മുംബൈ: രക്തസാക്ഷികളെയും സ്വാതന്ത്ര്യസമരസേനാനികളെയും താന്‍ അപമാനിച്ചുവെന്ന് തെളിയിച്ചാല്‍ മാത്രം പത്മശ്രീ തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് നടി കങ്കണ റണാവത്ത്.
ഇന്‍സ്റ്റഗ്രാമിലാണ് കങ്കണ തന്റെ വിവാദ പ്രസ്താവനയെക്കുറിച്ചുള്ള വിശദീകരണം നല്‍കിയത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന വിവാദ പ്രസ്താവന കങ്കണ നടത്തിയത്. 1947ലെ രാജ്യത്തിന്റെ സ്വാതന്ത്ര്യം വെറും ഭിക്ഷ മാത്രമാണെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ കങ്കണയില്‍ നിന്നും പത്മശ്രീ തിരിച്ചുവാങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഈയിടെയാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും കങ്കണ റണാവത്ത് പത്മശ്രീ അവാര്‍ഡ് സ്വീകരിച്ചത്. ടിവി അഭിമുഖം വിവാദമായതോടെ കേന്ദ്രം കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
തന്നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് സംസാരിക്കുന്ന പുസ്തകത്തില്‍ നിന്നും ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് കങ്കണ കുറിച്ചതിങ്ങിനെ: ‘അതേ അഭിമുഖത്തില്‍ വളരെ വ്യക്തമായി 1857ല്‍ നടന്ന ആദ്യത്തെ സംഘടതി സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഞാന്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ട്. അതില്‍ സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മി ബായി, വീര്‍ സവര്‍ക്കര്‍ എന്നീ മഹാന്മാരുടെ ത്യാഗത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. 1857 എനിക്കറിയാം. എന്നാല്‍ 1947ല്‍ എന്ത് യുദ്ധമാണ് നടന്നതെന്നറിയില്ല. ആരെങ്കിലും അത് എന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ താന്‍ മാപ്പ് പറഞ്ഞ് പത്മശ്രീ തിരിച്ചുകൊടുക്കും,’.
കോണ്‍ഗ്രസിനെ ഭിക്ഷക്കാരന്‍ എന്ന് വിളിച്ചത് താന്‍ മാത്രമല്ലെന്നും കുറിപ്പില്‍ കങ്കണ റണാവത്ത് പറയുന്നു. ഇത് തെളിയിക്കാന്‍ അവര്‍ അരബിന്ദഘോഷിന്റെയും ബിപിന്‍ ചന്ദ്രപാലിന്റെയും ബാല്‍ ഗംഗാധരതിലകിന്റെയും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന വാക്യങ്ങളും പങ്കുവെച്ചിട്ടുണ്ട്:
‘കോണ്‍ഗ്രസ് ഒരു ഭിക്ഷാടന ഇന്‍സ്റ്റിറ്റ്യൂട്ടാണ്’- അരബിന്ദ ഘോഷ്
‘ഭിക്ഷാടനവും അവകാശങ്ങള്‍ ചോദിക്കലും രണ്ടായി കോണ്‍ഗ്രസ് വേര്‍തിരിച്ചറിയേണ്ടതുണ്ട്’- ബാല്‍ ഗംഗാധര്‍ തിലക്
‘വെറുതെ കുമിളകള്‍ കൊണ്ട് കളിക്കുകയാണ് കോണ്‍ഗ്രസ്’- ബിപിന്‍ ചന്ദ്ര പാല്‍
“റാണി ലക്ഷ്മി ബായി എന്ന സിനിമ ചെയ്തപ്പോള്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഞാന്‍ വിശദമായി ഗവേഷണം നടത്തിയിരുന്നു.’അന്നാണ് ദേശീയത ഉണര്‍ന്നത്. ഒപ്പം വലതുരാഷ്‌ട്രീയകക്ഷിയും ഉണര്‍ന്നു. പക്ഷെ എന്തുകൊണ്ടാണ് അത് പെട്ടെന്ന് മരിച്ചത്?…എന്തുകൊണ്ടാണ് ഗാന്ധിജി ഭഗത് സിംഗിനെ മരിക്കാന്‍ അനുവദിച്ചത്? എന്തുകൊണ്ടാണ് നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഗാന്ധിജിയുടെ പിന്തുണ ലഭിക്കാതിരുന്നത്? എന്തുകൊണ്ടാണ് വിഭജനത്തിന്റെ രേഖ ഒരു വെള്ളക്കാരന്‍ വരച്ചത്? സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന് പകരം എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ പരസ്പരം കൊന്നത്? ഇതിനെല്ലാം ഞാന്‍ ഉത്തരം അന്വേഷിക്കുകയാണ്….എന്നെ ഉത്തരം കണ്ടെത്താന്‍ ദയവായി അനുവദിക്കൂ,”- കങ്കണയുടെ പോസ്റ്റ് പറയുന്നു.
തന്റെ പ്രസ്താവനയുടെ പേരില്‍ എന്തു പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാണെന്നും കങ്കണ പറയുന്നു. ‘2014ലെ സ്വാതന്ത്ര്യത്തെ ബന്ധപ്പെടുത്തി ഞാന്‍ പറഞ്ഞത് നമുക്ക് ഭൗതികമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നെങ്കിലും നമ്മുടെ മനസാക്ഷിയും ബുദ്ധിയും 2014ലാണ് സ്വതന്ത്രമായത്….മരിച്ചുപോയ ഒരു സംസ്‌കാരം വീണ്ടു ഉണര്‍ന്നു…അതിന്റെ ചിറകടിച്ചു…ഇപ്പോള്‍ ഉയരത്തില്‍ പറക്കുകയും ഗര്‍ജ്ജിക്കുകയും ചെയ്യുന്നു…ഇന്ന് ആദ്യമായി…ഇംഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരില്‍ ആര്‍ക്കും നമ്മെ കളിയാക്കാനാവില്ല….ചെറിയ പട്ടണത്തില്‍ നിന്നും വന്നതുകൊണ്ട് ഒരാളെ കളിയാക്കാനാവില്ല….ഇന്ത്യയില്‍ ഉണ്ടാക്കിയ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ കളിയാക്കാനാവില്ല….ഇതെല്ലാം അതേ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു…കുറ്റബോധമുള്ളവര്‍ക്ക് പൊള്ളല്‍ അനുഭവിക്കുന്നുണ്ടാകും…അതിന് ഒന്നും ചെയ്യാനാകില്ല… ജയ് ഹിന്ദ്,’- കങ്കണ പോസ്റ്റ് വ്യക്തമാക്കുന്നു.
കങ്കണയുടെ വിവാദ പ്രസ്താവന വൈറലായതോടെ ആംആദ്മി പാര്‍ട്ടി കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പൊലീസിന് എഴുതി. ബിജെപിയുടെ വരുണ്‍ഗാന്ധിയും കങ്കണയുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബിജെപിയുടെ മഹാരാഷ്‌ട്ര സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും കങ്കണയെ വിമര്‍ശിച്ചിരുന്നു.
4 തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ താരമാണ് കങ്കണാ റണാവത്ത്. ദേശീയ പുരസ്‌കാര നേട്ടത്തിൽ സാക്ഷാൽ അമിതാഭ് ബച്ചന് ഒപ്പമെത്തിയ, നാല് രജത കമലവും അഞ്ച് ഫിലിംഫെയർ അവാർഡും ആറ് വട്ടം ഫോർബ്സ് പട്ടികയിൽ ഇടവും നേടിയ കങ്കണ തീവ്ര ദേശീയവാദിയും കടുത്ത ഹിന്ദുത്വാഭിമാനിയും സർവ്വോപരി മോഡി ഭക്തയും ആണ്. ഇവരുടെ പത്മശ്രീ റദ്ദുചെയ്യണമെന്ന പ്രതിപക്ഷപ്പാര്‍ട്ടികളുടെ മുറവിളികള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്നും ആരോപിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: