി. പട്ടാഭി ചുരുങ്ങിയ സമയംകൊണ്ട് പ്രസ്സിന്റെ പ്രശ്നങ്ങള്‍ പരിഹരിച്ചു. അദ്ദേഹം പ്രസ്സുടമകള്ക്കിടയില് പ്രസിദ്ധനായിരുന്നു. ജന്മഭൂമിയുടെ പ്രശ്നം പരിഹരിച്ചു മടങ്ങാനിരുന്ന അദ്ദേഹത്തെ അവര്‍ വിടാതെ പി
ടികൂടി. ചെന്നൈയില്‍നിന്നും, ഷൊര്‍ണൂരില്‍നിന്നും വേണ്ടിവന്നു ടൈപ്പുകള്‍ മാറ്റി വാര്പ്പിച്ചുകൊണ്ടുവരാന്. സംഘത്തിന്റെ പത്രം എന്ന വിശ്വാസത്തോടെ തിരുവനന്തപുരത്തുനിന്നും വന്ന പാച്ചല്ലൂര്‍ ശ്രീധരന്, കോഴിക്കോട്ടുനിന്നു വന്ന പത്മനാഭന് നായര്‍, കടലുണ്ടിക്കാരന്‍ നളരാജന് മുതലായ പലര്‍ക്കും സാമ്പത്തിക ക്ലേശം പരിഹരിക്കാന്‍ നിവൃത്തിയില്ലാതെ മടങ്ങേണ്ടി വന്നു. കുമ്മനം രാജശേഖരന്, മഞ്ചനാമഠം ബാലഗോപാല്‍, പുത്തൂര്‍ മഠം ചന്ദ്രന്, കെ.വി.എസ്. ഹരിദാസ് തുടങ്ങിയവരുടെ കഠിനമായ പ്രയത്നമാണ് അന്നൊക്കെ ജന്മഭൂമിയുടെ കോളങ്ങള്‍ നിറയ്ക്കാന്‍ പത്രത്തിന് പ്രാപ്തി നല്‍കിയത്.
ജനതാഭരണം നടന്നുവരുന്ന കാലമാകയാല്‍ ദേശീയതലത്തിലുള്ള മന്ത്രിമാരും നേതാക്കളും പത്രം സന്ദര്‍ശിക്കുമായിരുന്നു. ജാതിഭേദമെന്യേ പൂജാദികര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉത്സാഹത്തില്‍ നടത്തപ്പെട്ട ഉപാസനാ പരിശീലനത്തില്‍ പ്രമാണപത്രം നല്കാന് എഴുന്നെള്ളിയ കാമകോടി പീഠത്തിലെ ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി സ്വാമികളും ജന്മഭൂമിയിലെത്തി ആശിര്വദിച്ചനുഗ്രഹിച്ചു.
പക്ഷേ ജന്മഭൂമിയുടെ സാമ്പത്തിക ഭദ്രത അപകടത്തിലായതിനാല്‍ മുന്നോട്ടുപോകല്‍ തീര്‍ത്തും അസാധ്യമായി. അതിനിടെ മാനേജരായി പ്രവര്‍ത്തിച്ചുവന്ന പി.സുന്ദരം അയോധ്യാ പ്രിന്റേഴ്സ് എന്ന പേരില്‍ പുതിയ കമ്പനിക്കുത്സാഹിക്കുകയും എളമക്കരയിലെ സ്ഥലം അതിന്റെ പേരില്‍ വാങ്ങുകയുമുണ്ടായി. അവിടെ പുതിയ മന്ദിരമുയരാന് പ്രായോഗിക തന്ത്രങ്ങള്‍ സ്വീകരിച്ചു. ചെറുകിട വ്യവസായ വകുപ്പിന്റെ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം അതു സാധിച്ചത്.
കേരളത്തിന്റെ തെക്കെയറ്റം മുതല്‍ വടക്കെയറ്റം വരെയുള്ളയാളുകളുടെ നിര്‍ലോപമായ സഹകരണം ജന്മഭൂമിയുടെ വളര്‍ച്ചയ്ക്കു ലഭിച്ചുവെന്നതാണ് സന്തോഷകരം. സംഘത്തിന്റെ സര്‍സംഘചാലകനായി പില്ക്കാലത്തു ചുമതല വഹിച്ച മാ. സുദര്‍ശന്‍ജി ഒരിക്കല്‍ പ്രാന്തകാര്യാലയത്തില്‍ വന്നപ്പോള്‍ ജന്മഭൂമിയെപ്പറ്റി അന്വേഷിക്കുകയും പുതിയ പ്രസ് വാങ്ങുകയാണെങ്കില്‍ അതിന് ഫോട്ടോടൈപ്പ് സെറ്റിങ്ങും ഓഫ്സെറ്റ് പ്രസ്സും തന്നെ വാങ്ങണമെന്നുപദേശിക്കുകയും ചെയ്തിരുന്നു. സുന്ദരം അതിനുത്സാഹിക്കുകയും ഔദ്യോഗികതലത്തില്‍ അതിനുവേണ്ട സമ്പര്‍ക്കങ്ങള്‍ നടത്തുകയുമുണ്ടായി. 1986-87 കാലത്ത് മലയാളത്തില്‍ ഈ രണ്ടു സംവിധാനങ്ങളും നിലവില്‍ വന്നിരുന്നില്ല. അവ സ്ഥാപിച്ചു പ്രവര്‍ത്തനക്ഷമമാകുന്ന അവസരത്തില്‍ എല്ലാ മലയാള ദിനപത്രങ്ങളുടെയും തലവന്മാര് ജന്മഭൂമിയില് വന്ന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കിയിരുന്നു.
ചുരുക്കത്തില്‍ ജന്മഭൂമിയുടെ പ്രയാണം അതീവസാഹസികമായിരുന്നു. പ്രൊഫ. മന്മഥന്നു പുറമേ, ഏറ്റവും മുതിര്‍ന്ന പത്രാധിപരായിരുന്ന പി.വി.കെ. നെടുങ്ങാടിയും, മാതൃഭൂമിയുടെ യഥാര്‍ത്ഥ സാരഥിയായിരുന്ന വി.എം. കൊറാത്തും ജന്മഭൂമിയെ നയിച്ചു. രാഷ്ട്രീയത്തിലും ധാര്‍മികരംഗത്തും സവ്യസാചിത്വമാര്ജിച്ച കുമ്മനം രാജശേഖരനും, ദേശീയതലത്തില്‍ തന്നെ പത്രരംഗത്ത് കഴിവുതെളിയിച്ച മഞ്ചനാമഠം ബാലഗോപാലും, സര്‍വ വിവരങ്ങളുടെയും കലവറയായിരുന്ന പെരുന്ന കെ.എന്‍. നായരും കേരള വര്‍മ്മയും ജന്മഭൂമിയെ ഉജ്വലമായി ജനസമക്ഷമെത്തിക്കണമെന്ന അഭിലാഷംകൊണ്ടു മാത്രം പ്രയത്നിച്ചിരുന്നു. ഇന്നും ജന്മഭൂമിയുടെ കോളങ്ങളെ വിജ്ഞാനവീഥിയാക്കുന്ന കെ.വി.എസ്. ഹരിദാസ് 1977 നവംബര്‍ 14 മുതല്‍ ജന്മഭൂമിയില് വരുമായിരുന്നു.
ജന്മഭൂമിയുടെ നടത്തിപ്പിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധരായിരുന്ന പി.ഇ.ബി. മേനോന്, പി.പി. മുകുന്ദന്, കെ.ജി. വാധ്യാര്, ടി.എം.വി. ഷേണായി, വി.എ. റഹിമാന്‍, അഡ്വക്കേറ്റ് സദാനന്ദ പ്രഭു, മട്ടാഞ്ചേരിയിലെ ശ്രീപതിറാവു ഗള്‍ഫില്‍ ജോലി ചെയ്തുകൊണ്ട് സാമ്പത്തിക ഭദ്രതയ്ക്കായി പ്രയത്നിച്ച എണ്ണമറ്റ സംഘബന്ധുക്കള്‍ എന്നിവരെയൊക്കെ ഓര്‍ക്കുകയാണ്. ഇതിനെല്ലാം പുറമെ എല്ലാഘട്ടത്തിലും ജന്മഭൂമിയുടെ അന്തര്‍ധാരയില്‍ ശക്തിപകര്‍ന്നു നല്കിയ സംഘത്തിന്റെയും ബിജെപിയുടെയും സമുന്നത നേതാക്കള്‍. അവരൊക്കെ ദീപശിഖകളായി വഴികാട്ടി നില്ക്കുന്നതായി തോന്നുന്നു.
കൊറോണക്കാലത്തെ അതികഠിനമായ അവസ്ഥയില്‍ പിടിച്ചുനില്ക്കാന് ജന്മഭൂമിക്കു കഴിയുന്നത് ഇന്നതിന്റെ അമരം കാക്കുന്നവരുടെ ഭഗീരഥ പ്രയത്നത്താലാണ്. നാടെങ്ങും പടര്ന്നുനില്ക്കുന്ന, ജന്മഭൂമിയുടെ അഭ്യുദയകാംക്ഷികള്‍ക്കു ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള ഉള്‍ക്കരുത്ത് ജന്മഭൂമി പ്രവര്‍ത്തകര്‍ക്ക് നല്കാന് കഴിയുമെന്നുറപ്പാണ്.
സംഘപ്രസ്ഥാനങ്ങളുടെ വക്താവായി ദിനപത്രം തന്നെ വേണമെന്നാദ്യം തന്നെ ശഠിച്ചുവന്ന കെ.രാമന് പിള്ളയെ ഈയവസരത്തില്‍ ഓര്‍ക്കുകയാണ്. ഓരോ പ്രതിസന്ധിയെയും വിജയപൂര്‍വം തരണം ചെയ്തതിനെ ഈ നവംബര്‍ 14 ന് അനുസ്മരിക്കുകയാണ്.
സമ്പത്തിങ്കലുമാപത്തിങ്കലുമെണ്പത്തെട്ടു സഹസ്രം ബ്രാഹ്മണര്‍ എപ്പൊഴുമിരൊടുകൂടിയിരിക്കുമിതില് പരമെന്തൊരു ഭാഗ്യം വേണ്ടുഎന്ന് പാണ്ഡവരെപ്പറ്റി കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതാണ് ഓര്‍മവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: