ഡോ.ബി. പത്മകുമാര്‍
ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിസിന് വിഭാഗം പ്രൊഫസറും മേധാവിയും
ആരോഗ്യരംഗത്ത് അത്ഭുതാവഹമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. ആരോഗ്യ സൂചികകളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ആരോഗ്യ നിലവാരം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. കേരളം കൈവരിച്ച സമ്പൂര്‍ണ സാക്ഷരത, സ്ത്രീ ശാക്തീകരണം, ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകള്‍ എന്നിവയോടൊപ്പം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കേരളത്തില്‍ രൂപപ്പെട്ട നവോത്ഥാന പ്രസ്ഥാനങ്ങളും ആരോഗ്യമേഖലയിലെ കേരളത്തിന്റെ കുതിച്ചു ചാട്ടത്തിന് കളമൊരുക്കി.
കേരളത്തിന്റെ ആരോഗ്യ മാതൃക എന്ന് ആഗോള വ്യാപകമായി പ്രകീര്‍ത്തിക്കപ്പെട്ട സവിശേഷ മാതൃക അതിന്റെ പൂര്‍ണ്ണ രൂപത്തിലെത്തിയത് ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിലാണ്. കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ സാധാരണ ജനങ്ങള്‍ക്ക് നല്കാന് കഴിഞ്ഞുവെന്നതായിരുന്നു കേരള മോഡലിന്റെ പ്രത്യേകത. എന്നാല്‍ എണ്‍പതുകളുടെ തുടക്കത്തോടെ കേരളം ആരോഗ്യരംഗത്ത് കൈവരിച്ച മാതൃകാപരമായ നേട്ടങ്ങള്‍ നിലനിര്‍ത്താനാകാതെ വന്നു. ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും ഒരുപോലെ വ്യാപകമായപ്പോള്‍ നമ്മുടെ ആരോഗ്യരംഗം സമ്മര്‍ദ്ദത്തിലായി. നമ്മുടെ ആരോഗ്യമാതൃക ഒരു പഴങ്കഥയായി.
കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ഇരുപതു വര്‍ഷം കേരള മോഡലിന്റെ തകര്‍ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചതെങ്കില്‍ 2000-2020 കാലഘട്ടം ഒരു പുതിയ ആരോഗ്യ മാതൃക ഉടലെടുക്കുന്നതിന്റെ ശുഭസൂചനകളാണ് നല്‍കിയത്. മാറി മാറി വന്ന ഭരണകൂടങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ ക്ഷേമ പദ്ധതികളും സുശക്തമായ ബഹുതല ആരോഗ്യ സംവിധാനങ്ങളും പൊതുജന പങ്കാളിത്തവുമാണ് പ്രളയവും പ്രകൃതി ദുരന്തങ്ങളും കൊവിഡുമടക്കമുള്ള തിരിച്ചടികളെ മറികടക്കാന്‍ തുണയായത്. ഇതിനിടയിലും ഇരട്ട രോഗങ്ങളുടെ വ്യാപനവും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയും വര്‍ധിച്ചുവരുന്ന രോഗാതുരതയുമെല്ലാം നമ്മുടെ ആരോഗ്യമേഖലയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ.
രാജഭരണകാലത്തെ സംഭാവനകള്‍
കേരളത്തിന്റെ ആരോഗ്യമേഖലയുടെ കഴിഞ്ഞകാല ചിത്രം പരിശോധിക്കുമ്പോള്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് നടപ്പിലാക്കിയ ആധുനികവും ശാസ്ത്രീയവുമായ പരിഷ്കാരങ്ങള്‍ മറക്കാനാവില്ല. ആരോഗ്യരംഗത്ത് അന്ധവിശ്വാസങ്ങളും അത്ഭുത ചികിത്സാ തട്ടിപ്പുകളുമൊക്കെ നിലനിന്നിരുന്ന ഇരുണ്ട കാലഘട്ടത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയമായ കണ്ടെത്തലുകള്‍ പ്രചരിപ്പിക്കുവാന്‍ തിരുവിതാംകൂര്‍ രാജാക്കന്മാര് പ്രത്യേക താല്‍പ്പര്യമെടുത്തിരുന്നു. 1796 ല്‍ എഡ്വേര്‍ഡ് ജന്നര്‍, ഗോ വസൂരി പ്രയോഗം ആദ്യമായി നടപ്പില്‍ വരുത്തി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ 1813 ല്‍ തിരുവിതാംകൂറിലും ഗോ വസൂരി പ്രയോഗം ഏര്‍പ്പെടുത്തി. ആകെ ഭരണച്ചെലവിന്റെ രണ്ടുശതമാനത്തോളം ആരോഗ്യമേഖലയ്ക്കായി നീക്കിവച്ചുകൊണ്ടാണ് രാജഭരണം ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചത്. അക്കാലത്തെ ആരോഗ്യസൂചികകളും ഈ നേട്ടം വെളിപ്പെടുത്തുന്നു. 1921-30 കാലഘട്ടത്തില്‍ കേരളത്തിലെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാര് (29.5) സ്ത്രീകള്‍ (32.9) വര്ഷങ്ങളായിരുന്നപ്പോള് ഭാരതത്തില്‍ അത് യഥാക്രമം 26.9, 26.6 എന്നിങ്ങനെയായിരുന്നു. 1941-50 കാലയളവില്‍ കേരളത്തിലെ മരണനിരക്ക് ആയിരത്തില്‍ 18 ആയിരുന്നപ്പോള്‍ ഇന്ത്യയിലേത് 27 ആയിരുന്നു. കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ശക്തമായ അടിത്തറ നിര്‍മിച്ചുകൊണ്ട് കേരളാ മോഡല്‍ ആരോഗ്യ മാതൃകയ്ക്ക് ബീജാവാപം ചെയ്യുകയാണ് തിരുവിതാംകൂര്‍ രാജഭരണം ചെയ്തത്.
പുതിയ കേരളത്തിന്റെ ആരോഗ്യ മാതൃക
തൊണ്ണൂറുകളുടെ മധ്യത്തോടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെയുള്ള ആരോഗ്യസ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തുകൊണ്ടുള്ള അധികാര വികേന്ദ്രീകരണം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുതുജീവന്‍ നല്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചു നടപ്പാക്കിയ ആരോഗ്യക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തതകള്‍ പരിഹരിക്കാനും സഹായകമായി. പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷാ യോജനപോലെയുള്ള പദ്ധതികളുടെ സഹായത്തോടെ പൂര്‍ത്തീകരിച്ച മെഡിക്കല്‍ കോളജാശുപത്രികളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ നിലവാരം ഉയര്‍ത്തി. പൊതുജനാരോഗ്യ സ്ഥാപനങ്ങളോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്പെഷ്യാലിറ്റി-സൂപ്പര്‍ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍, ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റുകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, പെയ്ന് ആന്‍ഡ് പാലിയേറ്റീവ് സെന്ററുകള്‍, ഇ-ഹെല്‍ത്ത് പ്രോഗ്രാമുകള്‍, 108 ആംബുലന്‍സ് സര്‍വീസ് തുടങ്ങിയവ കേരളത്തിന്റെ പൊതു ആരോഗ്യമേഖലയ്ക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഒരു പുതിയ പ്രതിച്ഛായ നല്‍കിയിട്ടുണ്ട്.
നേരിടാം, വെല്ലുവിളികളെ
പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും ഒരുപോലെ വ്യാപിക്കുന്ന സമൂഹത്തെ ഇരട്ടരോഗങ്ങളില്നിന്ന് മോചിപ്പിക്കുക എന്നതാണ് കേരളത്തിലെ വര്‍ത്തമാനകാല ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തില്‍ അഞ്ചുപേരിലൊരാള്ക്ക് പ്രമേഹവും മൂന്നുപേരിലൊരാള്‍ക്ക് ഹൈപ്പര്‍ ടെന്‍ഷനും ഉണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാന്‍സറിന്റെ വളര്‍ച്ചയും ആശങ്കാജനകമാണ്. നിപയും കൊവിഡും പോലെയുള്ള പുതിയ പകര്‍ച്ചവ്യാധികളും വെല്ലുവിളി ഉയര്‍ത്തുന്നു.
കേരളത്തില്‍ 50 ലക്ഷത്തോളം വയോജനങ്ങളാണുള്ളത്. എന്നാല്‍ ആശുപത്രികളും പൊതുഇടങ്ങളും വയോജന സൗഹൃദമാക്കുവാന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അടിയന്തര ചികിത്സാ സംവിധാനം (ട്രോമാ കെയര്‍), മാനസികാരോഗ്യ പരിപാലനം, അവയവദാനം, റോഡപകട നിയന്ത്രണം എന്നീ രംഗങ്ങളിലും നാമിനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട്.
ജീവിതശൈലീ രോഗങ്ങളും പകര്‍ച്ചവ്യാധികളും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ബഹുജന പങ്കാളിത്തത്തോടെ ആരോഗ്യവിദ്യാഭ്യാസ പരിപാടികളും ശുചിത്വ കാമ്പയിനും തുടങ്ങേണ്ടതുണ്ട്. വയോജന പരിപാലനത്തിനായി പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ വിഭാവനം ചെയ്തതുപോലെ താലൂക്ക്-ജില്ലാ ആശുപത്രികളില്‍ വയോജന ക്ലിനിക്കുകള്‍ തുടങ്ങണം. വിധവകളുടെ സംരക്ഷണത്തിനും പദ്ധതികളുണ്ടാകണം. ക്രിട്ടിക്കല്‍ കെയര്‍, മാനസികാരോഗ്യപരിപാലനം, ലഹരി മോചന ക്ലിനിക്കുകള്‍, ഐസൊലേഷന്‍ ചികിത്സ എന്നിവയ്ക്കും അര്‍ഹമായ പരിഗണന നല്‍കണം. നമുക്കാവശ്യമായ ഔഷധങ്ങള്‍ ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കാനാവശ്യമായ ഔഷധ ഗവേഷണ കേന്ദ്രം, വെറ്ററിനറി സര്‍വകലാശാലയുമായി സഹകരിച്ച് ജന്തുജന്യ രോഗ ഗവേഷണ കേന്ദ്രം തുടങ്ങിയവയും വരുംകാലങ്ങളില്‍ കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് മുതല്‍ക്കൂട്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: