ഡോ. രാജീവ് ജയദേവന്
അംഗീകൃത മെഡിക്കല്‍ ഡിഗ്രികളില്‍ അടിസ്ഥാന യോഗ്യതയായ എംബിബിഎസിനേപ്പറ്റി ആശയക്കുഴപ്പം ജനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്. എംബിബിഎസ് കിട്ടുന്നത് കുറഞ്ഞത് അഞ്ചര വര്‍ഷം നീളുന്ന, ഒരുപക്ഷേ ലോകത്തിലെ ഏറ്റവും കഠിനമായ പാഠ്യപദ്ധതിയെ ആസ്പദമാക്കിയുള്ള ട്രെയിനിങ്ങിനു ശേഷമാണ്. ഒട്ടനവധി കട്ടിയേറിയ സബ്ജക്റ്റുകളും അവയുടെ ഓരോന്നിന്റെയും കഠിനമായ പരീക്ഷകളും ഇന്റേണല്‍ അസസ്മെന്റും പാസായിട്ടാണ് ഒരു ഡോക്ടര്‍ പിറക്കുന്നത്.
കൂടാതെ ‘ഫസ്റ്റ് എംബി’ കഴിഞ്ഞാല്‍ (അനാട്ടമി മുതലായ അടിസ്ഥാന വിഷയങ്ങള്‍) രണ്ടാം വര്‍ഷം മുതല്‍ രോഗികളെ നിരീക്ഷിക്കുകയും മേല്‍നോട്ടത്തോടെ ചികിത്സിക്കുകയും ചെയ്തതിനു ശേഷമാണ് ഫൈനല്‍ എംബിബിഎസ് പരീക്ഷയ്ക്കിരിക്കുന്നത്. പാസായ ശേഷം ഒരു വര്‍ഷം ഹൗസ് സര്‍ജന്‍സിയും.
എംബിബിഎസ് പാസായ ആള്‍ക്ക് ഏതു രോഗിയെയും- കുട്ടികളെയും ഗര്‍ഭിണികളെയും അടക്കം- ചികിത്സിക്കാം, ഒറ്റയ്ക്കും പ്രാക്ടീസ് ചെയ്യാം. മൈനര്‍ ശസ്ത്രക്രിയകള്‍ ചെയ്യാം. പ്രസവം എടുക്കാം. സ്പെഷ്യലിസ്റ്റ് ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നേ ഉള്ളൂ. എന്നു വച്ചാല്‍ ഹാര്‍ട്ട് ഓപ്പറേഷന്, ന്യൂറോസര്‍ജറി, ഹിസ്റ്ററെക്ടമി മുതലായവ.
എല്ലാ വിഷയങ്ങളിലും തുല്യമായ അറിവ് ആര്‍ക്കുണ്ടാവും എന്ന് ഒരു ചോദ്യം ഉയര്‍ന്നാല്‍ അതിനുള്ള ഉത്തരം എംബിബിഎസ് അടുത്തിടെ പാസായ ഡോക്ടര്‍ക്ക് എന്നതാണ്. അവിടുന്ന് മുന്നോട്ടുള്ള യാത്രയില്‍ എംബിബിഎസ് കാലത്തു സ്വായത്തമാക്കിയ പല വിഷയങ്ങളും ആവര്‍ത്തിച്ചു പഠിക്കേണ്ട ആവശ്യം വരാത്തതിനാല്‍ അറിവ് ക്രമേണ കുറയാനാണു സാധ്യത. മുപ്പത് വര്‍ഷമായി ഗൈനക്കോളജി ഫീല്‍ഡില്‍ സജീവമായി ഇല്ലാത്തതിനാല്‍ ഇന്ന് ആ വിഷയത്തില്‍ എന്റെ അറിവ് എംബിബിഎസ് പാസായപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ കുറവാണ്. എന്നാല്‍, ഒരാവശ്യം വന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് നേടാവുന്നതേയുള്ളൂ ആ അറിവ്, ഇതിനു കാരണം വിപുലമായ എംബിബിഎസ് ഫൗണ്ടേഷന് തന്നെ.
ജനങ്ങള്‍ക്കുണ്ടാകുന്ന ഒട്ടു മിക്ക ആരോഗ്യപ്രശ്നങ്ങളും കൈകാര്യം ചെയ്യാനുള്ള അറിവും പ്രാപ്തിയും ഓരോ എംബിബിഎസ് ഡോക്ടര്‍മാരിലും പ്രതീക്ഷിക്കാം. ഒറ്റയ്ക്കു പ്രാക്ടിസില്‍ ഉള്ളവര്‍ ചില അവസരങ്ങളില്‍ ഒരു സ്പെഷ്യലിസ്റ്റ് ആവശ്യമായി വന്നാല്‍ റഫര്‍ ചെയ്താല്‍ മതിയാവും.
ഡോക്ടര്‍മാരുടെ ലഭ്യതക്കുറവുള്ള മേഖലകള്‍ രാജ്യത്തുള്ളപ്പോഴാണ് കേരളത്തില്‍ എംബിബിഎസ് ഡോക്ടര്‍മാരെ അപമാനിക്കുന്ന രീതിയില്‍ പരസ്യ പരാമര്‍ശങ്ങള്‍ നടത്തുന്നത് ന്യായീകരിക്കാനാവുകയില്ല. എല്ലാ മേഖലയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും, അത് ടീച്ചര്‍ ആയാലും വക്കീലായാലും സിനിമാനടന് ആയാലും ഡോക്ടര്‍ ആയാലും ഉണ്ടാവും. മെഡിക്കല്‍ രംഗത്ത് ഇത്തരം ഏറ്റക്കുറച്ചിലുകള്‍ നികത്താനുള്ള അനവധി നടപടികളുണ്ട്. വിവിധ പ്രൊഫെഷണല്‍ സംഘടനകള്‍ അതിന് നേതൃത്വം കൊടുക്കുന്നുണ്ട്. അവയെല്ലാം പൊതുജന മധ്യത്തില്‍ അവതരിപ്പിക്കാറില്ല എന്നു മാത്രം. എന്നുവച്ച് സ്പെഷ്യലൈസേഷന് ഇല്ലാത്തവര്‍ മോശമാണെന്ന രീതിയില്‍ നേരിട്ടോ പരോക്ഷമായോ പറയുന്നത് ശരിയല്ല.
കേരളത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ക്ക് ക്ഷാമമില്ല. ഇഷ്ടപ്പെട്ട ഡോക്ടറെ എന്നു വേണമെങ്കിലും നേരിട്ടുചെന്ന് കാണാന്‍ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. ആവശ്യമെങ്കില്‍ ഒരു ഒപ്പീനിയന് കൂടി എടുക്കാന്‍ ഒരു തടസവും നമ്മുടെ നാട്ടില്‍ ഇല്ല. അമേരിക്കയില്‍ ആണെങ്കില്‍ പലപ്പോഴും നമുക്ക് ഒരാവശ്യം വന്നാല്‍ മിക്കവാറും ആദ്യം കാണാന്‍ സാധിക്കുന്നത് ഡോക്ടര്‍ അല്ലാത്ത മറ്റു പ്രൊഫഷണലുകളെയാണ്. നമുക്കു വേണ്ട ഡോക്ടറെ കാണാന്‍ പറ്റുക അടുത്ത വിസിറ്റിനായിരിക്കും. എന്നിട്ടും ഏതു മേഖലയിലും നടക്കാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് അവരെ ആകമാനം അടച്ചാക്ഷേപിക്കാനും മറ്റും ഒരു പ്രവണത ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്.
കേരളത്തില്‍ ഓരോ വര്‍ഷവും എംബിബിഎസ് പാസായി ഇറങ്ങുന്ന ആറു ഡോക്ടര്‍മാരില്‍ ഒരാള്‍ക്കു (1:6) മാത്രമാണ് ഇവിടെ പിജി സീറ്റ് ഉള്ളത്. ബാക്കിയുള്ളവര്‍ വിവിധയിടങ്ങളില്‍ സേവനമനുഷ്ഠിക്കും. കാഷ്വാലിറ്റികളില്‍ ഒപികളില്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍, നാഷണല്‍ ഹെല്‍ത്ത് മിഷനില്‍, ടെലിമെഡിസിന്‍ പാനലുകളില്‍ അവര്‍ പണിയെടുക്കുന്നു.
ആരോഗ്യരംഗത്ത് അനവധി നേട്ടങ്ങള്‍ കൈവരിച്ച നമ്മുടെ കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് – പ്രത്യേകിച്ചും ഈ കൊവിഡ് കാലത്ത് – ഡോക്ടര്‍മാര്‍ക്കിടയില്‍ നിന്ന് ഏറ്റവുമധികം സേവനം നമുക്കു ലഭിച്ചത് എംബിബിഎസ് ഡോക്ടര്‍മാരില്‍ നിന്നും ആയിരുന്നു എന്നതും ഓര്‍ക്കണം.
മുംബൈയിലെ ധാരാവി പോലെയുള്ള ഇടങ്ങളില്‍ വന്‍ തോതിലുള്ള മരണങ്ങള് നടത്താതെ മഹാമാരിയെ നിയന്ത്രിച്ചു നിര്‍ത്തിയത് സ്പെഷലിസ്റ്റുകള്‍ ആയിരുന്നില്ല, രാവും പകലും ആത്മാര്‍ഥമായി ജോലി ചെയ്ത എംബിബിഎസ് ഡോക്ടര്‍മാര്‍ ആണ് എന്ന് മുംബൈ ബിഎംസി കമ്മീഷണര്‍ ഇഖ്ബാല്‍ സിങ് ചാഹല്‍ അഭിമാനത്തോടെ പറഞ്ഞത് നാം കേട്ടിരുന്നു.
ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യമുള്ള നമ്മുടെ രാജ്യത്ത് എംബിബിഎസ് ഡോക്ടര്‍മാരെ അംഗീകരിക്കാന്‍ നാം മടി കാട്ടുന്നത് കൊണ്ടാണ് വിദേശ രാജ്യങ്ങള്‍ അവരെ മാടി വിളിക്കുന്നതും അങ്ങനെ അവര്‍ അവിടെ ചേക്കേറുന്നതും നമുക്ക് എന്നെന്നേക്കുമായി അവരെ നഷ്ടമാകുന്നതുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: