മുംബൈ: കിഴക്കന്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിറോലിയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചതായി സൈന്യം. 26 മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും കണ്ടെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞു.
ഒരര്‍ത്ഥത്തില്‍ ഈ വര്‍ഷം ഏപ്രിലില്‍ ഛത്തീസ്ഗഢിലെ റായ്പൂരില്‍ 22 സൈനികരെ മാവോയിസ്റ്റുകള്‍ കൊന്നതിന് പ്രതികാരമായി മാറി ശനിയാഴ്ചത്തെ ഏറ്റുമുട്ടല്‍. മഹാരാഷ്‌ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയിലാണ് ശനിയാഴ്ച മാവോയിസ്റ്റ്-കമാന്‍ഡോ ഏറ്റുമുട്ടല്‍ നടന്ന ഗഡ്ചിറോലി. ഛത്തീസ് ഗഡില്‍ നിന്നും വ്യത്യസ്തമായി ഇന്‍റലിജന്‍സ് പിഴവുകളില്ലാതെയാണ് ഇക്കുറി പൊലീസ് കമാന്‍ഡോ സംഘം നക്സലൈറ്റ് കോട്ടയായി അറിയപ്പെടുന്ന ഗഡ്ചിറോളിയില്‍ ആക്രമണം നടത്തിയത്.മുംബൈയിൽ നിന്നും 900 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗഡ്ചിറോലി ജില്ലയിലെ കോട്ട്ഗുൽ-ഗ്യാരബട്ടി വനമേഖലയിലാണ് ഏറ്റമുട്ടൽ നടന്നത്. രാവിലെ 6.30ഓടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകൾ തുടർന്നിരുന്നു.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഭീമ കൊറേഗാവ് കേസിലെ കുറ്റവാളിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്‍ ഐഎയും പുനെ പൊലീസും അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയാണ് മിലിന്ദ്. സിപി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മിലിന്ദിനെക്കുറിച്ച് വിവരിക്കുന്നുണ്ട്.
കൊല്ലപ്പെട്ടവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും ഉണ്ടെന്നാണ് സൂചന. ഏറ്റമുട്ടലിൽ നാല് കമാന്‍ഡോകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ശനിയാഴ്ച രാവിലെ പരിശോധനയ്‌ക്ക് ഇറങ്ങിയ സി-60 പൊലീസ് കമാന്‍ഡോ നടത്തിയ തിരച്ചിലിനിടയില്‍ പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചതോടെ സൈന്യം തിരിച്ചാക്രമിക്കുകയായിരുന്നു. മാവോയിസ്റ്റുകളുടെ കയ്യിൽ നിന്നും വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ടോളം മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: