മുംബൈ: സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധന്യദേവ് വാങ്കഡെയ്‌ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണമുന്നയിക്കും മുന്‍പ് വസ്തുതകള്‍ പരിശോധിച്ചോ എന്ന് നവാബ് മാലിക്കിനോട് ചോദ്യമുന്നയിച്ച് ബോംബെ ഹൈക്കോടതി. ട്വിറ്ററില്‍ രേഖകളും ഫോട്ടോകളും പങ്കുവെയ്‌ക്കുന്നതിന് മുന്‍പ് വസ്തുതകള്‍ പരിശോധിച്ചുറപ്പിച്ചോ എന്നും നവാബ് മാലിക്കിനോട് കോടതി ചോദിച്ചു.
ഇക്കാര്യം നവംബര്‍ 12ന് വാദം കേള്‍ക്കുന്നതിന് മുന്‍പ് സത്യവാങ്മൂലമായി സമര്‍പ്പിക്കണമെന്നും നവാബ് മാലിക്കിനോട് കോടതി ആവശ്യപ്പെട്ടു. അതുപോലെ നവാബ് മാലിക്ക് തന്റെ കുടുംബത്തെക്കുറിച്ച് നടത്തിയ ആരോപണങ്ങള്‍ തെറ്റായിരുന്നോ എന്ന കാര്യം സത്യവാങ്മൂലത്തില്‍ ബോധിപ്പിക്കാന്‍ ധന്യദേവ് വാങ്ക്‌ഡെയോടും കോടതി ആവശ്യപ്പെട്ടു.
തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് 1.25 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധന്യദേവ് വാങ്കഡേ പരാതി നല്‍കിയിരിക്കുന്നത്. സമീര്‍ വാങ്കഡെ പട്ടികജാതിക്കാരന്‍ അല്ലെന്നും മുസ്ലിമാണെന്നും പക്ഷെ റവന്യു സര്‍വ്വീസില്‍ ജോലി നേടിയത് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു. സമീര്‍ വാങ്കഡെയുടെ അച്ഛന്‍ ധന്യദേവ് വാങ്കഡെ മുസ്ലിമാണെന്നും അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ദാവൂദ് എന്നാണെന്നും നവാബ് മാലിക്ക് ആരോപിച്ചിരുന്നു.
നവാബ് മാലിക് രാഷ്‌ട്രീയക്കാരനാണെന്നും സത്യം പുറത്തുകൊണ്ടുവരേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണെന്ന് പറയുന്നുണ്ടെങ്കിലും സമീര്‍ വാങ്കഡെയുടെ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്നും വാങ്കഡെയ്‌ക്ക് വേണ്ടി ഹാജരായ അഡ്വ. ദിവാകര്‍ റായി വാദിച്ചു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റാണ് താന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് മാലിക്കിന് വേണ്ടി ഹാജരായ അതുല്‍ ഡംലെ വാദിച്ചു.
സമീര്‍വാങ്കെഡെയുടെ സഹോദരി യാസ്മീന്‍ വാങ്കഡെയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ മാലിക്കിന് എവിടെ നിന്നാണ് കിട്ടിയതെന്നും വാങ്കഡെയുടെ അഭിഭാഷകന്‍ ചോദിച്ചു. ‘എന്നാല്‍ തന്റെ കൈവശമുള്ള ചില രേഖകളുടെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചത്.’- മാലിക്കിന് വേണ്ടി അഭിഭാഷകന്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: