ന്യൂദല്‍ഹി: മംഗലാപുരം ഹരേക്കല സ്വദേശി ഹജ്ജബ്ബയെന്ന തെരുവു കച്ചവടക്കാരന് പദ്മശ്രീ പുരസ്കാരം പ്രഥമ പൗരനില്‍ നിന്ന് ഏറ്റുവാങ്ങിയപ്പോള്‍ തിളക്കമേറുന്നത് പുരസ്കാരത്തിനും. സ്വന്തം നാടായ ഹരേക്കലയില്‍ സ്കൂള്‍ തുറന്ന് വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതിനാണ് അറുപത്തഞ്ചുകാരനായ ഹജ്ജബ്ബയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
തെരുവില്‍ മധുരനാരങ്ങ വിറ്റ് ലഭിച്ച സമ്പാദ്യത്തില്‍ നിന്ന് സ്കൂള്‍ ആരംഭിക്കുകയും വര്‍ഷാവര്‍ഷം അതിന്റെ വളര്‍ച്ചയ്ക്കായി പണം നല്‍കുകയും ചെയ്യുന്നു. അക്ഷരങ്ങളുടെ വിശുദ്ധന് എന്നര്‍ത്ഥം വരുന്ന അക്ഷര സാന്ത എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗ്രാമത്തില്‍ സ്കൂള്‍ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്തത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു.
ഇത് വെല്ലുവിളിയായി ഏറ്റെടുത്ത് 1995 ല്‍ സ്കൂള്‍ നിര്‍മാണത്തിലേക്കുള്ള യാത്ര തുടങ്ങി. സ്കൂളിനുള്ള ഭൂമിയും വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരവും നേടി. 1999 ല്‍ ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ഒരു സ്കൂള്‍ അനുവദിച്ചു. തുച്ഛമായ തന്റെ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച പണം കൊണ്ട് ഗ്രാമത്തില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി അവിടെ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. പത്താംതരം വരെയുള്ള ക്ലാസുകളിലായി ഇന്ന് 175 കുട്ടികളാണ് സ്കൂളിലുള്ളതെന്ന് ഹരേക്കല ഹജ്ജബ്ബ പറഞ്ഞു. 2020ല്‍ പദ്മശ്രീ പുരസ്കാരത്തിന് അര്‍ഹനായ വിവരം മാധ്യമങ്ങള്‍ അറിയിക്കുമ്പോഴും തെരുവില്‍ നാരങ്ങ കച്ചവടം നടത്തുന്ന തിരക്കിലായിരുന്നു ഈ നിശബ്ദ വിദ്യാഭ്യാസ വിപ്ലവ നായകന്.
രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരില്‍ നിന്ന് പ്രചോദനംഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുരസ്കാര വിതരണത്തിനുശേഷം ട്വിറ്ററിലാണ് മോദി അഭിപ്രായം പങ്കുവെച്ചത്. പൊതുനന്മയ്ക്കുവേണ്ടിയുള്ള മാതൃകാപരമായ പ്രയത്നങ്ങള്‍ക്ക് താഴേത്തട്ടിലെ വിജയികളെ അംഗീകരിക്കുന്നത് കണ്ടതില്‍ അതിയായ സന്തോഷം തോന്നി.
സമ്മാനം ലഭിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. പരിസ്ഥിതി മുതല്‍ സംരംഭം വരെ, കൃഷി മുതല്‍ കല വരെ, ശാസ്ത്രം മുതല്‍ സാമൂഹിക സേവനം, പൊതുഭരണം മുതല്‍ സിനിമ വരെ… പദ്മ പുരസ്കാരങ്ങള്‍ സ്വീകരിക്കുന്നവര്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണ്. ഓരോ അവാര്‍ഡ് ജേതാക്കളെയും കുറിച്ച് അറിയാനും പ്രചോദനം നേടാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: