പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍
(കാലടി ആദിശങ്കര ജന്മദേശ വികസന സമിതി അധ്യക്ഷന്‍)
അദൈ്വതാചാര്യന്‍ ശ്രീശങ്കരന്റെ കൃഷ്ണശിലാ പ്രതിമ കേദാര്‍നാഥില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തപ്പോഴുണ്ടായ വികാരമാണ് ഇവിടെ കുറിക്കുന്നത്. അതിന് പ്രേരണ നല്‍കിയത് സാമൂഹിക സമരസത പ്രാന്തീയ പ്രമുഖും 2004 മുതല്‍ ശ്രീശങ്കര ജയന്തി പ്രൗഢഗംഭീരമായി ആസൂത്രണം ചെയ്ത് അദൈ്വതത്തിന്റെ പ്രഭവകേന്ദ്രമായ കാലടിയില്‍ നടത്താന്‍ പ്രേരണോദായകനായ വി .കെ. വിശ്വനാഥന് എന്ന വിശ്വം പാപ്പയാണ്.
കേദാര്‍നാഥില്‍ നടന്ന ആത്മീയ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണുന്നതിനു മുമ്പായി കാലടിയിലെ ”ശങ്കരം ലോക ശങ്കരം ‘മഹാസമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി കിഷന് റെഡ്ഢിയുട ഉദ്ഘാടന പ്രസംഗം നേരിട്ട് കേട്ടപ്പോഴാണ് ഗതകാല സ്മരണകളും അനുഭവങ്ങളും മനസ്സില്‍ തെളിഞ്ഞത്.
ചരിത്രം പഠിപ്പിക്കുന്നില്ല. ശ്രീ ശങ്കരനെ മനസ്സിലാക്കാനുള്ള പാഠ്യപദ്ധതികള്‍ സര്‍വ്വകലാശാലാ തലത്തില്‍പ്പോലും നടക്കുന്നില്ല. നാം നമ്മുടെ രാഷ്ട്രത്തെ കാണാതെയും മനസ്സിലാക്കാതെയും പാശ്ചാത്യരുടെ പിറകെ പോവുകയായിരുന്നല്ലൊ പതിവ്. പക്ഷെ, വൈദേശിക പണ്ഡിതന്മാര് പലരും സംസ്കൃത ഭാഷയില്‍ അവഗാഹം നേടി നമ്മുടെ വേദോപനിഷത്തുക്കളെ കുറിച്ച് ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവരില്‍ പ്രധാനിയായിരുന്നു ഫ്രഞ്ച് തത്ത്വചിന്തകനും ഭരണാധികാരിയുമായിരുന്ന ആന്ദ്രെ മാല്‍റൊ.
ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും ആന്ദ്രെ മാല്റൊയും സുഹൃത്തുക്കളായിരുന്നു. 1936ല്‍ അവര്‍ തമ്മില്‍ പാരീസിലെ ഒരു ചൈനീസ് റെസ്റ്റോറന്റില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ മാല്‍റോ പറഞ്ഞു: യൂറോപ്പ് ആശയങ്ങളുടെ ശ്മശാനഭൂമിയാണ്. നന്മയ്ക്കും തിന്മയക്കും അപ്പുറത്തേക്ക് ഒരിക്കലും പോകാന്‍ ഞങ്ങള്‍ക്കു കഴിയുകയില്ല. ഭാരതത്തെപ്പോലെ, ദൈ്വത ഭാവത്തില്‍ നിന്ന് വിദൂരതയിലേക്ക് പോകാന്‍ ഞങ്ങള്‍ക്കൊരിക്കലും സാധ്യമല്ല. ഭാരതത്തില്‍ ശ്രീശങ്കരനുണ്ടായിരുന്നു. ഭാരതം സ്വതന്ത്രമാകുമ്പോള്‍ ഈ ദൈ്വത ഭാവത്തില്‍ നിന്ന് രാഷ്ട്രത്തെ രക്ഷിക്കുക ആ മഹാത്മാവായിരിക്കും. ശ്രീശങ്കരന് ഭാരതത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്കട്ടെ’.
പ്രശസ്ത പത്രപ്രവര്‍ത്തകനായ ടി.ജെ.എസ്. ജോര്‍ജ്ജ് 1998 ഡിസംബര്‍ 27 ലെ ‘ദി ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപത്രത്തിലെ ലേഖനത്തില്‍ സൂചിപ്പിച്ച കാര്യങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. അരിസ്റ്റോട്ടിലിനേക്കാള് മേന്മയേറിയ സ്ഥാനമാണ് ശ്രീശങ്കരനു മാല്‍റൊ നല്‍കിയിരിക്കുന്നത്.
സ്വാതന്ത്ര്യം ലഭിച്ച ശേഷം നെഹ്റുവിനെ കണ്ടപ്പോള്‍ ശ്രീശങ്കരനെ പരിഗണിച്ചോ എന്ന മാല്റൊയുടെ അന്വേഷണത്തിന് നെഹ്റു പുഞ്ചിരിക്കുക മാത്രമാണ് ചെയ്തതെന്നും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.
ദില്ലിയിലെ ദീനദയാല്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി ആരംഭകാലത്തുണ്ടായിരുന്ന മോദിജിയുടെ ബന്ധവും ചരിത്രാവബോധവും ജീവിത അനുഭവങ്ങളുമാകാം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ ശ്രീ ശങ്കരനെ അംഗീകരിക്കാനും ഔപചാരികമായി ആദരിക്കാനും അവസരം ഒരുക്കി ചരിത്രം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു പ്രേരണയായത്. 2016 മെയ് 11 നായിരുന്നു ആ വര്‍ഷത്തെ ശ്രീ ശങ്കര ജയന്തി. അന്നു തന്നെ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മോദി തൃപ്പൂണിത്തുറയില്‍ പ്രസംഗിക്കാന്‍ എത്തിയിരുന്നു. സമയം കിട്ടിയാല്‍ കാലടിയില്‍ നടക്കുന്ന മഹാപരിക്രമയില്‍ പങ്കെടുക്കാന്‍ ശ്രമിക്കാമെന്ന് അറിയിച്ചിരുന്നു.
അന്നത്തെ മഹാപരിക്രമയും മുതലക്കടവ് സ്നാനവും കഴിഞ്ഞ് അന്നും വിശ്വം പാപ്പ പറഞ്ഞു അയോദ്ധ്യ പോലെ, കാശി പോലെ കാലടിയും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായി മാറുമെന്ന്. അതുപോലെ പടിപടിയായി കാര്യങ്ങള്‍ പുരോഗമിച്ചു വരുന്നതായി അറിയുന്നു. ആദിശങ്കര ജന്മദേശവികസന സമിതി പി. പരമേശ്വര്‍ജിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നവും സാക്ഷാത്കരിക്കാന്‍ നമുക്ക് സാധിക്കണം. പ്രധാനമന്ത്രിയുടെ കേദാറിലെ പ്രസംഗവും പ്രഖ്യാപനങ്ങളും കാലടിക്ക് പ്രത്യാശ നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: