ഹൈദരാബാദ്: കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടിയതോടെ വിറളി പിടിച്ചിരിക്കുകയാണ് തെലുങ്കാന മുഖ്യമന്ത്രി കെസിആര്‍ എന്ന കേ. ചന്ദ്രശേഖര റാവു. മുഖ്യന്ത്രി ചന്ദ്രശേഖരറാവുവിന്റെ പാര്‍ട്ടിയായ തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്)യുടെ സീറ്റാണ് ബിജെപി ഈ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്തത്.
കോപമടക്കാന്‍ കഴിയാതെ തിങ്കളാഴ്ച ബിജെപി തെലുങ്കാന സംസ്ഥാനാധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെതിരെ തിങ്കളാഴ്ച ചന്ദ്രശേഖരറാവു പൊട്ടിത്തെറിച്ചു. വായില്‍ തോന്നിയത് പറഞ്ഞാല്‍ നാവരിയുമെന്നായിരുന്നു കെസിആറിന്റെ ഭീഷണി. നെല്‍കൃഷി സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു കെസിആറിന്റെ ഈ ഭീഷണി.
ഹുസൂറബാദ് സീറ്റില്‍ നടന്ന മത്സരത്തില്‍ ബിജെപിയുടെ ഏറ്റാല രാജേന്ദര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. നേരത്തെ ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ വലംകൈയും മുന്‍ ധനകാര്യമന്ത്രിയുമായിരുന്ന എറ്റാല രാജേന്ദറിനെ മന്ത്രിസഭയില്‍ നിന്നും ചന്ദ്രശേഖര റാവു പുറത്താക്കിയിരുന്നു. ഭൂമി പിടിച്ചെടുത്തുവെന്ന കുറ്റമാരോപിച്ചാണ് അന്തസ്സിലാത്ത രീതിയില്‍ ഏറ്റാല രാജേന്ദറിനെ പുറത്താക്കിയത്. ഇതോടെ അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. ഇദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഹുസൂറബാദ് നിയമസഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ നാല് തവണ ഈ മണ്ഡലത്തില്‍ ടിആര്‍എസ് ടിക്കറ്റില്‍ വിജയിച്ച ഏറ്റാല രാജേന്ദര്‍ ഇപ്പോള്‍ ബിജെപി ടിക്കറ്റില്‍ ജയിച്ചുകയറുകയായിരുന്നു.
2020 നവമ്പറില്‍ ഡബ്ബക് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയം നേടിയിരുന്നു. 2020 ഡിസംബറില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപി വന്‍മുന്നേറ്റം നടത്തിയിരുന്നു. 2023ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന്റെ ടിആര്‍എസിന് ഏറ്റവും വലിയ വെല്ലുവിളി ബിജെപിയില്‍ നിന്നാകുമെന്ന് ഇതോടെ ഉറപ്പായി.
തെലുങ്കാനയുടെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് ഹുസൂറബാദില്‍ നടന്നത്. ബിജെപി, ടിആര്‍എസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കള്‍ മുഴുവന്‍ മണ്ഡലത്തില്‍ തമ്പടിച്ചിരുന്നു.
നെല്ല് സംഭരണവിഷയത്തിന്റെ പേരിലായിരുന്നു കെസിആര്‍ ബന്ദി സഞ്ജയ്കുമാറിനെതിരെ ആഞ്ഞടിച്ചത്. എന്നാല്‍ കെസിആര്‍ വഞ്ചകനാണെന്നും ജനങ്ങളെ പറ്റിക്കുകയാണെന്നുമാണ് ബന്ദി സഞ്ജയ് കുമാര്‍ ഇതിന് മറുപടി നല്‍കിയത്. സംസ്ഥാനത്തെ പുഴുക്കലരി വാങ്ങുന്നത് സംബന്ധിച്ച് കെസിആര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബന്ദി സഞ്ജയ് കുമാര്‍ പറഞ്ഞു. “താങ്കള്‍ എങ്ങിനെയാണ് ഒരു ഹിന്ദു ആകുന്നത്? എങ്ങിനെയാണ് ഒരു ദേശഭക്തന് അസാസുദ്ദീന്‍ ഒവൈസിയുടെ എ ഐഎം ഐഎമുമായി സഖ്യമുണ്ടാക്കാന്‍ സാധിക്കുക?”- ബന്ദി സഞ്ജയ്കുമാര്‍ ചോദിച്ചു. ഹുസൂറാബാദ് തെരഞ്ഞെടുപ്പില്‍ 100 കോടിയാണ് കെസിആര്‍ മുടക്കിയത്. വോട്ടര്‍മാര്‍ക്ക് 6000 രൂപ വീതം നല്‍കുകയും ചെയ്തു. എന്നിട്ടെന്തുണ്ടായി- ബന്ദി സഞ്ജയ്കുമാര്‍ ചോദിക്കുന്നു.
ഹുസൂറാബാദിലെ തെരഞ്ഞെടുപ്പ് വിജയം ടിആര്‍എസിന് നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ ബിജെപി വിജയിച്ചതോടെ തെലുങ്കാനയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടമുണ്ടാകുമെന്നുറപ്പായി. ഇതോടെ ചന്ദ്രശേഖരറാവുവിന്റെ ആധിപത്യത്തിന്‍കീഴില്‍ അമര്‍ഷത്തോടെ കഴിയുന്ന കൂടുതല്‍ വിമത നേതാക്കള്‍ ബിജെപിയിലേക്കേ് വന്നേക്കൂം. വരാനിരിക്കുന്ന നാളുകള്‍ ചന്ദ്രശേഖര്‍ റാവുവിന് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: