കാസര്‍കോട്: കേരളത്തിലെ വാഹന ഉടമകളെ ആകർഷിക്കാൻ അതിര്‍ത്തിയില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അയല്‍ സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുടമകള്‍. കാസര്‍കോട് ജില്ലയുടെ കേരള കര്‍ണാടക അതിര്‍ത്തികളിലാണ് കന്നടയിലും മലയാളത്തിലും തയ്യാറാക്കിയ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
അടുത്തുള്ള കേരള പമ്പിനേക്കാള്‍ ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും കുറവെന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. പെട്രോളിനും ഡീസലിനും കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് പിന്നാലെ കര്‍ണാടകയും തമിഴ്നാടും നികുതിയില്‍ കുറവ് വരുത്തിയതോടെ അതിര്‍ത്തിക്ക് അപ്പുറത്തെ പമ്പുകളില്‍ പെട്രോളിന് കേരളത്തെക്കാള്‍ വിലക്കുറഞ്ഞത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കര്‍ണാടക വില്പന നികുതി (കെഎസ്ടി) ഏഴ് രൂപ വീതം കുറച്ചതോടെയാണ് വില വീണ്ടും കുറഞ്ഞത്.
പെട്രോളിന് ലിറ്ററിന് 99.74 രൂപയും ഡീസലിന് 84.23 രൂപയുമാണ് കര്‍ണാടക അതിര്‍ത്തി പെട്രോള്‍ പമ്പുകളില്‍ ചൊവ്വാഴ്ചയിലെ വില. കാസര്‍കോട്ട് തലപ്പാടി, ഗ്വാളിമുഖം, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക തുടങ്ങിയ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടക പെട്രോള്‍ പമ്പുകളിലും വന്‍ തിരക്കാണ് ദിവസേന അനുഭവപ്പെടുന്നത്. മാഹിയിലും സമാന സ്ഥിതിയാണുള്ളത്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് അനവധി പേരാണ് ഇന്ധനം നിറയ്ക്കാന്‍ കര്‍ണാടകയിലെത്തുന്നത്. ഇത് കേരളത്തിലെ പെട്രോള്‍ പമ്പുടമകള്‍ക്ക് നഷ്ടം സംഭവിക്കുന്നതോടൊപ്പം കേരളത്തിന്റെ നികുതിയെയും സാരമായി ബാധിക്കുന്നു.
കര്‍ണാടകയിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയും ലാഭിക്കാനാവും. തമിഴ്നാട്ടില്‍ പെട്രോളിന് 3.97 രൂപയും ഡീസലിന് 1.03 രൂപയുടെയും വിലക്കുറവാണുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വിലക്കുറവ് അറിയിച്ച് തമിഴ്നാട് അതിര്‍ത്തിയില്‍ നോട്ടീസുകളും പമ്പുടമകള്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: