തിരുവനന്തപുരം: ഓര്‍ത്തഡോക്സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കം പരിഹരിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍. തര്‍ക്കം പരിഹരിക്കാന്‍ ഹിതപരിശോധന നടത്തണമെന്ന ശുപാര്‍ശ പരിഗണനയിലാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിയമപരിഷ്കരണ കമ്മിഷന് ശുപാര്‍ശ പരിഗണനയിലുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചശേഷമേ തീരുമാനമെടുക്കൂവെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു. നിയമനിര്‍മാണം നടത്തണമോയെന്ന കാര്യം നിയമവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം സര്‍ക്കാര്‍ തീരുമാനിക്കും.
പള്ളികളുടെയും സ്വത്തുക്കളുടെയും അവകാശം തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയായ ഇടവകാംഗങ്ങള്‍ക്കിടയില്‍ ഹിതപരിശോധന നടത്താനാണു ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്റെ ശുപാര്‍ശ. ഇതിനായി സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജി അധ്യക്ഷനായ അതോറിറ്റിയെ നിയോഗിക്കണമെന്നാണു ശുപാര്‍ശ.
അനുരഞ്ജന ചര്‍ച്ചകള്‍ ഫലവത്താകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരും ശിപര്‍ശ നല്‍കിയത്. 1934ലെ സഭാഭരണഘടനയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി. ഇത് രജിസ്ട്രേഡ് രേഖയല്ലാത്തിനാല്‍ ഇപ്പോഴോ ഭാവിയിലോ അതിന്റെ അടിസ്ഥാനത്തില്‍ ആസ്തി ബാധ്യതകളുടെ അവകാശം ലഭ്യമാകുകയോ നഷ്ടപ്പെടുകയോ ചെയ്യില്ല. ഭരണപരമായ സൗകര്യത്തിനാണ് ഭരണഘടനയെ അടിസ്ഥാനമാക്കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സഭയുടെ തനത് സ്വത്തുക്കളൊഴികെ പള്ളികളുടെ ഉടമസ്ഥാവകാശം വിശ്വാസികള്‍ക്കാണ്. ഹിതപരിശോധനയുടെ അടിസ്ഥാനത്തില്‍ അവകാശം ഉറപ്പിക്കുന്ന വിഭാഗത്തെ കോടതിവിധി എന്തായാലും പള്ളികളില്‍നിന്ന് ഒഴിവാക്കാനോ ആരാധന നിഷേധിക്കാനോ പാടില്ല. ന്യൂനപക്ഷമെന്ന് തെളിയുന്ന വിഭാഗത്തിന് തുടരുകയോ മറ്റു പള്ളികളില്‍ ചേരുകയോ ചെയ്യാമെന്നതാണ് കമ്മീഷന്റെ ശുപാര്‍ശയില്‍ ഉണ്ടായിരുന്നത്.
സഭാതര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണത്തിന് ശ്രമിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ വ്യക്തമാക്കിയിരുന്നു. നിയമ പരിഷ്ക്കരണ കമ്മീഷന്റെ പരിധിക്ക് പുറത്തുള്ള ശിപാര്‍ശയെക്കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് മനസ്സിലാക്കിയത്.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തര്‍ക്കം. ഭരണം നിര്‍വ്വഹിക്കാനുള്ള അടിസ്ഥാനരേഖയായി കോടതി അംഗീകരിച്ചിട്ടുള്ള 1934ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ നിലപാടുകളാണ് കമ്മീഷന് ശിപാര്‍ശയായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനാ പ്രകാരം പള്ളികളില്‍ തെരഞ്ഞെടുപ്പു നടത്താന്‍ സഭ ഒരുക്കമാണ്. ആരാധന നടത്തേണ്ടത് 1934ലെ ഭരണഘടനപ്രകാരം നിയമിതനാകുന്ന വികാരിയാണ്. കോടതി വിധികള്‍ക്കും നിയമത്തിനും മുകളില്‍ ഹിതപരിശോധന ആവശ്യപ്പെടുന്നത് വിഘടനവാദം പ്രോത്സാഹിപ്പിക്കാനാണെന്ന് സംശയിക്കുന്നു. മലങ്കര സഭയെ മാത്രം ലക്ഷ്യമാക്കി വിവേചനപരമായി ബില്ല് രൂപകല്പന ചെയ്യാന്‍ ജനാധിപത്യ സര്‍ക്കാര്‍ മുതിരില്ലെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: