കൊച്ചി : നടന് ജോജു ജോര്‍ജിന്റെ കാര്‍ തല്ലി തകര്‍ത്ത കേസില്‍ പ്രതികളായ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുള്ള നേതാക്കള്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തി. കേസില്‍ പ്രതികളായ ആറ് നേതാക്കള്‍ കൊട്ടാരം ജങ്ഷനില്‍ നിന്നും പ്രകടന ജാഥയായി മരട് പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേസില്‍ പ്രതികളായവരോട് കീഴടങ്ങാന്‍ എറണാകുളം ഡിസിസി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. സ്റ്റേഷനു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ കോലം കത്തിച്ചു. തുടര്‍ന്ന് പ്രതികള്‍ അല്ലാത്തവരെ മരട് പോലീസ് സ്റ്റേഷനുമുന്നില്‍ ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു.
കീഴടങ്ങിയവരെ തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും. അതിനുശേഷം അഞ്ച് മണിക്ക് മുമ്പായി ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. ജാമ്യമില്ലാക്കുറ്റം ചുമത്തിയിരിക്കുന്നതിനാല്‍ റിമാന്‍ഡില്‍ പോകേണ്ടിവരും. 143, 147, 149, 283, 188, 109, 341, 323, 294 ബി, 427, 506 ഇവയ്ക്കു പുറമെ പിഡിപിപിയുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ജോജു ജോര്‍ജ് മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതാണ്. താരത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ല. പക്ഷപാതമില്ലാതെ ഉദ്യോഗസ്ഥ തലത്തില്‍ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
ജോജു ജോര്‍ജ് സിപിഎമ്മിന്റെ ചട്ടുകമായി മാറി. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ മനപ്പൂര്‍വ്വം പ്രതിഷേധിച്ചതാണ്. ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും മുന്‍ മേയര്‍ ടോണി ചമ്മണി അറിയിച്ചു. ജോജുവിന്റേത് വ്യാജപരാതിയാണ്. കേസില്‍ നിയമപരമായി നേരിടും. ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഐഎം ഓശാരം വാങ്ങിയാണോ ജോജു പ്രവര്‍ത്തിച്ചതെന്നും ടോണി ചമ്മണി ചോദിച്ചു.
വിഷയത്തില്‍ ജോജുവിനെ സിപിഐഎം കരുവാക്കുകയായിരുന്നു. അതില്‍ ഖേദമുണ്ട്. കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ സിപിഐഎം നേതാക്കള്‍ അത് അട്ടിമറിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി അറിയാം. ഉണ്ണികൃഷ്ണന് സിപിഐഎം കുഴലൂത്തുകാരനായി മാറിയെന്നും ടോണി ചമ്മണി പറഞ്ഞു. കീഴടങ്ങുന്നതിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്നിന് കൊച്ചിയില്‍ ഇടപ്പളളി വൈറ്റില ദേശീയ പാത ഉപരോധത്തിനിടെ നടന് ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലാണ് മുന്‍ മേയര്‍ അടക്കമള്ളവരെ പ്രതി ചേര്‍ത്തിരിക്കുന്നത്. രണ്ടുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
അതിനിടെ ജോജുവാണ് കൊച്ചിയില്‍ പ്രശ്നമുണ്ടാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആരോപിച്ചു.നിലവില്‍ ജോജുവിനെതിരെ പരസ്യനിലപാട് എടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ജോജുവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതിപക്ഷ നേതാവിന് കത്തയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: