പാലക്കാട്: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിട്ട് നശിപ്പിക്കുന്നു. കൊവിഡ് കാലത്ത് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നതിനെ തുടര്‍ന്നാണ് ഇവ സംസ്ഥാനത്തെ വിവിധ സ്ഥല സൗകര്യങ്ങളുള്ള ഡിപ്പോകളില്‍ നിര്‍ത്തിയിട്ടത്.
പാലക്കാട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചിറ്റൂരിലാണ്. ലോ ഫ്ളോര്‍ ബസുകള്‍ ഉള്‍പ്പെടെ പുതിയതും പഴയതുമായ 128 ബസുകളാണ് തലങ്ങും വിലങ്ങും നിര്‍ത്തിയിട്ടുള്ളത്. ഇവയുടെ ടയറും ഡീസലും മാത്രം എടുക്കുവാനായിരുന്നു തീരുമാനം. ആവശ്യം വരുമ്പോള്‍ ഇവ മാറ്റി ഗതാഗതയോഗ്യമാക്കാം എന്നതായിരുന്നു തീരുമാനം. എന്നാല്‍ ബസുകളുടെ പരമാവധി സ്പെയര്‍ പാര്‍ട്സുകള്‍ അഴിച്ചെടുത്തു. അവ വെറും കോലങ്ങളായി മാറി.
ബസുകള്‍ക്കുള്ള സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങുന്നതിന് പകരം നിര്‍ത്തിയിട്ടവയില്‍നിന്നും ഊരിയെടുക്കുകയായിരുന്നു. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ലാഭം നോക്കിയായിരുന്നു നടപടി. പുതിയ ബസുകള്‍ വാങ്ങുന്നതിനെക്കാള്‍ ചെലവാണ് ഈ ബസുകള്‍ നിര്‍ത്തിലിറക്കുന്നതിന്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് സംഭവിച്ചിട്ടുള്ളത്. ഏറ്റവും ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും നഷ്ടം വരുന്നതയാണ് കണക്കുകള്‍.
സര്‍ക്കാരിന്റെ പൊതുമുതല്‍ സര്‍ക്കാര്‍തന്നെ നശിപ്പിക്കുന്ന വിചിത്രമായ നടപടിയാണിത്. തൊഴിലാളിപ്രേമം പറയുന്ന ഇടതുപക്ഷ സര്‍ക്കാരാണ് കെഎസ്ആര്‍ടിസിയോട് ഈ കടുംകൈ കാണിച്ചത്. ബിജുപ്രഭാകര്‍ എംഡിയായിരുന്നപ്പോഴാണ് നഷ്ടങ്ങളുടെ പേരില്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
മാനേജ്മെന്റിന്റെ തീരുമാനത്തില്‍ സര്‍ക്കാരും മൗനം പാലിക്കുകയായിരുന്നു. അവകാശങ്ങള്‍ക്കുവേണ്ടി സമരം നടത്തുന്ന ജീവനക്കാര്‍ തങ്ങളുടെ അന്നദാതാക്കളെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത രീതിയിലാണ് നിര്‍ത്തിയിട്ടത്.
പല ബസുകളും ഞെരുക്കിയിട്ടതുമൂലം കേടുപാട് വന്ന സ്ഥിതിയിലാണ്. ബസുകളുടെ സീറ്റുകളടക്കം കൊണ്ടുപോകാന്‍ യാതൊരു മടിയും കാണിച്ചില്ല. തെരുവുനായകളുടെയും ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: