ബെയ്ജിംഗ്: 2049ല്‍ ചൈനയെ ലോകത്തിലെ സന്വന്ന രാഷ്ട്രമാക്കുമെന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രമേയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യേക പ്ലീനം പാസാക്കി. നാല് ദിവസം നീണ്ട പ്ലീനം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ അധികാരവും അപ്രമാദിത്വവും അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. ചൈനീസ് വിരുദ്ധചേരിയ്ക്ക് താക്കീത് നല്കുന്ന പ്രത്യേക പ്ലീനം ഷീ ജിന്‍പിങ് വരാനിരിക്കുന്ന കുറെ വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ചൈനയെ ഭരിയ്ക്കുമെന്ന പ്രഖ്യാപനവുമായി മാറി. ‘മുന്‍പ് നടന്ന രണ്ട് പ്രമേയങ്ങള്‍ പോലെ ഷീ ജിന്‍പിങിന്റെ പ്രമേയം ഭാവി പുരോഗതി കൈവരിക്കാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കര്‍മ്മവും സിദ്ധാന്തവും ഇച്ഛാശക്തിയും ഒന്നിപ്പിക്കാന്‍ സഹായിക്കും. ഒപ്പം വലിയ ചൈനീസ് സ്വപ്നം പുനരുജ്ജീവിപ്പിക്കാനും സഹായിക്കും,’ മുതിര്‍ന്ന പാര്‍ട്ടി നേതാവ് കു കിങ്ഷാന് പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
അതേസമയം, ഷീ ജിന്‍പിങിന്റെ അധികാരകേന്ദ്രീകരണം ലോകത്തിന് ഭീഷണിയാകുമെന്നും ചില ചിന്തകര്‍ ആശങ്കകള്‍ പങ്കുവെയ്ക്കുന്നു. തിബറ്റ്, ഹോങ്കോങ്, സിന്‍ജിയാങ് പ്രവിശ്യകള്ക്കുമേലുള്ള ചൈനയുടെ ആധിപത്യമാണ് വലിയൊരാശങ്ക. ഒപ്പം ലോകത്തിലെ ഒന്നാം നമ്പര്‍ സമ്പന്നരാജ്യമാകാനും ലോകത്തിലെ അധീശശക്തിയാകാനുമുള്ള ചൈനയുടെ ശ്രമത്തെക്കുറിച്ചും ആശങ്കകള്‍ നിലനില്ക്കുന്നു. ഉയ്ഗുര് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഷീ ജിന്‍പിങിന്റെ നയവും ഷീയുടെ ചിന്താധാരയില്‍ ഉണ്ട്.
ഇതിന് മുന്‍പ് രണ്ട് ചൈനീസ് നേതാക്കള്‍ മാത്രമാണ് ഇത്തരത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനം വിളിച്ചുചേര്‍ത്ത് രാഷ്ട്രീയ പ്രമേയം പാസാക്കിയത്. അത് 1945ല്‍ മാവോ സെതൂങും 1981ല്‍ ഡെങ് സിയാവോ പിങുമായിരുന്നു. ഇരു നേതാക്കളും പിന്നീട് വര്‍ഷങ്ങളോളം ചൈന ഭരിച്ചു. 2021ല്‍ ആറാമത്തെ പ്ലീനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ഷീ ജിന്‍പിങും അധികാരപ്രഖ്യാപനം നടത്തുകയായിരുന്നു. ചൈനീസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ 2022ല്‍ നടക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും ഷീ ജിന്‍പിങ് തന്നെ പ്രസിഡന്റാകുമെന്നതും ഉറപ്പായി.
ചൈനീസ് വിരുദ്ധചേരിയുടെ നേതൃത്വം വഹിക്കുന്ന അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്ക്കുമെല്ലാം താക്കീത് നല്‍കുന്നതായിരുന്നു ആറാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനത്തിലെ ഷീ ജിന്‍പിങിന്റെ ആധിപത്യം. പ്ലീനത്തില്‍ പങ്കെടുത്ത 400 അംഗങ്ങളും ഷീ ജിന്‍പിങിന്റെ രാഷ്ട്രീയ പ്രമേയത്തെ ഒപ്പുവെച്ച് അംഗീകരിച്ചു.
‘ചൈന ഒരു ചരിത്രപരമായ തുടക്കത്തിലാണ്- അതായത് ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കുകയും ഭാവികാലത്തേക്ക് ഉറ്റുനോക്കുകയും ചെയ്യുന്നതിന്റെ തുടക്കം’- രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സ് തികയുന്ന വേളയിലായിരുന്നു പ്ലീനം ചേര്‍ന്നതെന്നതും പ്രാധാന്യമര്‍ഹിക്കുന്നു.
പുതിയ രാഷ്ട്രീയപ്രമേയമനുസരിച്ച് ആളുകളെ വ്യവസായ സംരംഭത്തിലൂടെ സമ്പന്നരാകാന്‍ ശ്രമിക്കുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കും. പൊതുവായ അഭിവൃദ്ധിക്ക് വേണ്ടി ശ്രമിക്കും. ഹോങ്കോംഗിനെ കുഴപ്പങ്ങളില്‍ നിന്നും സുസ്ഥിരഭരണത്തിലേക്ക് നയിച്ചതിനും പ്രമേയം ഷി ജിന്‍പിങിനെ പുകഴ്ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: