ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കൃത്യതയോടെയുള്ള നീക്കവുമായി തമിഴ്നാട് മുന്നേറുമ്പോള്‍ കേരളത്തിന്റെ നീക്കം തീര്‍ത്തും ലാഘവത്തോടെ. ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തമിഴ്നാടിന് അനുമതി നല്‍കിയത് ഉദ്യോഗസ്ഥ തല യോഗത്തില്‍ ആണ്. ഈ ഉത്തരവ് സംസ്ഥാനത്തെ മന്ത്രിമാര്‍ അറിഞ്ഞത് സ്റ്റാലിന് കത്തയച്ചപ്പോളാണെന്ന് പറയുമ്പോള്‍ കെടുകാര്യസ്ഥത വ്യക്തമാണ്.
തമിഴ്നാടിന് പാട്ടത്തിന് നല്‍കിയിരിക്കുന്ന സ്ഥലത്തെ 40 സെന്റിലുള്ള മരങ്ങള്‍ മുറിക്കാനാണ് അനുമതി നല്‍കിയത്. 7 മീറ്റര്‍ പൊക്കവും 171 സെന്റീമീറ്റര്‍ വീതിയുമുള്ള മരംവരെ കൂട്ടത്തിലുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയും വനം-ജലവിഭവ വകുപ്പ് മന്ത്രിമാരും ഇക്കാര്യം അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രി നന്ദി അറിയിച്ച് കത്തയച്ചപ്പോളാണ്.
തമിഴ്നാട് ജലവിഭവവകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍, ഈ മാസം ഒന്നാം തീയതി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് മുല്ലപ്പെരിയാര്‍ ബേബി ഡാമിനോടു ചേര്‍ന്ന 15 മരങ്ങള്‍ മുറിക്കാന്‍ തീരുമാനമെടുത്തത്.
മരങ്ങള്‍ മുറിക്കാന്‍ തമിഴ്നാട് ആവശ്യപ്പെടുന്ന കാര്യം പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടര്‍ 30ന് അറിയിച്ചതിന് പിന്നാലെയായിരുന്നു കേരളത്തിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത്.
തമിഴ്നാടിന് പാട്ടത്തിനു നല്കിയ 0.25 ഹെക്ടറില്‍ ബേബി ഡാമിനോട് ചേര്‍ന്ന് നില്ക്കുന്ന 23 മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്നായിരുന്നു തമിഴ്നാട് എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ആവശ്യം. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഈസ്റ്റ് ഡിവിഷനിലെ ഡപ്യൂട്ടി ഡയരക്ടര്‍ 40 സെന്റിലുള്ള 15 മരങ്ങള്‍ മുറിക്കാന്‍ ശുപാര്‍ശ നല്കി. കരാര്‍ പ്രകാരം, അറ്റകുറ്റപ്പണികള്‍ക്കായി തമിഴ്നാടിന് മരംമുറിക്കാനും ചെറിയ ചെടികളും കുറ്റിക്കാടുകളും നീക്കം ചെയ്യാനും അധികാരമുണ്ടെന്ന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ബെന്നിച്ചന് തോമസിന്റെ ഉത്തരവില്‍ പറയുന്നു. നിലവില്‍ ഈ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഉടന്‍ തന്ന ഇതിന് അനുമതി നല്‍കാനാണ് സാധ്യത. ഇത്തരത്തില്‍ വന്നാല്‍ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള സാധ്യതകളാണ് നിലവിലുള്ളത്. ഇതിന് മുന്നോടിയായി പണികള്‍ തീര്‍ത്ത ശേഷം സുപ്രീകോടതിയുടെ സമിതി പരിശോധനക്കെത്തും. പിന്നാലെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുമതി നല്കിയാല് അത് 4 പതിറ്റാണ്ട് നീണ്ട കേരളത്തിന്റെ പോരാട്ടത്തിന് ഏല്ക്കുന്ന കനത്ത തിരിച്ചടി കൂടിയാകും. ഇതോടെ ആശങ്കയും പതിന്മടങ്ങായി വര്‍ദ്ധിക്കും.
മുല്ലപ്പെരിയാര്‍ ഡാമിന് ഇനിയും ആയുസുണ്ടെന്ന് പറയുന്നവര്‍ 100 വയസ് കഴിഞ്ഞിട്ടും മരിക്കാത്ത ആളുകളുടെ കാര്യം മാത്രം ചിന്തിച്ചാല്‍ മതിയെന്നും കൃത്യമായ തീരുമാനമെടുത്ത് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നുമാണ് പൊതുവെ ഉയരുന്ന ആവശ്യം. ജില്ലയുടെ വിവിധ മേഖലകളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ വന്നതോടെ വലിയ ആശങ്കയാണ് ജനങ്ങള്‍ പങ്കുവെയ്ക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ മറുപടി ജനങ്ങള്‍ക്ക് നല്കാന് വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ആകുന്നില്ല.
ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 138.5 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 1867 ഘനയടി വെള്ളം സെക്കന്റില്‍ ഒഴുകിയെത്തുമ്പോള്‍ ഇത്ര തന്നെ വെള്ളമാണ് തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. രണ്ട് ദിവസമായി വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തിയില്‍ കുറവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: