ബീജീങ്: സ്വവര്‍ഗാനുരാഗികളുടെയും ഭിന്നലിംഗ സമൂഹത്തിന്റെയും അവകാശങ്ങള്‍ നേടുന്നതിന് ദീര്‍ഘകാലമായി പോരാടുകയും നിരവധി കേസുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന ചൈനയിലെ പ്രമുഖ എല്‍ജിബിടി അഭിഭാഷക സംഘം തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി അറിയിച്ചു.
എല്‍ജിബിടി റൈറ്റ്സ് അഡ്വക്കസി ചൈന എന്ന സംഘടന തങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുന്നതായി സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചത്. സാമൂഹിക പ്രവര്‍ത്തനത്തിനെതിരെ ചൈന ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇതിനു പിന്നാലെ അവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടുകയും ചെയ്തു.
ഇങ്ങനെയൊരു തീരുമാനമെടുത്തതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ക്വീര്‍ അഡ്വക്കസി ഓണ്‍ലൈനിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തുകയാണ് എന്ന് സംഘടന വീചാറ്റ് എന്ന സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഈ കുറിപ്പിനു പിന്നാലെയാണ് ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചു വരുന്ന വീചാറ്റ്, വെയ്ബോ എന്നീ സാമൂഹ്യ മാധ്യമങ്ങളിലെ സംഘടനയുടെ അക്കൗണ്ടുകള്‍ പൂട്ടിയത്.
ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തുകയാണെന്ന് സംഘടനയിലെ ഒരംഗം അസോസിയേറ്റഡ് പ്രസ്സിനോടു പറഞ്ഞു. എന്നാല്‍ ചൈനയുടെ ഏകാധിപത്യ ഭരണത്തില്‍ തനിക്കുണ്ടായേക്കാവുന്ന പരിണിതഫലങ്ങള്‍ കണക്കിലെടുത്ത് ഇതിന്റെ കാരണം വ്യക്തമാക്കാന്‍ അദേഹം കൂട്ടാക്കിയില്ല. എന്നാല്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ പെങ് യാന്‍സി യാതൊരു പ്രതികരണത്തിനും തയ്യാറായില്ല.
സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി രാജ്യത്തുടനീളം പോരാടിയ സംഘടനയാണ് എല്‍ജിബിടി റൈറ്റ്സ് അഡ്വക്കസി ചൈന. സ്വവര്ഗ്ഗാനുരാകിളെയും ഭിന്നലിംഗ സമൂഹത്തെയും പറ്റി സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കാനും, സ്വവര്‍ഗ്ഗ വിവാഹത്തിനു വേണ്ടിയും തൊഴിലിടങ്ങളിലെ വിവേചനത്തിനെതിരെയുമൊക്കെ അവര്‍ അക്ഷീണം പ്രവര്‍ത്തിച്ചു.
അഭ്യന്തര മന്ത്രാലയം 3,300 നിയമ വിരുദ്ധ സാമൂഹിക സംഘടനകള്‍ക്കെതിരെ നടപടിയെടുത്തതായി ചൈനയുടെ ഓദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം തന്നെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും രജിസ്റ്റര്‍ ചെയ്യാത്ത 200 ഓളം നിയമ വിരുദ്ധ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും മന്ത്രാലയം അടച്ചു പൂട്ടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണോ എല്‍ജിബിടി റൈറ്റ്സ് അഡ്വക്കസി ചൈനയുടെ പ്രവര്‍ത്തനവും നിര്‍ത്തിയതെന്ന് വ്യക്തമല്ല. മന്ത്രാലയും ഇതിനെപ്പറ്റി പ്രതികരിച്ചിട്ടില്ല.
പെങ് യാന്‍സിയും എക്വയാങ്ങും എന്ന മറ്റൊരു പ്രവര്‍ത്തകനും ചേര്‍ന്നാണ് 2013 ല്‍ സംഘടന സ്ഥാപിച്ചത്. എല്‍ജിബിടി സമൂഹത്തിലെ വ്യക്തികള്‍ക്ക് നിയമപരമായ വ്യവഹാരങ്ങളിലൂടെ അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പാരമ്പര്യേതര കുടുംബങ്ങള്‍ക്ക് ഇടം നല്‍കുന്നതിന് സര്‍ക്കാരിനെ വെല്ലു വിളിച്ചുകൊണ്ട് സംഘം പലപ്പോഴും കോടതിയില്‍ കേസുകള്‍ നടത്തി വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: