തിരുവനന്തപുരം : ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് എത്തിയപ്പോള്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് തന്നെ നല്‍കും. ഒഴിവ് വന്ന സീറ്റ് കേരള കോണ്‍ഗ്രസ്സിന് തന്നെ നല്‍കാമെന്ന് എല്‍ഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
എല്‍ഡിഎഫിന്റെ തീരുമാനത്തിന് പിന്നാലെ കേരള കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കുകയായിരുന്നു. ജോസ് കെ.മാണി, മന്ത്രി റോഷി അഗസ്റ്റിന്, തോമസ് ചാഴിക്കാടന് എംപി, ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എം എല്‍ എമാരായ ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരായിരുന്നു കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തത
ജോസ് കെ. മാണിയെ തന്നെ രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണെന്ന് യോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം താന്‍ തന്നെ രാജിവെച്ചൊഴിഞ്ഞ സീറ്റിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതില്‍ ജോസ് കെ. മാണിക്കെതിരെ വിര്‍ശനങ്ങളും ഉയരുന്നുണ്ട്.
ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരമാണെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് രാഹുല്‍ മാങ്കൂട്ടത്തിലും ജോസ് കെ. മാണിയെ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. ലോക്സഭാ എംപി സ്ഥാനം രാജിവെച്ച് രാജ്യസഭാ എംപി ആയി. പിന്നെ മുന്നണി മാറി രാജ്യസഭാ എംപി. സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരമാണെന്നാണ് രാഹുല്‍ പരിഹസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: