അഞ്ചല്‍: സര്‍വ്വീസുകള്‍ ഉള്‍പ്പെടെ വെട്ടിക്കുറച്ച് കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയെ അവഗണിക്കുന്നെന്ന് ആക്ഷേപം. 34 സര്‍വീസുകളുമായി ആരംഭിച്ച ഡിപ്പോയിലെ ബസുകള്‍ പലതും പിന്‍വലിച്ച് മറ്റ് പല ഡിപ്പോകളിലേക്കും മാറ്റി.
കൊല്ലം-കുളത്തൂപ്പുഴ വേണാട് ബസ് സര്‍വീസും വെട്ടിക്കുറച്ചു. ഇത് യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. കുളത്തൂപ്പുഴ ഡിപ്പോയില്‍നിന്ന് സര്‍വീസ് നടത്തിയിരുന്ന ബസുകളാണ് വെട്ടിക്കുറച്ചത്. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല. പുലര്‍ച്ചെ ആരംഭിച്ച് രാത്രി അവസാനിക്കുന്ന തരത്തില്‍ ഇരുപതുമിനിറ്റ് ഇടവിട്ട് 84 ട്രിപ്പുകളാണ് കുളത്തൂപ്പുഴയില്നിന്നും കൊല്ലത്തുനിന്നുമായി സര്‍വീസ് നടത്തിയിരുന്നത്. ഇത് പകുതിയാക്കിയതാണ് യാത്രക്കാരെ വെട്ടിലാക്കിയത്.
ഡിപ്പോയിലെ ബസുകള്‍ പലതും മറ്റു ഡിപ്പോകളിലേക്കു കൊണ്ടുപോയതാണ് സര്‍വീസ് മുടക്കത്തിന് ഇടയാക്കിയത്. കൂടാതെ അറ്റകുറ്റപ്പണി യഥാസമയം ചെയ്യാതെ ഉപേക്ഷിച്ചതും സ്പെയര്‍ പാര്‍ട്സ് ലഭ്യമാക്കാത്തതും സര്‍വീസിനെ ബാധിച്ചു. കൊല്ലത്തുനിന്നുള്ള സര്‍വീസുകളും നിര്‍ത്തലാക്കി. വഴിയോരത്ത് മണിക്കൂറുകളോളം കാത്തുനിന്നാലും യാത്രചെയ്യാനാകാത്ത അവസ്ഥയിലായതോടെ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി. ദീര്‍ഘദൂര സര്‍വീസുകള്‍ പ്രഖ്യാപനത്തിലൊതുങ്ങിയതോടെ യാത്രക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ്. ഡിപ്പോയുടെ വികസനത്തിനായി കെഎസ്ആര്‍ടിസി അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ല. ഇതില്‍ നാട്ടുകാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഡിപ്പോയില്‍ പഞ്ചായത്ത് പണികഴിപ്പിച്ച ശൗചാലയം ഇതുവരെ തുറന്നുകൊടുക്കാത്തതും അവഗണനയ്ക്കു തെളിവായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: