ദുബായ്: കൃത്യസമയത്ത് ഫോമിലേക്കുയര്‍ന്ന് ഓസ്ട്രേലിയ, അപരാജിതരായി പാകിസ്ഥാന്. ഐസിസി ട്വന്റി20 ലോകകപ്പില്‍ രണ്ടാം സെമിയില്‍ നാളെ ഓസ്ട്രേലിയയും പാകിസ്ഥാനും നേര്‍ക്കുനേര്‍.
പൊരുതിക്കയറിയാണ് ഓസീസ് സെമിക്ക് യോഗ്യത നേടിയത്. കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പമായിരന്നു മത്സരം. ഒടുവില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനക്കാരായി ഓസ്ട്രേലിയ സെമിയിലേക്കെത്തി. ഓപ്പണര്‍ ഡോവിഡ് വാര്‍ണര്‍ ഫോമിലേക്കുയര്‍ന്നതാണ് ഓസിസിന്റെ കരുത്ത്. അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ നടത്തിയത്. മറുവശത്ത് തോല്‍വിയറിയാതെ ആധികാരികമായിരുന്നു പാകിസ്ഥാന്റെ മുന്നേറ്റം. ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകളെ തോല്‍പ്പിച്ചപ്പോള്‍ തന്നെ ഗ്രൂപ്പിലെ ആദ്യ സ്ഥാനം ഉറപ്പിച്ചു. ബാറ്റിങ്ങും ബൗളിങ്ങും ഫോമിലാണ്.
ഡേവിഡ് വാര്‍ണറുടെ ബാറ്റില്‍ തന്നെയാണ് സെമിയിലും ഓസ്ട്രേലിയയുടെ പ്രതീക്ഷ. ടൂര്‍ണന്റില്‍ ഇതുവരെ 187 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പുറത്താകാതെ 89 റണ്‍സാണ് വാര്‍ണര്‍ നേടിയത്. മുന്‍നിര ഫോമിലാണ്. വാര്‍ണര്‍ക്ക് പുറമെ നായകന് ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ് എന്നിവരും റണ്‍സ് നേടുന്നു. ഓള്‍റൗണ്ടര്‍ ഗ്ലന്‍ മാക്സ്വലും സ്റ്റീവ് സ്മിത്തും വലിയ സ്കോറിലേക്കെത്തിയിട്ടില്ല. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഏതു ടീമിനെയും വീഴ്ത്താന്‍ കെല്‍പ്പുള്ളവര്‍. സ്പിന്നര്‍ ആദം സാമ്പയുടെ മികവും ടീമിന് കരുത്താണ്. ഓസീസിനായി ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും സാമ്പയാണ്. ഇതുവരെ നേടിയത് 11 വിക്കറ്റുകള്‍.
മറുവശത്ത് ഓപ്പണര്‍മാരുടെ മികവിലാണ് പാകിസ്ഥാന്റെ മുന്നേറ്റം. ടൂര്‍ണമെന്റില്‍ ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ഓസ്ട്രേലിയയോട് ഏറ്റുമുട്ടുമ്പോള്‍ മധ്യനിരക്ക് മികച്ച പ്രകടനം നടത്തേണ്ടി വരും. 264 റണ്‍സ് നേടിയ നായകന് ബാബര്‍ അസമാണ് ഉയര്‍ന്ന റണ്വേട്ടക്കാരന്. ഹാരിസ് റൗള്‍ എട്ട് വക്കറ്റ് വീഴ്ത്തി. ടോസാകും സെമിയില്‍ നിര്‍ണായകമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: