കാക്കനാട്: ജയറാം നായകനാവുന്ന സത്യന് അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് തൃക്കാക്കര നഗരസഭ അനുമതി നിഷേധിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിച്ചും പൊതുവഴി തടസ്സപ്പെടുത്തിക്കൊണ്ടും സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗരസഭ ചിത്രീകരണം വിലക്കിയത്. നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനാണ് ഇത്തരത്തിലുള്ള കടുത്ത നിലപാടെടുത്തത്.
ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ തൃക്കാക്കര ബസ് സ്റ്റാന്‍ഡിലാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനുള്ള അനുമതി തേടിയാണ് പ്രൊഡക്ഷന്‍ വിഭാഗത്തിലെ രണ്ടുപേര്‍ നഗരസഭയിലെത്തിയത്. അനുമതി നല്‍കിയില്ലെന്നു മാത്രമല്ല ഓഫീസിലെത്തിയ സിനിമാ പ്രവര്‍ത്തകരോടും നഗരസഭാ ഉദ്യോഗസ്ഥരോടും ചെയര്‍പേഴ്സണ്‍ പൊട്ടിത്തെറിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവുമാര്‍ ചിത്രീകരണത്തിന് അനുമതി തേടി നഗരസഭയിലെത്തിയത്. ചെയര്‍പേഴ്സന്റെ മുന്നിലെത്തിയപ്പോഴാണ് രൂക്ഷമായ വാക്കുകളുമായി അജിത തങ്കപ്പന് ഇവര്‍ക്കു നേരെ തിരിഞ്ഞത്. ‘ജനങ്ങള്‍ക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാര്‍ക്ക് ഞാന്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാന്‍…!’ ചെയര്‍പേഴ്സണ്‍ പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ്സുമായി ഇടഞ്ഞു നില്ക്കുന്ന നടന് ജോജു ജോര്‍ജ് തങ്ങളുടെ സിനിമയില്‍ ഇല്ലെന്ന് ഇവര്‍ പറഞ്ഞെങ്കിലും ചെയര്‍പേഴ്സണ്‍ അതൊന്നും വക വച്ചില്ല. അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങി.
സിനിമാ ചിത്രീകരണങ്ങള്‍ ഏറെ നടക്കുന്ന സ്ഥലമാണ് തൃക്കാക്കരയും പരിസര പ്രദേശങ്ങളും. ഭരണസമിതി ഈ നിലപാടില്‍ നിന്നു പിന്നോട്ടു പോയില്ലെങ്കില്‍ ഇവിടെ ഷൂട്ടിങ് ബുദ്ധിമുട്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: