ചണ്ഡീഗഡ്: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ആശിര്‍വാദത്തോടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലിരിത്തുന്ന നവജ്യോത് സിംഗ് സിദ്ദുവിന്റെ ആവശ്യത്തിന് മുന്നില്‍ തലതാഴ്ത്തി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. പഞ്ചാബില്‍ ഈയിടെ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റ എ.പി. ഡിയോളിന്റെ രാജി ചരണ്‍ ജിത് സിംഗ് ചന്നിക്ക് ഒടുവില്‍ സിദ്ദുവിന്റെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് സ്വീകരിക്കേണ്ടി വന്നു.
സിദ്ദുവിന്റെ ഖഡ്ഗമേറ്റ് ആദ്യം അറ്റുവീണത് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ തലയായിരുന്നെങ്കില്‍ ചൊവ്വാഴ്ച സിദ്ധു തെറിപ്പിച്ചത് അഡ്വക്കേറ്റ് ജനറലിന്റെ കസേര. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെങ്കില്‍ സംസ്ഥാന ഡി.ജി.പിയേയും അഡ്വക്കേറ്റ് ജനറലിനേയും നീക്കണമെന്നും, അല്ലാത്ത പക്ഷം താന്‍ സ്ഥാനം രാജി വെക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിയോളിന്റെ രാജി സര്‍ക്കാര്‍ അംഗീകരിച്ചത്.2015ല്‍ നടന്ന വെടിവെയ്പ്പിന് കാരണക്കാരാണ് ഡി.ജി.പിയും അഡ്വക്കേറ്റ് ജനറലുമെന്നാണ് സിദ്ദു ആരോപിക്കുന്നത്.
തിങ്കളാഴ്ചയാണ് ഡിയോള്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചത്. രാജി ലഭിച്ചെന്ന് സ്ഥിരീകരിച്ചെങ്കിലും ക്യാബിനറ്റ് യോഗത്തിലാകും തീരുമാനം എടുക്കുക എന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഡിയോളിന്റെ രാജി മന്ത്രിസഭ അംഗീകരിച്ചതായി ചരണ്‍ജിത് സിങ് ചന്നി അറിയിച്ചത്. പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സ്ഥാനം വഹിക്കുന്ന ഇഖ്ബാല്‍ സിംഗ് സഹോതയുടെ സ്ഥാനത്തേക്ക് പകരക്കാരുടെ പട്ടിക കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും ചന്നി കൂട്ടിച്ചേര്‍ത്തു
തുടക്കം മുതലേ അഡ്വക്കേറ്റ് ജനറലിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയ്ക്ക് ഒടുവില്‍ സിദ്ദുവിന്റെ പിടിവാശിയ്ക്ക് മുന്നില്‍ തലകുനിയ്ക്കേണ്ടി വന്നു. ചൊവ്വാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയും നവജ്യോത് സിംഗ് സിദ്ദുവും ചേര്‍ന്ന് അഡ്വക്കേറ്റ് ജനറല്‍ എപിഎസ് ഡിയോളിന്റെ രാജി സ്വീകരിച്ചതായി പ്രഖ്യാപിച്ചത്. ഇതോടെ കഴിഞ്ഞ കുറെ ദിവസമായി അഡ്വക്കേറ്റ് ജനറലിനെതിരായ സിദ്ദുവിന്റെ യുദ്ധം വിജയിച്ചിരിക്കുകയാണ്.
സപ്തംബര്‍ 27നാണ് അഡ്വക്കേറ്റ് ജനറലായ അതുല്‍ നന്ദ വിരമിച്ച ഒഴിവിലേക്ക് ഡിയോളിനെ നിയമിച്ചത്. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരുന്നു ഡിയോളിന്റെ നിയമനം. എന്നാല്‍ ഈ നിയമനത്തെ തുടക്കം മുതലേ നവജ്യോത് സിംഗ് സിദ്ദു എതിര്‍ത്തു. സിദ്ദു സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി നിലകൊള്ളുന്നതായി ഡിയോള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത് പിന്നീട് ഡിയോളും സിദ്ദുവും തമ്മിലുള്ള വാക്പോരില്‍ കലാശിച്ചെങ്കിലും സിദ്ദു നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതിന് ഹൈക്കമാന്റ് പച്ചക്കൊടി വീശിയതോടെ ഡിയോളിന്റെ തൊപ്പി തെറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: