മുംബൈ: ക്രിക്കറ്റ് താരം വിരാട് കോഹ് ലിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഓണ്‍ലൈനില്‍ ഭീഷണിപ്പെടുത്തിയ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. ടി20 ലോകകപ്പില്‍ നിന്നും സെമികാണാതെ പുറത്തായ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ വിരാട് കോഹ് ലിക്കും മറ്റ് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്കും സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിക്കുന്നതിനിടയിലാണ് ഈ ബലാത്സംഗ ഭീഷണി. വെറും പത്ത് മാസം മാത്രം പ്രായമുള്ള ഇന്ത്യന്‍ താരത്തിന്റെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം പ്രചരിക്കുകയാണിപ്പോള്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( ഐഐടി) ഹൈദരാബാദിലെ ബിരുദധാരിയായ അകുബതിനി രാംനാഗേഷിനെയാണ് മുതിര്‍ന്ന മുംബൈ പൊലീസ് ഓഫീസറുടെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐ ഐടിയില്‍ തന്നെ ബിരുദാനന്തരബിരുദത്തിന് ചേരാനിരിക്കെയാണ് അറസ്റ്റ് നടന്നത്. ഹൈദരാബാദിലെ ഒരു ഭക്ഷ്ണവിതരണ ആപില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അകുബതിനി രാംനാഗേഷ്.
തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നു.
അമേന-അറ്റ്-ക്രിക്ക്രേസിഗേല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് കോഹ് ലിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ന്നത്. ആദ്യം ഇത് ഏതെങ്കിലും പാകിസ്ഥാന്‍കാരനാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീടാണ് ഫാക്ട് ചെക്ക് നടത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്നാണ് ഭീഷണിയെന്ന് മനസ്സിലായത്.
നേരത്തെ പാകിസ്ഥാനുമായി തോറ്റതിന് ഇന്ത്യയുടെ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ വന്‍ ട്രോള്‍ ആക്രമണമാണ് നടന്നത്. ഇതില്‍ മുഹമ്മദ് ഷമിയ്‌ക്ക് പിന്തുണയുമായി കോഹ് ലി എത്തിയിരുന്നു. ഇതായിരിക്കാം യുവാവിനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
വിരാട് കോഹ് ലിയുടെ മാനേജര്‍ അറിയിച്ചതനുസരിച്ച് നവമ്പര്‍ എട്ടിനാണ് മുംബൈ പൊലീസിലെ സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സാങ്കേതിക പരിശോധനയില്‍ കമ്പ്യൂട്ടറിന്റെ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ അഡ്രസ് തിരിച്ചറിഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354എ, 506, 500 എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: