കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ റണ്ണറപ്പ് അഞ്ജന എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര് കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡ്രൈവര്‍. ഒരു ഓഡി കാര്‍ തങ്ങളുടെ വാഹനത്തെ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്നാണ് മാള സ്വദേശിയായ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന് മൊഴി നല്‍കിയത്.
മോഡലുകളും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് പിന്നലെ ഹോട്ടലില്‍ നിന്നു തന്നെ ഒരു ഓഡി കാര്‍ പിന്നാലെ പായുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അബ്ദുള്‍ റഹ്മാന്റെ വെളിപ്പെടുത്തല്‍. അപകടശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ ഇടപ്പള്ളിയില്‍ നിന്ന് തിരികെ അപകട സ്ഥലത്തെത്തിയെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഓഡി കാറില്‍ നിന്ന് മരിച്ചവരുടെ സുഹൃത്തായ റോയി എന്നയാള്‍ ഇറങ്ങുന്ന ദൃശ്യങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. മത്സരയോട്ടത്തിന് പിന്നാലെയാണ് അപകടം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. റോയിയെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
കേരള പിറവി ദിനത്തിലാണ് ഡിജെ പാര്‍ട്ടി കഴിഞ്ഞ് കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ച് അപകടമുണ്ടായത്. 2019 ലെ മിസ് കേരള അന്‍സി കബീറും (25) റണ്ണറപ്പ് അഞ്ജന ഷാജനും(26) പുറമെ സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്മാന് എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ആന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അബ്ദുള്‍ റഹ്മാനാണ് കാര്‍ ഓടിച്ചിരുന്നത്. മുഹമ്മദ് ആഷിഖ് ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.
അര്‍ധരാത്രിയോടെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരുന്നു. മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാര്‍ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇടതുവശം ചേര്‍ന്നു പോയ ബൈക്കില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ മരത്തില്‍ ചെന്നിടിച്ചതാണ് ദുരന്തമായത്.
ബൈക്കില്‍ ഇടിച്ചെങ്കിലും യാത്രക്കാരന് കാര്യമായ പരുക്കില്ല. കാറില്‍ മുന്നിലും പിന്നിലുമായി ഇടതു വശത്തിരുന്ന രണ്ടുപേരുമാണ് തത്ക്ഷണം മരിച്ചത്. മുന്‍ സീറ്റിലിരുന്ന യുവതി വാഹനത്തില്‍ ഞെരിഞ്ഞമര്‍ന്നു. പിന്നിലിരുന്ന യുവതി പുറത്തേയ്ക്കു തെറിച്ചുവീണ് മീഡിയനില്‍ തലയിടിച്ചുണ്ടായ പരുക്കുമൂലമാണു മരിച്ചത്.
ഡ്രൈവര്‍ സീറ്റില്‍ എയര്‍ ബാഗ് ഉണ്ടായിരുന്നതിനാല്‍ ഡ്രൈവര്‍ സീറ്റിലെ അബ്ദുള്‍ റഹ്മാന് കാര്യമായ പരുക്കുകള്‍ സംഭവിച്ചില്ല. പിന്നില്‍ വലതുവശത്തിരുന്ന ആഷിഖ് മുന്നിലേയ്ക്കു തെറിച്ചു വീണു തലയ്ക്ക് കാര്യമായി പരുക്കേല്‍ക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. പിന്നീട് ലഭിച്ച ദൃശ്യങ്ങളിലാണ് ഓഡി കാര്‍ പിന്തുടരുന്നതായി വ്യക്തമായത്. മാത്രമല്ല, കുണ്ടന്നൂരില്‍ വച്ച് ഇവരും മറ്റൊരു കാറിന്റെ ഡ്രൈവറുമായി തര്‍ക്കമുണ്ടായതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: