ശാസ്താംകോട്ട: ശാസ്താംകോട്ട തടാകത്തില്‍ പായല്‍ പടര്‍ന്നതിനെ തുടര്‍ന്ന് മലിനമായ ജലം ഉപയോഗിച്ച നിരവധി പേരെ ഛര്‍ദ്ദിയും പകര്‍ച്ചപ്പനിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടാകത്തിലെ ആദിക്കാട് പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്തെടുത്ത് വിതരണം ചെയ്ത പൈപ്പ് വെള്ളം ഉപയോഗിച്ചവര്‍ക്കാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. ഇതോടെ പൈപ്പില്‍ നിന്നും ശേഖരിച്ച കലക്കവെള്ളം ഉപയോഗിച്ച നിരവധി പേര് ഭീതിയിലാണ്.
ജലം വേണ്ട രീതിയില്‍ ശുദ്ധീകരണം നടത്താതെ പമ്പ് ചെയ്യുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. ഈ പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്തെടുത്ത് വിതരണം ചെയ്യുന്ന കുടിവെള്ളമാണ് മാലിന്യം നിറഞ്ഞ നിലയില്‍ പൈപ്പ് ലൈന്‍ വഴി വീടുകളില്‍ എത്തുന്നത്. ചെളിയുടെ നിറം കലര്‍ന്ന വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധവുമുണ്ട്.
പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ ഐത്തോട്ടുവാ, വിളന്തറ, കടപ്പാക്കുഴി പ്രദേശങ്ങളിലാണ് പൈപ്പിലൂടെ മലിനജലം കൂടുതലായി എത്തുന്നത്. ഇടയ്ക്കിടെ നിറവ്യത്യാസമുള്ള ജലമാണ് പൈപ്പില്‍ നിന്ന് ലഭിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടുകാരും, പ്രദേശത്തെ ചില സംഘടനകളും വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് പരാതി നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല. തടാകത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ആദി ക്കാട് പമ്പ് ഹൗസ്. പമ്പ് ഹൗസിന് താഴെ തടാകത്തില്‍ ആഫ്രിക്കന്‍ പായല്‍ പടരുന്നതായി ‘ജന്മഭൂമി’ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പായല്‍ പടര്ന്നിടത്തെ ജലം മലിനമായതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ജലം പമ്പ് ചെയ്തെടുത്ത് വിതരണം ചെയ്തതിലാണ് പിഴവുണ്ടായിരിക്കുന്നത്. പമ്പ് ഹൗസില്‍ ഫില്‍റ്ററേഷന്‍ സംവിധാനം തകരാറിലാണെന്നാണ് ലഭിച്ച വിവരം. എന്നാല്‍ ജീവനക്കാര്‍ ഇക്കാര്യം പുറത്തു പറയുന്നില്ല. ശുദ്ധീകരണത്തിന്റെ മാനദണ്ഡമായ ഡര്ബിഡിറ്റിയുടെ അളവ് പത്തിനകത്ത് ആവണമെന്ന നിയമം നിലനില്‍ക്കെ ഇപ്പോള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഡര്ബിഡിറ്റി ഇരുപത്തി അഞ്ചിനു മുകളിലാണത്രേ.
പമ്പ് ഹൗസിലെ ബോര്‍ഡില്‍ ഇതു രേഖപ്പെടുത്തണമെന്ന നിര്‍ദേശവും ഇതേ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി മറച്ചു വച്ചത് കൂടുതല്‍ ദുരൂഹതക്ക് കാരണമായിട്ടുണ്ട്.ഒരു വര്‍ഷം മുന്‍പ് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലെ ബോട്ടണി വിഭാഗവും കുസാറ്റിലെ മറയിന്‍ സയന്‍സ് വിഭാഗവും തടാകത്തിലെത്തി ആദിക്കാട് പമ്പ് ഹൗസിന് സമീപത്തു നിന്നും ജലം പരിശോധനക്കായി എടുത്തിരുന്നു. നാല്‍പ്പത് ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് പ്രതിദിനം തടാകത്തില്‍ നിന്നും പമ്പ് ചെയ്തെടുത്ത് കൊല്ലം കോര്‍പ്പറേഷനിലടക്കം ജില്ലയിലെ അറുപതു ലക്ഷം വീടുകളില്‍ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: