കൊല്ലം: നിലയ്ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറിയും പലവ്യഞ്ജനവും വിതരണം ചെയ്ത സ്ഥാപനത്തിന്റെ പേരില്‍ 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. പരാതി ലഭിച്ചപ്പോള്‍ തന്നെ ദേവസ്വം വിജിലന്‍സിന് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം സംസ്ഥാന വിജിലന്‍സിന് കൈമാറി.
സംസ്ഥാന വിജിലന്‍സ് നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യം സര്‍ക്കാരോ, വിജിലന്‍സോ ഔദ്യോഗികമായി ബോര്‍ഡിനെ അറിയിച്ചിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ സസ്പെന്‍ഷനോ, മാറ്റിനിര്‍ത്തലോ ശിപാര്‍ശ ചെയ്താല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
എന്നാല്‍ പ്രസിഡന്റിന്റെ വാദം പച്ചക്കള്ളമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പരാതിക്കാരനായ ജെപി ട്രേഡേഴ്സ് ഉടമ ബി. ജയപ്രകാശ്. ദേവസ്വം ബോര്‍ഡല്ല അന്വേഷണം സംസ്ഥാന വിജിലന്‍സിനു കൈമാറിയതെന്നും, താന്‍ വിവരാവകാശ രേഖകള്‍ പ്രകാരം മുഖ്യമന്ത്രിക്കു നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണമെന്നും ജയപ്രകാശ് പറഞ്ഞു.
കുറ്റക്കാരായി വിജിലന്‍സ് കണ്ടെത്തിയവരില്‍ പ്രധാനികളായ രണ്ടുപേര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും ഒരു മെമ്പറുടെയും പിഎ ആണ്. നവംബര്‍ 13ന് കാലാവധി അവസാനിക്കുന്ന പ്രസിഡന്റ് ഒരു വര്‍ഷത്തേക്കെങ്കിലും ഇത് നീട്ടികിട്ടാനുള്ള പരിശ്രമത്തിലാണ്.
കാലാവധി അവസാനിക്കാറായ വേളയില്‍ സ്വന്തം പിഎ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വന്നാല്‍, അത് തുടര്‍ സാധ്യതയെ ഇല്ലാതാക്കും. അതിനാലാണ് നടപടി വൈകിക്കുന്നതെന്നും പരാതിക്കാരന് പറഞ്ഞു. കുറ്റക്കാരാണെന്ന് വിജിലന്‍സ് കണ്ടെത്തിയ സുധീഷ്കുമാര്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ പിഎയും, രാജേന്ദ്രപ്രസാദ് ദേവസ്വം മെമ്പറുടെ പിഎയുമാണ്. ജയപ്രകാശ് കൊട്ടാരക്കര എഒയും വാസുദേവന്‍ പോറ്റി മുണ്ടക്കയത്ത് ഒരു ക്ഷേത്രത്തിന്റെ ചുമതലക്കാരനുമാണ്.
2018-19-ല്‍ നിലയ്ക്കല്‍ ദേവസ്വം മെസ്സിലേക്ക് പച്ചക്കറി, പലവ്യഞ്ജനം വിതരണം ചെയ്തതിലാണ് വ്യാജ രേഖകള്‍ ഉപയോഗിച്ച ഉദ്യോഗസ്ഥര്‍ 70ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: